സൗഖ്യദായകന്‍ ചെയ്ത രണ്ടാമത്തെ കാര്യം

ബി.കോം പഠനത്തിനുശേഷം അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. കുട്ടികള്‍ക്കുള്ള ആത്മീയ ശുശ്രൂഷക്കായി ഇടയ്ക്ക് പോകുകയും ചെയ്യും. അങ്ങനെ തുടരവേ എനിക്ക് പലപ്പോഴും കടുത്ത നടുവേദന അനുഭവപ്പെടുമായിരുന്നു. രണ്ട് ഡോക്ടര്‍മാരെ കാണിച്ചിട്ടും ഗുരുതരമായ രോഗമൊന്നും ഇല്ല എന്നു പറഞ്ഞ് മരുന്ന് തന്ന് എന്നെ വിട്ടു. എന്നിട്ടും പലപ്പോഴും കടുത്ത നടുവേദന വന്നുകൊണ്ടിരുന്നു. ഒരു ദിവസം രാത്രി നടുവേദന സഹിക്കാന്‍ കഴിയാത്തവിധം അതികഠിനമായി.

ഡാഡിയെയും മമ്മിയെയും അറിയിക്കണ്ട എന്നു കരുതിയെങ്കിലും വേദനകൊണ്ട് കരഞ്ഞപ്പോള്‍ അവര്‍ അടുത്തെത്തി. അങ്ങനെ അവരും കരയാന്‍ തുടങ്ങി. ഒടുവില്‍ ഉറങ്ങാനായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് മമ്മിയുടെ മടിയില്‍ കിടന്നു. അങ്ങനെയാണ് ഉറങ്ങിയത്. പിറ്റേന്ന് എഴുന്നേറ്റപ്പോഴും വേദന കുറയുന്നില്ല. അതിനാല്‍ എറണാകുളത്ത് ലിസി ആശുപത്രിയില്‍ എത്തി. അവിടെവച്ച് ഡോക്ടര്‍ കൂടുതല്‍ ടെസ്റ്റുകളും മറ്റും നടത്തി.

അതിന്റെയെല്ലാം അവസാനം എനിക്ക് അടിവയറില്‍ ട്യൂമറാണെന്ന് മനസ്സിലായി. ഞാനാകട്ടെ അപ്പോഴേക്കും വല്ലാതെ അസ്വസ്ഥനായിരുന്നു. നിരാശയുടെ ചിന്തകള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിരുന്നു. തുടര്‍ചികിത്സകള്‍ക്കായി മൂന്ന് പ്രമുഖ ആശുപത്രികളാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ സൗകര്യം ലഭിക്കുമെന്നതിനാല്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പോകാമെന്ന് ഡാഡി പറഞ്ഞു.

ഞങ്ങളുടെ സ്ഥലമായ കൊച്ചിയില്‍നിന്ന് അമലയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുകയില്ല എന്ന അവസ്ഥയായിരുന്നെങ്കിലും ദൈവകൃപയാല്‍മാത്രം എനിക്ക് അവിടെ എത്താന്‍ സാധിച്ചു. അവിടെയെത്തിയപ്പോഴാകട്ടെ ഞാന്‍ ശുശ്രൂഷക്ക് പോകാറുള്ള ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലേതുപോലെയുള്ള പരിശുദ്ധ മാതാവിന്റെ രൂപമാണ് കണ്ടത്. അത് കണ്ടതേ എനിക്ക് വലിയ ആശ്വാസം തോന്നി. തുടര്‍ന്ന് ഡോക്ടറെ കണ്ട് ഉടനെതന്നെ കീമോതെറാപ്പി ആരംഭിച്ചു. ആദ്യത്തെ കോഴ്‌സ് കഴിഞ്ഞാല്‍ സൗഖ്യം ലഭിക്കുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. അത് എന്നെ വളരെയധികം അസ്വസ്ഥനാക്കി.

വീണ്ടും കീമോ തെറാപ്പി ചെയ്യാന്‍ എനിക്ക് തോന്നിയില്ല. അതിനുമുമ്പ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പോകാമെന്ന് ഞാന്‍ പറഞ്ഞു. പരിചയമുള്ള അച്ചന്‍ വഴി അവിടത്തെ പനയ്ക്കലച്ചന്റെയടുത്ത് പ്രാര്‍ത്ഥിക്കാന്‍ സാഹചര്യമൊരുങ്ങി. അച്ചന്റെ പ്രാര്‍ത്ഥനവഴി എനിക്ക് സൗഖ്യം ലഭിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ഇവന്റെ സൗഖ്യം കാണുന്നുണ്ട്. എന്നാല്‍ അതിനായി മൂന്ന് ധ്യാനത്തിലെങ്കിലും പങ്കെടുക്കണമെന്നാണ് അച്ചന്‍ പറഞ്ഞത്. അതെനിക്ക് സ്വീകരിക്കാന്‍ വിഷമമായിരുന്നു.

എങ്കിലും രണ്ട് ധ്യാനത്തില്‍ പങ്കെടുത്തു. കിടന്നാണ് ധ്യാനങ്ങളില്‍ പങ്കെടുത്തിരുന്നത്. 2006-ലെ വലിയ ആഴ്ചയിലായിരുന്നു രണ്ടാമത്തെ ധ്യാനം. ആ ദിവസങ്ങളില്‍ ഈശോയുടെ പീഡാനുഭവത്തിന്റെ പങ്കുതന്നെയാണ് എനിക്ക് ലഭിച്ചത്.  രണ്ടാമത്തെ ദിവസം ദിവ്യകാരുണ്യ ആരാധനയില്‍ മുമ്പിലിരുന്ന് ഡാഡിക്കൊപ്പം പങ്കെടുത്തു. എന്റെയരികില്‍ വരാറുള്ള പരിചയമുള്ള സിസ്റ്ററിന്റെ നിര്‍ബന്ധപ്രകാരമാണ് അങ്ങനെ ചെയ്തത്. ആ ആരാധനയില്‍ സൗഖ്യത്തിന്റെ കണ്ണുനീര്‍ ധാരയായി എന്റെ കണ്ണുകളില്‍നിന്ന് ഒഴുകി.

