2014-ല്‍ ഉക്രെയിനിലുണ്ടായ റഷ്യന്‍ അധിനിവേശത്തില്‍ 6000-ത്തിലധികംപേര്‍ വധിക്കപ്പെടുകുയും ഒരു മില്യണിലധികംപേര്‍ പലായനം ചെയ്യുകയുമുണ്ടായി. ജനങ്ങള്‍ അനാഥരും നിസഹായരും ഭയവിഹലരുമായിത്തീര്‍ന്ന കഠിന യാതനയുടെ നാളുകള്‍. ഈ സാഹചര്യത്തില്‍ ഒഡെസ സിംഫെറോപ്പോള്‍ രൂപതയുടെ ബിഷപ് ജയ്‌സെക് പൈല്‍ ഇങ്ങനെ പ്രഖ്യാപിച്ചു: ‘ഞാന്‍ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ വിശ്വസിക്കുന്നു. അതിനാല്‍ ക്രിമിയയില്‍ ധ്യാനാത്മക (contemplative) സന്യാസ സമൂഹം ആരംഭിക്കാന്‍ പോകുന്നു.
” പിന്നീട് ആ സന്യാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലവും അദ്ദേഹം സാക്ഷ്യപ്പെടുത്തി: ‘ഇന്ന് ഉക്രെയ്‌ന്റെ മറ്റുഭാഗങ്ങളില്‍ അസ്വസ്ഥതയും അശാന്തിയും പെരുകുമ്പോള്‍ ക്രിമിയ തികച്ചും ശാന്തമാണ്.’ ഫ്രാന്‍സിസ് പാപ്പാ പറയുന്നു: ”മിണ്ടാമഠങ്ങളില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുന്ന പ്രിയ സിസ്റ്റേഴ്‌സ്, നിങ്ങളില്ലെങ്കില്‍ തിരുസഭയുടെ അവസ്ഥ എന്തായിത്തീരും? ലോകത്തെ ദൈവത്തിലേക്ക് നയിക്കുന്ന ജീവിക്കുന്ന സുവിശേഷങ്ങളാണ് നിങ്ങള്‍. തിരുസഭയ്ക്ക് നിങ്ങള്‍ അത്യാവശ്യമാണ്.
”ലോകത്തെ ഇളക്കിമറിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ മിണ്ടാമഠങ്ങളിലുള്ളവര്‍ എന്നാണ് ഫാ.വില്യം ജോണ്‍സറ്റണ്‍ എസ്.ജെ.യുടെ അഭിപ്രായം. അവരുടെ സാന്നിധ്യം സാത്താന്യ ശക്തികളെ നിര്‍വീര്യമാക്കാന്‍ ശക്തമാണ്. ദൈവസന്നിധിയിലുള്ള അവരുടെ സ്വാധീനം ദൈവകൃപകള്‍ മനുഷ്യരിലെത്തിക്കുകയും സഭയിലും സമൂഹത്തിലും ശാന്തതയും ദൈവസാന്നിധ്യവും പകരുകയും ചെയ്യുന്നുവെന്നത് പല മെത്രാന്മാരുടെയും അനുഭവമാണ്.
ഫോണിക്‌സ് ബിഷപ് ഓംസ്റ്റെഡിന്റെ വാക്കുകള്‍: ‘ഒരു ധ്യാനാത്മക സന്യാസസമൂഹമെങ്കിലും ഇല്ലാത്ത രൂപത, മറ്റെന്തെല്ലാം ഉണ്ടായാലും പ്രാര്‍ത്ഥനയില്‍ ദരിദ്രമായിരിക്കും.’ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ തിരുസഭ പാഷണ്ഡതകളാലും സാമ്രാജ്യശക്തികളാലും ആക്രമിക്കപ്പെട്ടപ്പോള്‍ തകരാതെ ഉയര്‍ത്തിനിര്‍ത്തിയത് സന്യാസാശ്രമങ്ങളില്‍ന്നുയര്‍ന്ന പരിത്യാഗപ്രാര്‍ത്ഥനകളും ദിവ്യകാരുണ്യ ആരാധനകളുമായിരുന്നു.
20 വര്‍ഷം ധ്യാനാത്മക സന്യാസജീവിതം നയിച്ച സ്വീഡനിലെ കര്‍ദിനാള്‍ ആന്‍ഡേഴ്‌സ് അബ്രേലിയസ് സ്മരിക്കുന്നു: ‘ഇവര്‍ മറ്റുള്ളവരില്‍നിന്നും മറഞ്ഞിരിക്കുന്നെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ ആയുധ ശേഖരം സ്വന്തമായുള്ളവരാണ്; അവ ഏറ്റം മികച്ചരീതിയില്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചവരും. അതിനാല്‍ ആര്‍ക്കും ഇവരെ ആക്രമിച്ച് തോല്പിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല. ആ ആയുധങ്ങളാകട്ടെ, പ്രാര്‍ത്ഥനയും പരിത്യാഗവുമാണ്.’
