‘സ്വര്‍ഗ്ഗീയ ക്യാമറ’ ഒപ്പിയെടുത്തത്…

ഏതാണ്ട് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് മെക്‌സിക്കന്‍ കര്‍ഷകനായ ജൂവാന്‍ ഡിയാഗോക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. പ്രത്യക്ഷീകരണം നടന്ന സ്ഥലത്ത് ഒരു ദൈവാലയം നിര്‍മ്മിക്കണമെന്ന് ബിഷപ്പിനോട് ആവശ്യപ്പെടാന്‍ പരിശുദ്ധ കന്യക അദ്ദേഹത്തോട് നിര്‍ദേശിച്ചു.

ഇക്കാര്യം ബിഷപ്പിനോട് അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം അത് വിശ്വസിക്കുന്നതിനായി, അക്കാലത്ത് വിരിയാറില്ലാത്ത അതിമനോഹരങ്ങളായ റോസാപ്പൂക്കള്‍ ജൂവാന്റെ മേല്‍വസ്ത്രമായ ‘ടില്‍മ’യില്‍ നിറച്ചുകൊടുത്താണ് പരിശുദ്ധ കന്യക അവനെ പറഞ്ഞയച്ചത്. ബിഷപ്പിനടുത്തെത്തിയ ജൂവാന്‍ റോസാപ്പൂക്കള്‍ താഴേക്ക് ചൊരിഞ്ഞപ്പോള്‍ ടില്‍മയില്‍ പരിശുദ്ധ കന്യകയുടെ അത്ഭുതചിത്രം പതിഞ്ഞിരിക്കുന്നതായി അവിടെയുണ്ടായിരുന്ന എല്ലാവരും കണ്ടു. ഇന്നും ആ ചിത്രം ഗ്വാഡലൂപ്പെയില്‍ സൂക്ഷിച്ചിരിക്കുന്നു.

ടോണ്‍സ്മാന്‍ എന്ന ശാസ്ത്രജഞന്‍ ഈ ചിത്രത്തില്‍ സൂക്ഷ്മമായ പഠനങ്ങള്‍ നടത്തി. അതില്‍നിന്ന് വെളിവായ ജീവസ്സുറ്റ ഒരു രഹസ്യം ഇതായിരുന്നു. ജീവനുളള ഒരു വ്യക്തിയുടെ കണ്ണുകളില്‍ കാണപ്പെടുന്നതുപോലുള്ള ഒരു പ്രതിബിംബം ചിത്രത്തിലെ മാതാവിന്റെ കണ്ണുകളില്‍ വ്യക്തമായി കാണാന്‍ സാധിക്കും.

ബിഷപ്പിനു മുന്നില്‍വച്ചു നടന്ന ദൃശ്യം പരിശുദ്ധ കന്യക കാണുന്നതായാണ് ചിത്രത്തിലെ കണ്ണുകളിലെ പ്രതിബിംബത്തില്‍ നാം ദര്‍ശിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, ആ ദൃശ്യം ഒരു ‘സ്വര്‍ഗ്ഗീയ ക്യാമറ’ ഒപ്പിയെടുത്ത് ജൂവാന്റെ ടില്‍മയില്‍ പതിപ്പിക്കുകയായിരുന്നു!

മാത്രവുമല്ല, ഈ ചിത്രം ബ്രഷിനാല്‍ വരച്ചതല്ല എന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. നാളുകള്‍ക്കകം ജീര്‍ണ്ണിച്ചില്ലാതാകേണ്ട ടില്‍മ ഇന്നും ഒരു കേടും വരാതെ ഇരിക്കുന്നു. ചിത്രത്തില്‍ പതിഞ്ഞിരിക്കുന്ന രൂപത്തിന് ഒരു മനുഷ്യശരീരത്തിന്റേതായ എല്ല സവിശേഷതകളും ഉണ്ടെന്നും പഠനങ്ങള്‍ തെളിയിച്ചു. അതെ, ഗ്വാഡലൂപ്പെയിലെ കന്യക നമ്മെ സ്വര്‍ഗ്ഗത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *