കുമ്പസാരിച്ചവര്‍ക്കും ശിക്ഷയുണ്ടോ?

പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിച്ചാലും, പാപഫലങ്ങള്‍ നിലനില്ക്കുന്നു  എന്നും തന്മൂലം ആത്മാവ് ശുദ്ധീകരണസ്ഥലത്ത് പീഡകള്‍ സഹിക്കേണ്ടി
വരുമെന്നും അറിയുന്നു. ഇത് ശരിയാണോ?

ഗീതാ മാനുവല്‍, കൊച്ചി

എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ഈ ചോദ്യം ചോദിച്ച ഗീതാ മാനുവല്‍ എന്ന സഹോദരിക്ക് അഭിനന്ദനങ്ങള്‍!
മനുഷ്യര്‍ ചെയ്യുന്ന പാപങ്ങളെ രണ്ട് വിഭാഗമായി തിരിച്ചിരിക്കുകയാണ്. ഒന്ന്, മാരക പാപങ്ങള്‍ അഥവാ ചാവുദോഷം. രണ്ട് ലഘുവായ പാപങ്ങള്‍ അഥവാ പാപദോഷം. ചാവുദോഷത്തോടെ മരിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നത് നരകശിക്ഷയായിരിക്കും. ലഘുവായ പാപത്തോടെ മരിക്കുന്നവര്‍ക്ക് ലഭിക്കുന്നത് ശുദ്ധീകരണ സ്ഥലവും. ലഘുപാപങ്ങളുടെ തോതനുസരിച്ച് കുറഞ്ഞതോ കൂടിയതോ ആയ കാലത്തെ ശുദ്ധീകരണ അനുഭവത്തിനുശേഷം അവര്‍ സ്വര്‍ഗത്തിലെത്തും.

പാപത്തിന് രണ്ടുതരം ശിക്ഷകളാണ് ഉള്ളത്. നിത്യശിക്ഷയും കാലിക (താല്‍ക്കാലിക) ശിക്ഷയും. ഓരോ പാപവും ദൈവത്തിനും മനുഷ്യര്‍ക്കും എതിരായ പ്രവൃത്തിയാണ്. അത് ദൈവത്തിന് എതിരാകയാല്‍ പാപമാണ്; മനുഷ്യര്‍ക്ക് എതിരാകയാല്‍ കുറ്റവുമാണ്. കുമ്പസാരത്തില്‍ പാപം ക്ഷമിക്കപ്പെടുന്നു, നിത്യശിക്ഷ ഒഴിവാകുന്നു. പാപത്തിന്റെ ശിക്ഷയും ഇളച്ചുകിട്ടുന്നു. എന്നാല്‍ ആ പാപം മനുഷ്യര്‍ക്കുകൂടി എതിരായ പ്രവൃത്തി ആകയാല്‍ അതിന് പരിഹാരം ഉണ്ടാകണം.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 1472-ല്‍ പറയുന്നു: ”തീക്ഷ്ണമായ സ്‌നേഹത്തില്‍നിന്ന് പുറപ്പെടുന്ന മാനസാന്തരത്തിന് ഒരു ശിക്ഷയും അവശേഷിക്കാത്തവിധം പാപിയുടെ സമ്പൂര്‍ണമായ ശുദ്ധീകരണം നേടാന്‍ കഴിയും.” എന്നാല്‍ അത്രമാത്രം തീക്ഷ്ണമായ സ്‌നേഹത്തില്‍നിന്ന് പുറപ്പെടുന്ന മാനസാന്തരം എത്രപേര്‍ക്ക് ഉണ്ട്? അതിനാല്‍ മതബോധനഗ്രന്ഥം 1473-ല്‍ പറയുന്നു: ‘പാപത്തിന്റെ മോചനവും ദൈവവുമായുള്ള ഐക്യത്തിന്റെ പുനഃസ്ഥാപനവും പാപത്തിന്റെ നിത്യശിക്ഷയുടെ ഇളവുചെയ്യല്‍ ഉള്‍ക്കൊള്ളുന്നതാണ്.

പക്ഷേ, പാപത്തിന്റെ ഈ കാലികശിക്ഷ അവശേഷിക്കുന്നു.’ ശുദ്ധീകരണസ്ഥലം പാപത്തിന്റെ കാലികശിക്ഷയില്‍നിന്ന് ഒരുവനെ സ്വതന്ത്രനാക്കുന്നു എന്ന് മതബോധനഗ്രന്ഥം 1472-ല്‍ പറയുന്നുണ്ട്. മതബോധനഗ്രന്ഥം 1471-ല്‍ ദണ്ഡവിമോചനത്തെപ്പറ്റി പറയുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ്: ‘അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവു ചെയ്യലാണ് ദണ്ഡവിമോചനം.’ ഈ ലോകത്തില്‍വച്ചോ മരണാനന്തര ശുദ്ധീകരണ സ്ഥലത്തുവച്ചോ അതില്‍നിന്ന് ശുദ്ധീകരിക്കപ്പെടണം. ജീവിച്ചിരിക്കുന്ന കാലത്ത് ചിലപ്പോള്‍ അധികസഹനങ്ങള്‍ തന്നുകൊണ്ട് ദൈവം ഈ ശുദ്ധീകരണം പൂര്‍ണമായോ ഭാഗികമായോ നിറവേറ്റിയെന്നുവരാം.