പ്രാര്‍ത്ഥിക്കാത്തവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ പറ്റാത്തവര്‍ക്കും പകരമായി ഇവര്‍ പ്രാര്‍ത്ഥിക്കുന്നു, ആരാധിക്കുന്നു, കൃതജ്ഞതയര്‍പ്പിക്കുന്നു. അനുതപിക്കാത്തവര്‍ക്കുവേണ്ടി ഇവര്‍ അനുതപിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ലോകത്തിന്റെ പാപങ്ങള്‍ക്ക് ദൈവപുത്രനായ യേശുവിന്റെ പീഡകള്‍ സ്വശരീരത്തില്‍ ഏറ്റുവാങ്ങി പരിഹാരമനുഷ്ഠിച്ച് കരുണ യാചിക്കുകയും ചെയ്യുന്നു. ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കാത്തവര്‍ക്കു പകരം ഇവര്‍ ദൈവത്തെ സ്‌നേഹിക്കുന്നു.
അതുകൊണ്ടാണ് ”ആവൃതിക്കുള്ളില്‍ മറഞ്ഞിരുന്ന് പ്രാര്‍ത്ഥിക്കുന്ന സന്യസ്തര്‍ ഭൂമിയിലെ ക്രിസ്തുവിന്റെ മറഞ്ഞിരിക്കുന്ന സാന്നിധ്യങ്ങളാണ്, തിരുസഭയുടെ അമൂല്യ നിധികളാണ്” എന്ന് വിശുദ്ധ ജോണ്‍ പോള്‍ പാപ്പാ പ്രഖ്യാപിച്ചത്. കൊല്ലം ജില്ലയിലെ ഡൊമിനിക്കന്‍ മിണ്ടാമഠത്തിലെ സിസ്റ്റേഴ്‌സുമായി പ്രത്യേക അനുവാദത്തോടെ സംസാരിച്ചപ്പോള്‍, ധ്യാനാത്മക സന്യാസത്തിലൂടെ ബാഹ്യവും ആന്തരികവുമായ നിശബ്ദത ലഭ്യമായതില്‍ സ്വയം നോക്കി അത്ഭുതപ്പെടുന്ന ഏതാനും യുവ സന്യാസിനികളെയാണ് പരിചയപ്പെടാന്‍ കഴിഞ്ഞത്.
അവര്‍ വീട്ടിലെ ഇളയവരും എല്ലാവരുടെയും വാത്സല്യം ഏറ്റുവാങ്ങി, ബഹളംവച്ചു നടന്നവരുമായതിനാല്‍ നിശബ്ദരായിരിക്കുക അചിന്തനീയമായിരുന്നത്രെ. ഇനി ബാഹ്യമായി നിശബ്ദരായാലും പലവിധ ചിന്തകള്‍ ഉള്ളില്‍ ഓടിക്കളിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇന്ന് ക്രിസ്തുവിനോടുകൂടെ അവര്‍ അതിനെ കീഴടക്കിയിരിക്കുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ പലവിചാരം എന്ന പ്രശ്‌നം ഇവര്‍ക്കില്ല. ഏതു പ്രവൃത്തിചെയ്യുമ്പോഴും ആരോടു സംസാരിക്കുമ്പോഴും അവര്‍ക്ക് ഒരു വിചാരമേ ഉള്ളൂ-ദൈവവിചാരം.
കാരണം അവര്‍ എപ്പോഴും ദൈവത്തോടൊപ്പമാണ്. അവരുടെ ഹൃദയം സ്പന്ദിക്കുന്നത് ഈശോയുടെ തിരുഹൃദയത്തിനുള്ളിലാണ്. ഇത് ഒരു ഭാവനയല്ല-അനുഭവമാണവര്‍ക്ക്. ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നത് അവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നു. ലോകത്തില്‍നിന്ന് സ്വയം വിടുവിച്ച് ദൈവത്തോടൊപ്പം സദാ ആയിരിക്കാന്‍ അവിടുന്ന് നമ്മെ ക്ഷണിക്കുന്നുണ്ട്. ”ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്ക് കൊണ്ടുവരും. അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും” എന്ന ഹോസിയ 2:14-ലെ ക്ഷണംതന്നെയാണ് അത്.
