കൊള്ളക്കാരന്റെ കുരിശ്

മൂന്നാം നൂറ്റാണ്ടില്‍ ഏഷ്യാ മൈനറില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് ക്രിസ്റ്റഫര്‍. അരോഗദൃഢഗാത്രനായ ഒരു ആജാനുബാഹുവായിരുന്നു ക്രിസ്റ്റഫര്‍. ഓഫറസ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. ഏറ്റവും ശക്തനായ യജമാനനെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്ന ക്രിസ്റ്റഫര്‍ സാത്താനെയാണ് ആദ്യ കാലങ്ങളില്‍ സേവിച്ചിരുന്നത്. തന്റെ ആരോഗ്യവും ശക്തിയുമെല്ലാം യാത്രക്കാരെ കൊള്ളയടിക്കാനാണ് അന്ന് അദ്ദേഹം ഉപയോഗിച്ചത്.

കുരിശിന്റെ മുമ്പില്‍ സാത്താന്‍ ഭയന്നുവിറയ്ക്കുന്നതായി ക്രിസ്റ്റഫര്‍ മനസിലാക്കിയതോടെയാണ് ദൈവത്തിന്റെ അപരിമേയമായ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞത്. അങ്ങനെ അദ്ദേഹം ദൈവത്തിലേക്ക് തിരിഞ്ഞു. വിശുദ്ധനായ ഒരു സന്യാസിയുടെ ഉപദേശം സ്വീകരിച്ച് അദ്ദേഹം തന്റെ പാപമാര്‍ഗങ്ങള്‍ ഉപേക്ഷിച്ചു. ജീവന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന്റെയും യഥാര്‍ത്ഥ ഉടയവനായ ദൈവത്തെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം തന്നെത്തന്നെ ദൈവത്തിനായി സമര്‍പ്പിച്ചു.

ഒരു നദിക്ക് സമീപം ചെറിയ കുടില്‍ കെട്ടി യാത്രക്കാരെ നദി കടക്കാന്‍ സഹായിക്കുന്ന ജോലിയാണ് അദ്ദേഹം ഏറ്റെടുത്തത്.
ഉണ്ണീശോ ഒരിക്കല്‍ അദ്ദേഹത്തിന്റെ പക്കല്‍ നദി കടക്കാന്‍ എത്തി. ഈ കുട്ടിയെയും തോളില്‍ വഹിച്ചുകൊണ്ട് നദി കടക്കുന്ന വേളയില്‍ കുട്ടിയുടെ ഭാരം ക്രമാതീതമായി വര്‍ദ്ധിച്ചെന്നും ലോകത്തിന്റെ മുഴുവന്‍ ഭാരം വഹിക്കുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ക്രിസ്റ്റഫര്‍ കുട്ടിയോട് പറഞ്ഞെന്നും അദ്ദേഹത്തിന്റെ ജീവിതകഥയില്‍ പറയുന്നു.

ലോകത്തിന്റെ മുഴുവന്‍ ഭാരമല്ല ലോകം മുഴുവന്‍ സൃഷ്ടിച്ചവനെ തന്നെയാണ് വഹിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഈശോ ക്രിസ്റ്റഫറിന് തന്നെത്തന്നെ വെളിപ്പെടുത്തിയത്. നദിയുടെ മറുകരെ ചെല്ലുമ്പോള്‍ കൈയിലുള്ള വടി അവിടെ നാട്ടണമെന്നും അത് ഫലം പുറപ്പെടുവിക്കുമെന്നും ഈശോ ക്രിസ്റ്റഫറിനോട് പറഞ്ഞു. അതനുസരിച്ച് വടി മറുകരയില്‍ നാട്ടിയപ്പോള്‍ അത് പൂവും ഫലങ്ങളും പുറപ്പെടുവിച്ചു.

ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായ ലൈസിയയില്‍ എഡി 251-നോട് അടുത്ത കാലഘട്ടത്തില്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ചക്രവര്‍ത്തിയായ ഡെസിയസിന്റെ നിര്‍ദേശപ്രകാരമാണ് ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ശിരച്ഛേദം ചെയ്തത്.
ക്രിസ്തുവിനെ വഹിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള പേരിന്റെ ഉടമയായ വിശുദ്ധ ക്രിസ്റ്റഫര്‍ യാത്രക്കാരുടെ പ്രത്യേക മധ്യസ്ഥനായാണ് വണങ്ങപ്പെടുന്നത്. യാത്രക്കാരെ കൊള്ളയടിച്ചിരുന്ന ആളില്‍നിന്ന് യാത്രക്കാരുടെ മധ്യസ്ഥനായി മാറിയ അദ്ദേഹത്തിന്റെ ജീവിതകഥ ദൈവസ്‌നേഹത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


രഞ്ജിത് ലോറന്‍സ്

Leave a Reply

Your email address will not be published. Required fields are marked *