”നീ ദൈവപുത്രനാണെങ്കില്‍ കല്ലുകള്‍ അപ്പമാകാന്‍ പറയുക” (മത്തായി 4:3). നീ ദൈവപുത്രനാണെങ്കില്‍ താഴേക്ക് ചാടുക” (മത്തായി 4:6). ”നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരിക” (മത്തായി 27:40).
നീ ദൈവപുത്രനാണെങ്കില്‍ – എന്തൊരു വെല്ലുവിളിയാണിത്. നീ ആണാണെങ്കില്‍, ചങ്കൂറ്റമുണ്ടെങ്കില്‍…. ഇങ്ങനെ തുടങ്ങുന്നതിലെല്ലാം ഈയൊരു ചോദ്യത്തിന്റെ നിഴല്‍ വീണിട്ടുണ്ട്. അവന്‍ ദൈവപുത്രനല്ലെങ്കില്‍ പിന്നെയാരാണ്? എന്നിട്ടും ക്രിസ്തു അതിനെ നേരിട്ട വിധമാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്. രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയം. മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളെന്ന ഉരകല്ലില്‍ ഉരച്ച് ദൈവപുത്രന്റെ മേന്മ നിശ്ചയിക്കുക. എല്ലാക്കാലത്തെയും പ്രലോഭനമാണിത്.
മനുഷ്യന്‍ നിശ്ചയിക്കുന്നതനുസരിച്ച് ദൈവം സാഹസം കാണിക്കണം, ഭക്തനൊത്തവിധം അവന്‍ വിധേയപ്പെടണം, കാഴ്ചക്കൂത്തുകള്‍ നടത്തണം. അല്ലെങ്കില്‍ അവന്‍ ദൈവമല്ല. ഇതുപോലെ ശ്രദ്ധേയമാണിതിന്റെ രണ്ടാം ഭാഗവും. ചരിത്രത്തിലുടനീളം ക്രിസ്തുവിനോടും അവന്റെ സഭയോടും ഇതേ വെല്ലുവിളി ആവര്‍ത്തിക്കുന്നു. ദൈവപുത്രനെങ്കില്‍ ഇത്രയും പോരാ. കുറെക്കൂടി സര്‍ക്കസുകള്‍ കാണിക്കണം. സത്യസഭയെങ്കില്‍ ഇത്രയും പോരാ. കുറെക്കൂടി ശക്തി കാണിക്കണം, പ്രകടനങ്ങള്‍ നടത്തണം.
പരിഹാസവും പ്രലോഭനവും ഇടകലര്‍ന്നു നില്‍ക്കുന്നു, ഈ വെല്ലുവിളിയില്‍. അവകാശവാദങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കി വിശ്വാസ്യത വര്‍ധിപ്പിക്കുക. താന്‍ എന്താണ് അല്ലെങ്കില്‍ എന്തല്ല എന്നതിന് കൃത്യമായ അടയാളങ്ങള്‍ കാണിക്കുക. നോക്കട്ടെ, ഞങ്ങളുടെ ലാബില്‍ നിന്റെ മഹത്വം തെളിയുമോയെന്ന്! പരീക്ഷണശാലയിലെ നിരീക്ഷണങ്ങള്‍ക്ക് വിധേയമല്ലാത്ത യാതൊന്നും യാഥാര്‍ത്ഥ്യമല്ല. എന്നാല്‍ സ്‌നേഹത്തെ, നിതാന്ത കാരുണ്യത്തെ നിങ്ങളെങ്ങനെ പരീക്ഷിച്ചറിയും?
തെളിവുണ്ടെങ്കിലേ വിശ്വസിക്കൂ എന്നു ശഠിച്ച ഒരാള്‍. പലവിധം നിത്യസത്യങ്ങളെ വ്യാഖ്യാനിച്ചിട്ടും അയാള്‍ക്ക് പിടികിട്ടുന്നില്ല. ഡോക്ടര്‍മാര്‍ തെളിവു നിരത്താമെന്നു പറഞ്ഞു. നല്കാന്‍ പോയ തെളിവ് ഇതായിരുന്നു. സാധാരണഗതിയില്‍ മരിച്ച മനുഷ്യന് മുറിവേറ്റാല്‍ രക്തം വരില്ല, ഉറപ്പാണ്. അപ്പോള്‍, മരിച്ച മനുഷ്യന് മുറിവേല്പിക്കുമ്പോള്‍ രക്തം വന്നാല്‍ ദൈവമുണ്ട്. അതിനുവേണ്ടി ശവമഞ്ചത്തില്‍നിന്ന് ആളെ പുറത്തെടുത്ത് കൈയില്‍ ആണി കയറ്റി.
പെട്ടെന്നവിടെനിന്ന് രക്തം വന്നു. ദൈവമുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിച്ചവര്‍ ചോദിച്ചു, ”ഇപ്പോള്‍ മനസിലായില്ലേ ദൈവമുണ്ടെന്ന്.” എന്നാല്‍ ദൈവമില്ലെന്ന് പറയുന്ന ആളുടെ പ്രതികരണം മറ്റൊന്നായിരുന്നു, ”ഒരു കാര്യം മനസിലായി. മരിച്ചവന് മുറിവേറ്റാലും രക്തം വരും!” തെളിവുകള്‍കൊണ്ടുമാത്രം ഒരാളെയും ദൈവവിശ്വാസത്തിലേക്ക് നയിക്കാന്‍ കഴിയുകയില്ല. തെളിവുകളുടെ ചുമലില്‍ എത്രനാള്‍ നിങ്ങള്‍ ദൈവത്തെ ചാരിനിര്‍ത്തും?
ഈ പ്രലോഭനത്തിന് മനുഷ്യനോളം പഴക്കമുണ്ട്. പണ്ട് ഇസ്രായേലിന് ദാഹിച്ചപ്പോള്‍ ദൈവശക്തി പ്രകടിപ്പിക്കാന്‍ മോശയ്‌ക്കെതിരെ അവര്‍ കലഹിച്ചു. ദൈവം ദൈവമാണെന്നു തെളിയിക്കാനുള്ള വെല്ലുവിളിയായിരുന്നു അത്: കര്‍ത്താവ് ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു തെളിയിക്കാന്‍ വെല്ലുവിളിച്ചുകൊണ്ട് അവര്‍ കര്‍ത്താവിനെ പരീക്ഷിച്ചു (പുറപ്പാട് 17:7). പരീക്ഷിച്ച് ദൈവത്തിന്റെ ഗുണമേന്മ നിശ്ചയിക്കുമ്പോള്‍ ദൈവത്തെക്കാള്‍ ഉയര്‍ന്ന പീഠത്തിലാണ് നിങ്ങളെന്നോര്‍ക്കുക. കുരിശിലെ ദൈവം മനുഷ്യന്റെ ദൈവസങ്കല്പങ്ങളെ വിഡ്ഢിത്തമാക്കിയെന്നുമോര്‍ക്കുക.
മനുഷ്യനെ നിരന്തരം പുളകംകൊള്ളിക്കുന്ന ചിലത് നിരന്തരം ചെയ്‌തെങ്കിലേ ദൈവം ദൈവമാകൂ എന്ന തോന്നല്‍ നമ്മുടെ ആത്മീയ പൊള്ളത്തരവും അജ്ഞതയും വെളിവാക്കുന്നു. അന്നവന്‍ കുരിശില്‍നിന്നിറങ്ങി എന്നു സങ്കല്പിക്കുക, എന്തു സംഭവിക്കും? കൊള്ളാമെന്ന് പറഞ്ഞ് ഓരോരുത്തനും അവനവന്റെ പാട്ടിനു പോകും. ശത്രു വെല്ലുവിളി മുഴക്കിയപ്പോള്‍ കുരിശില്‍ നിന്നിറങ്ങാത്ത ക്രിസ്തു, ശത്രു താഴിട്ടു പൂട്ടി കാവല്‍ക്കാരെ നിര്‍ത്തിയിട്ടും കുഴിമാടം ഭേദിച്ച് പുറത്തുവന്നു എന്നറിയുക.
മഴമേഘങ്ങള്‍ ഭേദിച്ച് അവന്‍ പുറത്തുവരുന്ന നാഴികകളുണ്ട്. പക്ഷേയത് നമുക്ക് വരുതിയില്‍ കുടുക്കാനാവില്ല. ക്രിസ്തു ഈ ഭൂമിക്ക് തന്നത് എന്താണ്? ഉത്തരം ലളിതം: ”അവന്‍ ദൈവത്തെ കൊണ്ടുവന്നു. ദൈവത്തിന്റെ മുഖവും ഭാവവും നീതിയും നമുക്കിപ്പോള്‍ മനസിലായി” (ബനഡിക്ട് പതിനാറാമന്‍ പാപ്പ). പകിട്ടാര്‍ന്ന സാമ്രാജ്യങ്ങളൊക്കെ നിലംപതിച്ചിട്ടും ക്രിസ്തുവിന്റെ സ്‌നേഹരാജ്യം നിലനില്ക്കുന്നതിന്റെ കാരണം വ്യക്തമാണ്. അത് ശാന്തമായി ചരിക്കുന്നു. എന്നും നിങ്ങളെ സാഹസം കാട്ടി രസിപ്പിക്കാതെ, മനുഷ്യനോടൊത്ത് സഹിച്ച് നിലകൊള്ളുന്നു.
കാലമുയര്‍ത്തുന്ന ഓരോ വെല്ലുവിളിയിലും താന്‍ ആരെന്നു തെളിയിക്കാനുള്ള തിടുക്കത്തിലാണ് മനുഷ്യന്‍. നീ ആരെന്ന് തെളിയിക്കേണ്ടത് നിന്നെ അയച്ചവന്‍ കൂടിയാണെന്നോര്‍ക്കുക. വിലകുറഞ്ഞ ഭീഷണികളില്‍ നിന്റെ ഔന്നത്യം തകര്‍ത്തുകളയരുത്.
പ്രാര്‍ത്ഥന
കുരിശില്‍ തെളിയുന്ന ദൈവപുത്രന്റെ മുഖം ദര്‍ശിക്കാന്‍ ദൈവമേ, എന്നെ അനുവദിക്കണമേ.
റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