ഈശോയില്‍ ലയിച്ച്, ആ സ്‌നേഹത്തില്‍ ആയിരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യുന്നതാണ് ധ്യാനാത്മക പ്രാര്‍ത്ഥന. അവിടെ വാക്കുകളില്ല, ഭാവനയോ ആശയങ്ങളോ ഇല്ല; ദൈവത്തിന്റെ ഹൃദ്യമായ സാന്നിധ്യം മാത്രം. സങ്കീര്‍ത്തകന്‍ ആ സ്‌നേഹമാധുര്യം ആസ്വദിക്കാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ: ‘ഒരു കാര്യംമാത്രം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും അവിടുത്തെ ഹിതം ആരായാനുംവേണ്ടി ജീവിതകാലംമുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ'(27:4).
ഈ മാധുര്യം ആസ്വദിക്കുന്നതിനുവേണ്ടിയാണ് മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും സ്‌നേഹവും അടുപ്പവും വേണ്ടെന്നുവച്ച്, എതിര്‍പ്പുകളും പ്രതിബന്ധങ്ങളും തരണംചെയ്ത് അനേകര്‍ മിണ്ടാമഠങ്ങള്‍ക്കുള്ളില്‍ സ്വയം ഒളിപ്പിക്കുന്നത്. ‘എല്ലാം ഉപേക്ഷിച്ച് ദൈവത്തോടു ചേരുന്നതിന്റെ ആനന്ദം നിങ്ങള്‍ക്ക് ഒരിക്കലും മനസിലാകില്ല’ എന്നാണ് അവര്‍ നമ്മോടു പറയുന്നത്. ലോകവുമായി ബന്ധമില്ലെങ്കിലും മനുഷ്യരുടെ വേദനകള്‍ മനസിലാക്കുകയും അവരെ ഏറ്റവുമധികം സഹായിക്കുകയും ചെയ്യുന്നവരാണ് ഇവര്‍.
എങ്ങനെയെന്നല്ലേ? ഇവരില്‍ ഏറെപ്പേരും ആഴമായ ആദ്ധ്യാത്മിക ജീവിതം നയിക്കുന്നവരും മിസ്റ്റിക്കുകളുമാണ്. മറ്റേതൊരു സമൂഹത്തിലുമെന്നതിനെക്കാള്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ ഇവരില്‍ സമൃദ്ധമായുണ്ട്. ലോകത്തിന്റെ, തിരുസഭയുടെ, മറ്റു മനുഷ്യരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിശുദ്ധാത്മാവുതന്നെ അവര്‍ക്ക് വെളിപ്പെടുത്തുകയും അവര്‍ ദൈവാരൂപിയുടെ നിര്‍ദേശാനുസൃതം മധ്യസ്ഥപ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. പ്രളയവും നിപ്പയുംപോലുള്ള ദുരന്തങ്ങളിലും തിരുസഭയ്‌ക്കെതിരെ തിന്മ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും ഇവര്‍ രാവും പകലും ഒരുപോലെ ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ നിലവിളിച്ചു. ഭക്ഷണവും ഉറക്കവും വിശ്രമവും അവര്‍ മറക്കുന്നു.
പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ മാത്രമല്ല, ഫലങ്ങളും ഇവിടെ സമൃദ്ധമാണ്. എല്ലാവരുടെയും വ്യക്തിത്വങ്ങളില്‍ കുറവുകള്‍ ഉണ്ടല്ലോ. ആ കുറവുകള്‍ സമൂഹജീവിതത്തെയാണ് ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ ധ്യാനാത്മക സമൂഹങ്ങള്‍ അത്തരം കുറവുകള്‍ അനുഗ്രഹങ്ങളാക്കി മാറ്റുന്നു. ഉദാഹരണത്തിന് ഒരു വ്യക്തി ക്ഷിപ്രകോപിയെങ്കില്‍ അതുമൂലം മറ്റുള്ളവര്‍ക്കുണ്ടാകുന്ന ക്ലേശങ്ങള്‍ അവര്‍ തങ്ങളുടെ വിശുദ്ധീകരണത്തിനായി ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കും.
അതോടൊപ്പംതന്നെ ആ വ്യക്തിയുടെ കുറവ് പരിഹരിക്കപ്പെടുന്നതുവരെ സമൂഹമൊന്നാകെ ത്യാഗപൂര്‍വം പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഇപ്രകാരം എല്ലാവര്‍ക്കുമായി എല്ലാവരും പ്രാര്‍ത്ഥിക്കുന്നതിനാല്‍ ക്രമേണ സമൂഹാംഗങ്ങളെല്ലാവരും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാല്‍ നിറയുന്നു.