ട്യൂമറുള്ള ഒരു യുവാവിനെ ഈശോ സ്പര്‍ശിക്കുന്നു എന്ന് സന്ദേശം ലഭിച്ചു. ആ സമയത്ത് എന്റെ ശരീരത്തില്‍ എന്തോ ഒരു ശക്തി വന്നു നിറയുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. പിന്നീട് ധ്യാനം പൂര്‍ത്തിയാക്കി വീട്ടിലെത്തി. അതിനുശേഷം ശാലോം ടി.വിയില്‍ ആന്റണി പയ്യപ്പിള്ളിയച്ചന്റെ വചനസന്ദേശത്തിലൂടെ എനിക്ക് ഒരു വചനം ലഭിച്ചു, യാക്കോബ് 5:15- ”വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും, കര്‍ത്താവ് അവനെ എഴുന്നേല്പിക്കും.” അത് എന്നോട് കര്‍ത്താവ് പറയുന്നതായി തോന്നി.

ആ വചനം പറഞ്ഞാണ് പിന്നീടെല്ലാം പ്രാര്‍ത്ഥിച്ചത്. തുടര്‍ന്ന് ഒരു കോഴ്‌സ് കീമോതെറാപ്പി കൂടി ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അപ്രകാരം ചെയ്തു. എങ്കിലും ഈ വചനമായിരുന്നു എന്റെ ബലം. അതിനുശേഷം ടെസ്റ്റിന് വിധേയനാകുമ്പോള്‍ എനിക്ക് സൗഖ്യം ലഭിച്ചു എന്ന് മനസ്സിലാകുമെന്നും രോഗികള്‍ക്കായി ശുശ്രൂഷ ചെയ്യാന്‍ കര്‍ത്താവ് എന്നെ ഉപയോഗിക്കുമെന്നുമുള്ള ചിന്തയായിരുന്നു ലഭിച്ചത്. തുടര്‍ന്ന് അന്ന് വൈകിട്ട് 6 മണിക്ക് ടെസ്റ്റ് റിസല്‍റ്റ് വരുന്നതുവരെ ഞാന്‍ അമലയിലെ ആരാധനാചാപ്പലിലിരുന്നു.

റിസല്‍റ്റ് വന്നപ്പോള്‍ എനിക്ക് പൂര്‍ണസൗഖ്യം ലഭിച്ചുകഴിഞ്ഞു എന്ന് മനസ്സിലായി. പിന്നീട് മരുന്നുപോലും വേണ്ടിവന്നില്ല. എന്നാല്‍ സ്‌കാന്‍ റിപ്പോര്‍ട്ടനുസരിച്ച് സൗഖ്യം പൂര്‍ണമാണോ എന്ന് സംശയം തോന്നിയതിനാല്‍ ഡാഡി അതുമായി കാന്‍സര്‍രോഗവിദഗ്ധനായ ഡോ. ഗംഗാധരന്റെയടുത്ത് പോയി. ഞാന്‍ പൂര്‍ണമായും രോഗവിമുക്തനായി എന്ന് അദ്ദേഹവും സ്ഥിരീകരിച്ചു.  ആ സമയമായപ്പോഴേക്കും ഞാന്‍ പ്രഥമ പരിഗണന ഈശോയുടെ ശുശ്രൂഷക്ക് നല്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീടുള്ള നാളുകളില്‍ കുട്ടികള്‍ക്കായുള്ള രോഗശാന്തി ശുശ്രൂഷ നടത്താന്‍ അവിടുന്ന് എന്നെ ഉപയോഗിക്കാനാരംഭിച്ചു.

അതിലൂടെ അനേകം കുട്ടികളെ ഈശോ സൗഖ്യപ്പെടുത്തുന്നു. ഒരിക്കല്‍ അപ്രകാരം ശുശ്രൂഷ ചെയ്തപ്പോള്‍ ഏറെ നാളായി കഴുത്തില്‍ മുഴയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ മുഴ മാറി. സന്തോഷത്തിന്റെ കണ്ണുനീര്‍കാരണം അവള്‍ക്കത് പറയാന്‍പോലും കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ കൂട്ടുകാരിയാണ് അവള്‍ക്കായി അത് സാക്ഷ്യപ്പെടുത്തിയത്. അതെന്നെ വല്ലാതെ സ്പര്‍ശിച്ച സംഭവമാണ്.  എന്റെ ജീവിതാനുഭവത്തിലൂടെ എനിക്ക് ഉറപ്പായും പറയാന്‍ സാധിക്കും, ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ഉയിര്‍പ്പും സത്യമാണെന്ന്. കാരണം ഈശോയുടെ പീഡകളില്‍ എന്നെ പങ്കുചേര്‍ത്ത സ്‌നേഹവാനായ ദൈവം ഉയിര്‍പ്പിന്റെ സന്തോഷവും എനിക്ക് നല്കി. അവിടുന്ന് ഇന്നും ജീവിക്കുന്നു.


അനുരാഗ് പയസ്, കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *