എന്റെ സ്വപ്നവും സ്വര്‍ഗത്തിലെ നിക്ഷേപവും

കുറച്ചു നാളുകള്‍ക്കുമുമ്പ് എനിക്കൊരു സ്വപ്നമുണ്ടായി. ഞാന്‍ മരിച്ചു. ഞങ്ങളുടെ വീട്ടിലെ സ്വീകരണമുറിയില്‍ ശവപ്പെട്ടിയില്‍ എന്നെ കിടത്തുന്ന തിരക്കിലാണ് എല്ലാവരും. തല ഏതു വശത്തേക്കാണ് വയ്‌ക്കേണ്ടത് എന്നൊക്കെ ആളുകള്‍ തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടു. ഇനി തല ഏതു വശത്തേക്ക് വച്ചാലും എനിക്ക് പ്രശ്‌നമില്ല. സ്വര്‍ഗത്തില്‍ എത്താനുള്ള സമ്പാദ്യം എനിക്കുണ്ടോ എന്നൊക്കെ ചിന്തിച്ച് ഞാന്‍ പെട്ടിയില്‍ കണ്ണടച്ച് കിടന്നു.

ശവസംസ്‌കാരത്തിനുള്ള സമയമൊക്കെ തീരുമാനിച്ചു കാണും, നാളത്തെ പത്രത്തില്‍ ചരമവാര്‍ത്ത ഇട്ടു കാണും… അങ്ങനെ എന്റെ ചിന്തകള്‍ കടന്നുപോയി. പെട്ടെന്ന് ഉറക്കം തെളിഞ്ഞു, സ്വപ്നം തീര്‍ന്നു. ഞാന്‍ ഈശോയോട് പ്രാര്‍ത്ഥിച്ചു: ”കര്‍ത്താവേ, എന്തിനാണ് ഈ സ്വപ്നം കാണിച്ചുതന്നത്?” ഈശോ ഉത്തരം തന്നു. നീ മരിച്ചാലുടനെ ലോകത്തില്‍ ജീവിച്ചിരിക്കുന്നവര്‍ നിന്റെ ആത്മരക്ഷയെക്കാള്‍ പ്രാധാന്യം ശവസംസ്‌കാരം കേമമായി നടത്തുന്നതിനും വരുന്ന ആളുകളെ സ്വീകരിക്കുന്നതിനുമൊക്കെ കൊടുക്കും.

വൈദികര്‍ ഒപ്പീസു ചൊല്ലി പ്രാര്‍ത്ഥിക്കും. വരുന്നവര്‍ അടുത്തിരുന്ന ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഇതുകൊണ്ടൊന്നും നിന്റെ ആത്മരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നിത്യജീവനിലേക്ക് പ്രവേശിക്കാന്‍ വേണ്ടുന്നതൊക്കെ ചെയ്യണം. ബലിയര്‍പ്പണം, ദാനധര്‍മം, പുണ്യപ്രവൃത്തികള്‍, പരിഹാരപ്രവൃത്തികള്‍ ഒക്കെ ചെയ്ത് സ്വര്‍ഗത്തില്‍ നിക്ഷേപം കൂട്ടിവയ്ക്കാന്‍ പരിശ്രമിക്കുക.

എന്റെ ഒരു സഹോദരി ഏതാണ്ട് രണ്ടുവര്‍ഷംമുമ്പ് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. മരിച്ചു കഴിഞ്ഞ് ശുദ്ധീകരണസ്ഥലത്തു കിടന്ന് മക്കളുടെ പ്രാര്‍ത്ഥനയും ബലിയര്‍പ്പണവും ദാനധര്‍മവുമൊക്കെ നോക്കിയിരിക്കേണ്ട കാര്യമുണ്ടോ? ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. നിത്യജീവന്‍ അവകാശമാക്കുക. നമ്മുടെ മാതാപിതാക്കള്‍ അങ്ങനെ ചെയ്തല്ലോ. ഇത് വളരെ അര്‍ത്ഥവത്തായി എനിക്ക് തോന്നി.