ഈ കാലികശിക്ഷ ഒഴിവാക്കുവാനോ കുറയ്ക്കുവാനോ നമുക്ക് കഴിയും. അതിന് രണ്ടു മാര്‍ഗങ്ങളാണുള്ളത്. ഒന്ന്, നമ്മള്‍ അധിക പ്രായശ്ചിത്തവും പുണ്യപ്രവൃത്തികളും ചെയ്തുകൊണ്ട്. രണ്ട്, ദണ്ഡവിമോചനം പ്രാപിച്ചുകൊണ്ട്. കുമ്പസാരത്തില്‍ നിര്‍ദേശിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുമ്പോള്‍ കുമ്പസാരം പൂര്‍ണമായി. എന്നാല്‍ അവശേഷിക്കുന്ന കാലികശിക്ഷയ്ക്ക് പരിഹാരമായി നമുക്ക് അധിക പ്രായശ്ചിത്തങ്ങളും പുണ്യപ്രവൃത്തികളും ചെയ്ത് കാഴ്ചവയ്ക്കാന്‍ കഴിയും.

ഉദാഹരണങ്ങള്‍ പറയാം: എന്റെ പാപത്തിന് പരിഹാരമായിട്ട് എന്ന നിയോഗത്തോടെ ഞാന്‍ ഉപവസിക്കുമ്പോള്‍, അഥവാ ഒരു നേരത്തെ ഭക്ഷണം വേണ്ടെന്ന് വയ്ക്കുമ്പോള്‍, ഇരുന്നുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതിനുപകരം മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിച്ച് ത്യാഗം ചെയ്യുമ്പോള്‍, ആശയടക്കങ്ങള്‍ ചെയ്യുമ്പോള്‍, മറ്റുള്ളവര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുമ്പോള്‍, പരോപകാര പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, മറ്റുള്ളവരെ സഹായിക്കുമ്പോള്‍- എല്ലാം നമ്മള്‍ കാലികശിക്ഷയ്ക്ക് പരിഹാരം ചെയ്യുകയാണ്. അതായത് കാലികശിക്ഷയ്ക്ക് പരിഹാരമായി പ്രാര്‍ത്ഥന, പരോപകാരപ്രവൃത്തികള്‍, ആശയടക്കങ്ങള്‍, ത്യാഗപ്രവൃത്തികള്‍, ദാനധര്‍മങ്ങള്‍ എന്നിവ നടത്തുവാന്‍ നമുക്ക് കഴിയും.

രണ്ടാമത്തേത്, ദണ്ഡവിമോചനം പ്രാപിക്കുക എന്നതാണ്. ദണ്ഡിക്കുക എന്നുവച്ചാല്‍ പീഡിപ്പിക്കുക എന്നാണര്‍ത്ഥം. അപ്പോള്‍ ദണ്ഡവിമോചനം എന്നുവച്ചാല്‍ ശുദ്ധീകരണസ്ഥലത്തെ പീഡനത്തില്‍നിന്നുള്ള മോചനം എന്ന് അര്‍ത്ഥം. പൂര്‍ണ ദണ്ഡവിമോചനവും അപൂര്‍ണ ദണ്ഡവിമോചനവും ഉണ്ട്. പൂര്‍ണ ദണ്ഡവിമോചനം പ്രാപിച്ചാല്‍ അന്നുവരെയുള്ള കാലികശിക്ഷയില്‍നിന്നും പൂര്‍ണമായും മോചനം ലഭിക്കും. ദണ്ഡവിമോചനം പ്രാപിക്കുവാന്‍ ധാരാളം അവസരങ്ങള്‍ സഭയിലുണ്ട്. അര മണിക്കൂറെങ്കിലും ആരാധന നടത്തുക, അരമണിക്കൂറെങ്കിലും ബൈബിള്‍ വായിക്കുക, സമൂഹത്തില്‍വച്ച് (പള്ളി, ആശ്രമം, വീട്, ഭക്തസംഘടനകള്‍ തുടങ്ങിയവ), ജപമാല ചൊല്ലുക, കുരിശിന്റെ വഴി നടത്തുക എന്നിവയെല്ലാം ദണ്ഡവിമോചനം പ്രാപിക്കാവുന്ന അവസരങ്ങളാണ്.

പക്ഷേ, താഴെ പറയുന്ന വ്യവസ്ഥകളോടെ അവ ചെയ്യണം: കുമ്പസാരിച്ച് പ്രസാദവരാവസ്ഥയിലായിരിക്കണം. കുമ്പസാരം ഈ ഭക്താഭ്യാസം ചെയ്യുന്ന അന്നുതന്നെ വേണമെന്നില്ല. ദിവ്യകാരുണ്യം സ്വീകരിച്ചിരിക്കണം. പാപം ഉപേക്ഷിക്കാന്‍ ഒരു തീരുമാനം ഉണ്ടാകണം. മാര്‍പാപ്പയുടെ നിയോഗത്തിനായി 1 സ്വര്‍ഗസ്ഥനായ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ എന്നിവ ചൊല്ലണം. ഇത്രയും ചെയ്തുകൊണ്ട് ഭക്തകൃത്യം ചെയ്താല്‍ പൂര്‍ണ ദണ്ഡവിമോചനം. ഇല്ലെങ്കില്‍ അപൂര്‍ണ ദണ്ഡവിമോചനം.

ശ്രദ്ധേയമായ ഒരു കാര്യം കൂടിയുണ്ട്. ശുദ്ധീകരണത്തില്‍ കിടക്കുന്ന ആത്മാക്കള്‍ക്കുവേണ്ടി നമുക്ക് ദണ്ഡവിമോചനം നേടാം (മതബോധനഗ്രന്ഥം 1471). അങ്ങനെ നമുക്കുവേണ്ടിയും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടിയും ദണ്ഡവിമോചനം നേടി നമ്മുടെയും അവരുടെയും ശുദ്ധീകരണകാലം കുറക്കാന്‍ നമുക്ക് കഴിയും.

ഫാ. ജോസഫ് വയലില്‍ സി.എം.ഐ.

 

 

Leave a Reply

Your email address will not be published. Required fields are marked *