മെഡ്ജുഗോറിയ, മാതൃസ്‌നേഹത്തിന്റെ സുഗന്ധമുള്ള സ്ഥലമാണത്. അവിടെയെത്തുന്നവര്‍ അറിയാതെതന്നെ വിശുദ്ധ കുമ്പസാരത്തിലേക്ക് നയ്ക്കപ്പെടുന്നതിനാല്‍ ലോകത്തിന്റെ കുമ്പസാരക്കൂടെന്നും അവിടം അറിയപ്പെടുന്നു. ഇന്നാളുകളിലും മെഡ്ജുഗോറിയയില്‍ ദര്‍ശനം നല്കിക്കൊണ്ടിരിക്കുന്ന പരിശുദ്ധ അമ്മ തിന്‍മയെ തോല്പിക്കാനുള്ള അഞ്ച് രഹസ്യങ്ങളാണ് നമുക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നത്. ഗോലിയാത്തിനെ തോല്പിക്കാന്‍ ദാവീദ് സഞ്ചിയില്‍ കരുതിയതുപോലെ അമ്മ സമ്മാനിച്ച ഈ അഞ്ചു കല്ലുകള്‍ മറിയത്തിന്റെ അഞ്ചു കല്ലുകള്‍ എന്ന് അറിയപ്പെടുന്നു.
1. പ്രാര്‍ത്ഥന
ഹൃദയംകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ അമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഹൃദയംകൊണ്ട് പ്രാര്‍ത്ഥിക്കുന്ന വ്യക്തിക്ക് സ്‌നേഹിക്കേണ്ടതെങ്ങനെയന്ന് മനസ്സിലാകും. സ്‌നേഹിക്കുന്ന വ്യക്തിക്ക് പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നും അറിയാം. വൈദികര്‍, സമര്‍പ്പിതര്‍, മാതാപിതാക്കള്‍, യുവജനങ്ങള്‍ തുടങ്ങി സകലര്‍ക്കും പ്രാര്‍ത്ഥന ആവശ്യമാണ്.
2. ഉപവാസം
ദുഃശീലങ്ങള്‍ ഉപേക്ഷിക്കുക, ടെലിവിഷന്‍-സോഷ്യല്‍ മീഡിയ ഉപയോഗം മാറ്റിവയ്ക്കുക, തിന്മനിറഞ്ഞ ചിന്തകള്‍ ഉപേക്ഷിക്കുക തുടങ്ങിയ വിവിധരൂപത്തിലുള്ള ഉപവാസവും അതോടൊപ്പം ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടുള്ള ഉപവാസവുമാണ് നമുക്ക് ശക്തി പകരുന്ന രണ്ടാമത്തെ കല്ല്. ഇത്തരത്തിലുള്ള ഉപവാസംവഴി നമുക്ക് സ്വയത്തില്‍നിന്നും അഹങ്കാരത്തില്‍നിന്നും മോചനം നേടാനും ശക്തി പ്രാപിക്കാനും കഴിയും. ഇതോടുചേര്‍ത്ത് ഓര്‍ക്കേണ്ട ഒരു കാര്യംകൂടിയുണ്ട്, നമ്മുടെ സഹനങ്ങള്‍ സ്‌നേഹപൂര്‍വം നല്കുമെങ്കില്‍ അത് ഈശോക്കുള്ള സമ്മാനമായിരിക്കും.
3. പരിശുദ്ധ കുര്‍ബാന
ബലി ജീവിക്കേണ്ടതെങ്ങനെയെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ എന്നാണ് മാതാവ് ഇതേക്കുറിച്ച് പറയുന്നത്. ദിവ്യബലി ഒരു അനുഷ്ഠാനമല്ല, ഒരു രഹസ്യവും ദൈവത്തിന്റെ സമ്മാനവുമാണ്. എളിമയാല്‍മാത്രമേ അത് മനസ്സിലാക്കാനാവൂ, നമ്മുടെ ദിവ്യനാഥ പറയുന്നു. പരിശുദ്ധ കുര്‍ബാന നമ്മെ രൂപാന്തരപ്പെടുത്തുന്നു. നാം വിശുദ്ധ ബലി ശ്രദ്ധിക്കുകയല്ല ചെയ്യേണ്ടത്, ജീവിക്കുകയാണ്.
4. ദൈവവചനം
ഇന്നത്തെ ക്രൈസ്തവന്‍ കയ്യിലെടുക്കേണ്ട നാലാമത്തെ കല്ല് ദൈവവചനമാണ്. വിശുദ്ധ ബൈബിള്‍ ജനിച്ചത് കര്‍ത്താവിന്റെ ഹൃദയത്തില്‍നിന്നാണ്, അത് അവിടുത്തെ വചനമാണ്. അത് നമ്മുടെ പ്രാര്‍ത്ഥനകളുടെ ഉറവിടമാകണം. ഇന്നത്തെ ലോകം സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളില്‍ ശരിയായ പാത തെളിക്കുന്ന പ്രകാശമാണ് വചനം.
5. വിശുദ്ധ കുമ്പസാരം
നമ്മുടെ പരിശുദ്ധ അമ്മ ആവശ്യപ്പെടുന്നത് മാസത്തിലൊന്നെങ്കിലും കുമ്പസാരിക്കണമെന്നാണ്. എളിമയോടെ കുമ്പസാരക്കൂട്ടിലണയുന്ന ഒരാള്‍ക്ക് മാനസാന്തരമുണ്ടാകും. നന്നായി കുമ്പസാരിക്കാന്‍ പ്രാര്‍ത്ഥനയോടും ഉപവാസത്തോടുംകൂടി ഒരുങ്ങണം. മെഡ്ജുഗോറെയില്‍ എത്തുന്നവര്‍ കുമ്പസാരത്തിനണയുന്നത് അവിടത്തെ അഭിഷേകകാഴ്ചയാണ്.
നമ്മുടെ അമ്മ സമ്മാനിച്ച അഞ്ചു കല്ലുകള്‍ കയ്യിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയം ഉറപ്പാക്കാം.