ആത്മീയ മനുഷ്യരാണെന്ന് കരുതുന്നവര്‍പോലും അനുദിന ജീവിതത്തില്‍ ലോകസുഖങ്ങള്‍ക്കും ലോകത്തിന്റെ അഭിപ്രായങ്ങള്‍ക്കും വിലകൊടുക്കുന്നുണ്ട്. സ്വന്തം കാര്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നു, ഉപവസിക്കുന്നു, നോമ്പെടുക്കുന്നു. എന്നാല്‍ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു,

”ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍, നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15:19). അതിനാല്‍ സ്വന്തം ആത്മരക്ഷയ്ക്കുവേണ്ടി സഹനങ്ങള്‍, ത്യാഗങ്ങള്‍ ഒക്കെ കാഴ്ചവച്ച് നാം പ്രയത്‌നിക്കേണ്ടതല്ലേ. നമ്മുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നമ്മുടെ ഹൃദയവും.

മത്തായി 13:44-52 വരെ വചനങ്ങളില്‍ നാം കാണുന്നതിങ്ങനെയാണ്. സ്വര്‍ഗരാജ്യം വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്ക് തുല്യം. അതു കണ്ടെത്തുന്നവര്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. നമുക്കുള്ളതിനോടെല്ലാം ഒരു വിടുതല്‍ ഉണ്ടെങ്കിലേ, സ്വര്‍ഗരാജ്യത്തിനുവേണ്ടി അധ്വാനിക്കുവാന്‍ സമയം കിട്ടുകയുള്ളൂ. ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ പരലോക ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നമ്മെ ഭരിക്കണം. അതിനുവേണ്ടി സ്വര്‍ഗത്തില്‍ സമ്പാദ്യം കരുതിവയ്ക്കണം.

സ്‌നേഹം നമ്മുടെ നിരവധിയായ പാപങ്ങള്‍ മായിച്ചുകളയുന്നു. നമുക്ക് പരസ്പരം സ്‌നേഹിക്കാം. ഈ കല്പന പാലിക്കാന്‍ നമുക്ക് വളരെ എളുപ്പമാണ്. മറ്റുള്ളവരെയോര്‍ത്ത് ഈശോയ്ക്ക് നന്ദിയര്‍പ്പിക്കാം. അപ്പോള്‍ ഈശോയുടെ സ്‌നേഹത്താല്‍ നാമും അവരും നിറയും. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങള്‍ നമ്മുടെ ആത്മരക്ഷയ്ക്കുവേണ്ടിയും സഹനം തന്നവരുടെ ആത്മരക്ഷയ്ക്കുവേണ്ടിയും നമുക്ക് ഉപയോഗിക്കാം.

ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മം നമ്മെ പാപത്തില്‍നിന്നകറ്റുന്നു. ഇനി എത്രനാള്‍ നമ്മുടെ ജീവിതം നീളുമെന്നറിയില്ല. പശ്ചാത്താപത്തോടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അടുക്കലടുക്കല്‍ കുമ്പസാരിച്ച് വിശുദ്ധിയില്‍ ജീവിക്കാം.

മറ്റുള്ളവരോട് എപ്പോഴും രമ്യതയില്‍ ആയിരിക്കാം.
ലോകമെമ്പാടും ഓരോ മണിക്കൂറിലും നടക്കുന്ന ബലിയര്‍പ്പണത്തില്‍ ചിന്തപ്പെടുന്ന ഈശോയുടെ തിരുരക്തം മക്കളായ നമുക്ക് അവകാശപ്പെട്ട് ചോദിക്കാം, നമ്മെ കഴുകി വിശുദ്ധീകരിക്കണേയെന്ന്. ഒപ്പം ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി ഈ തിരുരക്തം നിത്യപിതാവിന് സമര്‍പ്പിക്കാം. രക്ഷപ്പെട്ട ആത്മാക്കള്‍ നമുക്കുവേണ്ടിയും പ്രാര്‍ത്ഥിക്കും.

കൊളോസോസ് 3:1-2-ല്‍ നാം വായിക്കുന്നതിങ്ങനെയാണ്, ”ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.”


റോസമ്മ ജോസഫ് പുല്‍പ്പേല്‍

Leave a Reply

Your email address will not be published. Required fields are marked *