പ്രാര്‍ത്ഥനപ്പെട്ടി
ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനാപേക്ഷകള്‍ നിക്ഷേപിക്കുന്നതിന് എല്ലാ കോണ്‍വെന്റുകളിലും മധ്യസ്ഥപ്രാര്‍ത്ഥനാ ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രഹസ്യാത്മകത നഷ്ടമാകാതെ അവര്‍ നിയോഗങ്ങള്‍ ദൈവസന്നിധിയില്‍ ഉയര്‍ത്തുന്നു. ഇപ്രകാരം ദൈവാനുഗ്രഹം ലഭിച്ച നിരവധി സാക്ഷ്യങ്ങളും ഈ പ്രാര്‍ത്ഥനപ്പെട്ടിയില്‍നിന്നും ലഭിക്കുന്നുണ്ട്.
വ്രതങ്ങളുടെ ശക്തി
തിന്മമൂലം ലോകത്തെ നശിപ്പിക്കാന്‍ ദൈവദൂതന്‍ പുറപ്പെടുന്നതും എന്നാല്‍ സമര്‍പ്പിതരുടെ വ്രതനവീകരണം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ഭൂമിക്കുമേല്‍ ദൈവം കാരുണകാണിക്കുന്നതും വിശുദ്ധ ഫൗസ്റ്റീനക്ക് ഈശോ നല്കിയ വെളിപ്പെടുത്തലില്‍ കാണാം. ദൈവനീതിയെ കരുണയായി അലിയിക്കാന്‍ സമര്‍പ്പിതരുടെ വ്രതനവീകരണത്തിനുപോലും ശക്തിയുണ്ട് എന്നല്ലേ ഈ സംഭവം വ്യക്തമാക്കുന്നത്.
സമര്‍പ്പിത ദൈവവിളികള്‍ കുറയുന്നുവെന്ന് ഇക്കാലത്ത് ആക്ഷേപമുയരുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളില്‍ ധ്യാനാത്മക സന്യാസിനിമാരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2017-ലെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലെ ഒരു മിണ്ടാമഠത്തില്‍ മാത്രം വ്രതംചെയ്തത് 40 പേരാണ്.
ലോകസുഖങ്ങളുടെയും തിന്മയുടെയും വശീകരണത്തില്‍പെട്ട് ദൈവമക്കള്‍ നാശത്തിലേക്ക് കുതിക്കുമ്പോള്‍ സുവിശേഷപ്രഘോഷണവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സമര്‍പ്പിതരും അത്മായരുമെല്ലാം ഓടിനടക്കുമ്പോള്‍ ഒന്നും ചെയ്യാതെ പ്രാര്‍ത്ഥിച്ചിരുന്നിട്ട് എന്തുകാര്യം എന്ന ചോദ്യം ഉയരുന്നുണ്ട്.
ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു: വചനപ്രഘോഷണവും അത്ഭുതപ്രവര്‍ത്തനവും വഴി വളരെയധികം ആത്മാക്കള്‍ രക്ഷപ്രാപിക്കുന്നു. എന്നാല്‍ അവയെക്കാള്‍-അഥവാ ഏറ്റവും അധികം ആത്മാക്കള്‍ രക്ഷപ്രാപിക്കുന്നത് സ്‌നേഹത്തോടെ പരിഹാരമനുഷ്ഠിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയിലൂടെയാണ്.
ഇവ മൂന്നും ശ്രേഷ്ഠമാണ്, അത്യാവശ്യവുമാണ്. എന്നാല്‍ മൂന്നാമത്തേതാണ് കൂടുതല്‍ ഫലദായകമെന്നുമാത്രം. അതിന് മറ്റൊരു കാരണംവിശുദ്ധ ജോണ്‍ പോള്‍ പാപ്പാ പറയുന്നു: ധ്യാനാത്മക സന്യാസിനികള്‍ ക്രിസ്തുവിന്റെ ഹൃദയമാണ്. ഹൃദയമില്ലെങ്കില്‍… അത് നിശ്ചലമായാല്‍…. പ്രവര്‍ത്തനം കുറഞ്ഞാല്‍… രോഗഗ്രസ്ഥമെങ്കില്‍….
ക്രിസ്തുവിന്റെ ഹൃദയമാകാന്‍ അവിടുത്തെ ഹൃദയത്തില്‍ സ്വയം മറയുന്ന ഇവര്‍ നമുക്കൊരു വെല്ലുവിളിയല്ലേ?
ആല്‍ബര്‍ട്ടൊ