ഇപ്പോള്‍ ദൈവം ആവശ്യപ്പെടുന്നത്‌

ആ യുവ വൈദികന്റെ മനസുനിറയെ ഭാരമായിരുന്നു. അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും അധ്വാനങ്ങളെല്ലാം വിഫലമാകുന്നതിന്റെ വേദനയും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഒരുദിവസം ആശ്രമം വിട്ട് അദ്ദേഹം വനത്തിലേക്ക് യാത്രയായി. മണ്ണില്‍ മുട്ടുകുത്തി, കരങ്ങള്‍ വിരിച്ച് നിലവിളിച്ച് പ്രാര്‍ത്ഥിക്കാനും വലിയ ദു:ഖത്തോടെ കരയാനും ആരംഭിച്ചു.

മരക്കമ്പും ചമ്മട്ടിയുംകൊണ്ട് ശരീരംമുഴുവന്‍ അടിച്ചു തകര്‍ക്കുകയും കാട്ടുമുള്ളുകളില്‍ കിടന്നുരുളുകയും ചെയ്തുകൊണ്ടിരുന്നു. ഭക്ഷണമോ വെള്ളമോ ഉറക്കമോ ഇല്ലാത്ത, സ്വയം പീഡനത്തിന്റെയും പ്രാര്‍ത്ഥനയുടേതുമായ മൂന്നു ദിനരാത്രങ്ങള്‍… സഹനങ്ങളെല്ലാം യേശുവിന്റെ പീഡാസഹനങ്ങളോടു ചേര്‍ത്ത്, വിശ്വാസം ഉപേക്ഷിച്ചുപോകുന്ന ക്രൈസ്തവ വിശ്വാസികള്‍ക്കും അവരെ വിശ്വാസത്തില്‍നിന്ന് അകറ്റുന്നവര്‍ക്കുംവേണ്ടി സമര്‍പ്പിച്ച് ദൈവത്തിന്റെ കാരുണ്യം യാചിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം ദിവസം പരിശുദ്ധ ദൈവമാതാവ് മൂന്നു മാലാഖമാരോടൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു. അമ്മ ചോദിച്ചു: ”ലോകത്തെ രക്ഷിക്കാന്‍ ഏത് ആയുധം ഉപയോഗിക്കണമെന്നാണ് പരിശുദ്ധ ത്രിത്വം ആഗ്രഹിക്കുന്നത് എന്ന് നിനക്കറിയാമോ?” ‘പരിശുദ്ധ രാജ്ഞിക്ക് അത് കൃത്യമായി അറിയാമല്ലോ’ എന്ന് അദ്ദേഹം പ്രത്യുത്തരിച്ചു.

പരിശുദ്ധ അമ്മ പറഞ്ഞു: ”കഠിന ഹൃദയരായ മനുഷ്യരെ ദൈവത്തിനുവേണ്ടി നേടാന്‍ നീ പരിശുദ്ധ ജപമാലയെക്കുറിച്ച് പ്രസംഗിക്കുക.” അദ്ദേഹം അതനുസരിക്കുകയും ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് സഭയെ സംരക്ഷിക്കുകയും ചെയ്തു. ഇദ്ദേഹമാണ് 13-ാം നൂറ്റാണ്ടിലെ ആല്‍ബിജന്‍സിയന്‍ പാഷണ്ഡതയ്‌ക്കെതിരെ പരിശുദ്ധ ജപമാലയിലൂടെ ആഞ്ഞടിച്ച് ശത്രുക്കളെ നി ര്‍വീര്യമാക്കുകയും ക്രൈസ്തവരെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും ചെയ്ത മഹാവിശുദ്ധന്‍ ഡൊമിനിക് ഗുസ്മാന്‍.

യേശുവിനോടും അവിടുന്ന് രക്ഷിച്ച ദൈവജനത്തോടും പരിശുദ്ധ കത്തോലിക്കാ സഭയോടുമുള്ള അഗാധമായ സ്‌നേഹമാണ് വിശുദ്ധ ഡൊമിനിക്കിന്റെ ഉറക്കം കെടുത്തിയതും മനസിനെ ഭാരപ്പെടുത്തിയതും. ക്രൈസ്തവ വിശ്വാസത്തില്‍നിന്നും പരിശുദ്ധ കത്തോലിക്കാ സഭയില്‍ നിന്നും അകന്നുപോകുന്ന ജനങ്ങളെയും അവരെ വഴിതെറ്റിക്കുന്നവരെയും കണ്ട് അദ്ദേഹത്തിന്റെ ഹൃദയം വേദനിച്ചു. ദൈവത്തെ വിട്ടുപോകുന്നവര്‍ക്കും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുംവേണ്ടി സ്വയം പരിഹാരം ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ വിശുദ്ധന്‍ തീരുമാനിക്കുകയായിരുന്നു. അത് സഭയെ ആകെ മാറ്റിമറിക്കാന്‍ നിദാനമാകുകയും ചെയ്തു.

