ഒരു യാത്രയിലായിരുന്ന സമയം. കൂടെ യാത്ര ചെയ്യുന്ന മുസ്ലിം സഹോദരന്‍ എന്നെ പരിചയപ്പെട്ടു കഴിഞ്ഞ് പറയുകയാണ്, നിങ്ങള്‍ ക്രിസ്ത്യാനികള്‍ മതിലിലും മറ്റും എഴുതിവയ്ക്കുന്ന കാര്യമില്ലേ, ഒരിക്കല്‍ കോട്ടയത്തുകൂടി യാത്ര ചെയ്യുമ്പോള്‍ അതെന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ സമയത്ത് അമ്മയും ഭാര്യയും കുട്ടികളുമൊന്നിച്ച് മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയില്‍ ജീവിക്കുകയായിരുന്നു ഞാന്‍.
മുമ്പ് വളരെ വിഷമിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ആ സമയത്ത് എന്റെ സഹോദരന്‍ എനിക്ക് ദ്രോഹം ചെയ്തു. പിന്നീട് അവന്‍ സാമ്പത്തികമായി തകര്‍ന്നു. ദൂരെയായിരുന്നു അവന്‍ താമസിച്ചിരുന്നത്. മതിലിലെഴുതിയിരുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു തോന്നല്‍, സഹോദരനെ സഹായിക്കണം. അങ്ങനെ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.
അപ്രകാരം സഹായിച്ചിട്ടു വരുന്ന വഴിയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അദ്ദേഹം വായിച്ച ആ വാക്കുകള്‍ വേറൊന്നുമായിരുന്നില്ല, ദൈവവചനമായിരുന്നു- ”ആപത്തില്‍ പങ്കുചേരാന്‍ ജനിച്ചവനാണ് സഹോദരന്‍” (സുഭാഷിതങ്ങള്‍ 17:17). വചനശക്തിയാണ് ഹൃദയത്തെ സ്വാധീനിച്ചത്.
നമ്മുടെ വീടിന്റെ ഭിത്തിയില്‍, സ്ഥാപനങ്ങളില്‍, ക്ഷണക്കത്തുകളില്‍, എല്ലാം ഒരു വചനത്തിന് ഇടം കൊടുക്കാം. അത് ഫലം ചൂടും, തീര്‍ച്ച.
സി.വി. ജോര്‍ജ്, ഏലപ്പാറ