ഈ നാളുകളില്‍ തിരുസഭ അകത്തുനിന്നും പുറത്തുനിന്നും ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസത്തെയും പരിശുദ്ധ കത്തോലിക്കാ സഭയെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തിന്മ തന്ത്രപരമായ നീക്കങ്ങള്‍ നടത്തുമ്പോള്‍ ഒരു ക്രൈസ്തവ വിശ്വാസിക്ക് വെറുതെ കണ്ടും കേട്ടും ഉണ്ടും ഉറങ്ങിയും കഴിയാന്‍ കഴിയില്ല. ദൈവത്തെ സ്‌നേഹിക്കുന്ന, യേശുവിന്റെ രക്ഷ സ്വന്തമാക്കിയ ആരും, ‘എന്തെങ്കിലും സംഭവിച്ചുകൊള്ളട്ടെ’ – എന്ന് അലസരാവുകയില്ല.

‘നാം എന്തു ചെയ്യാനാണ്, ദൈവം രക്ഷിക്കട്ടെ’ എന്നാണ് പലപ്പോഴും നമ്മുടെ ചിന്ത. അങ്ങനെയെങ്കില്‍ വിശുദ്ധ ഡൊമിനിക് ഉപവാസവും സ്വയംപീഡനവുമായി വനാന്തരങ്ങളില്‍ പരിഹാരപ്രാര്‍ത്ഥന നടത്തേണ്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ നിലവിളിയിലാണ് സ്വര്‍ഗം പരിഹാരമാര്‍ഗവുമായി ഇറങ്ങിവന്നത്.

മനുഷ്യരിലൂടെയാണ് ദൈവം എപ്പോഴും പ്രവര്‍ത്തിക്കുന്നത്. മനുഷ്യരുടെ പ്രാര്‍ത്ഥനകളിലാണ് ദൈവം ഇറങ്ങിവരുന്നത്. അതിനാല്‍ പ്രാര്‍ത്ഥിക്കാനും പരിഹാരമനുഷ്ഠിക്കാനും കരുണ യാചിക്കാനും ആരെങ്കിലും വേണം. എല്ലാ നോമ്പുകാലത്തും ഒട്ടനവധി നിയോഗങ്ങളുമായി കഠിനമായ ഉപവാസവും പ്രായശ്ചിത്തപ്രവൃത്തികളും നാം നടത്താറുണ്ട്.

ഈ വര്‍ഷം നമ്മുടെ നിയോഗം കര്‍ത്താവിന്റെ സഭയും വിശ്വാസികളും സഭാധികാരികളും ആയിരിക്കട്ടെ. നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായ ഒരു ദൈവമാണ് നമുക്കുള്ളത്. അതിനാല്‍ മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് പരിഹാരമനുഷ്ഠിക്കാനും കുരിശിന്റെ വഴികളും ജപമാലകളും അര്‍പ്പിക്കാനും നമുക്കു തയ്യാറാകാം.

സമൂഹമധ്യത്തില്‍ പരിശുദ്ധ കൂദാശകളും ക്രിസ്തുവിന്റെ പൗരോഹിത്യവും സന്യാസവുമെല്ലാം അവഹേളിക്കപ്പെടുമ്പോള്‍ നമ്മുടെ കണ്ണുനീര്‍ ജലധാരപോലെ ഒഴുകണം. കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കരുത് എന്ന് തിരുവചനം (വിലാപങ്ങള്‍ 2:18) ഓര്‍മിപ്പിക്കുന്നു. വ്യക്തികളും കുടുംബങ്ങളും പ്രാര്‍ത്ഥനാ സമൂഹങ്ങളും സന്യാസഭവനങ്ങളും ദൈവാലയങ്ങളും ധ്യാനകേന്ദ്രങ്ങളും ഉണരണം, നിരന്തരമായ പ്രാര്‍ത്ഥനകള്‍ ഉയരണം.

ഉറങ്ങി വിശ്രമിക്കാന്‍ നമുക്കിപ്പോള്‍ സമയമില്ല. വിശുദ്ധരായ ഡൊമിനിക്കിനെയും ഫ്രാന്‍സിസ് അസ്സീസ്സിയെയും ബനഡിക്ടിനെയുമൊക്കെ പോലെ ഈ കാലഘട്ടത്തില്‍ സഭയെയും ദൈവജനത്തെയും വിശുദ്ധീകരിക്കാനും പടുത്തുയര്‍ത്താനും ദൈവം നമ്മെ വിളിക്കുന്നു. അതിനുവേണ്ടി അവരെപ്പോലെ, നമുക്കും ക്രിസ്തുവിന്റെ പീഡാസഹനങ്ങള്‍ സ്വയം ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കാം.

അപ്പോള്‍ ദൈവം നമ്മിലൂടെ തിരുസഭയില്‍ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.’ജറുസലെമിന്റെ ഓര്‍മ കര്‍ത്താവില്‍ ഉണര്‍ത്തുന്നവരേ, നിങ്ങള്‍ വിശ്രമിക്കരുത്. ജറുസലെമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയില്‍ പ്രശംസാപാത്രമാക്കുകയും ചെയ്യുന്നതുവരെ അവിടുത്തേക്ക് വിശ്രമം നല്കുകയുമരുത്’ (ഏശയ്യാ 62:6,7).

കര്‍ത്താവേ, സ്വന്തം ആവശ്യങ്ങള്‍ മറക്കാനും തിരുസഭയ്ക്കും ദൈവജനത്തിനുംവേണ്ടി ത്യാഗങ്ങള്‍ ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമെ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *