നഹി, സാബ് നഹി!

നോമ്പിന്റെ നാളുകളില്‍ മുഴുവന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ അച്ചന്‍ സമ്മാനം തരും. അതിനാല്‍ അഞ്ചാം ക്ലാസുമുതല്‍ ഞാന്‍ ഇരുപത്തഞ്ചു നോമ്പുകാലത്ത് മുടങ്ങാതെ പള്ളിയില്‍ പോകുമായിരുന്നു. പഠിക്കാന്‍ മിടുക്കനല്ലാത്തതുകൊണ്ടും സ്‌കൂളില്‍നിന്നും മറ്റ് സമ്മാനങ്ങള്‍ കിട്ടാത്തതുകൊണ്ടും എനിക്ക് ആ സമ്മാനം വളരെ വിലപ്പെട്ടതായിരുന്നു. ഇക്കാരണങ്ങള്‍കൊണ്ടൊക്കെയായിരിക്കാം ഇരുപത്തിയഞ്ചു നോമ്പുകാലം എന്റെ ഓര്‍മ്മകളില്‍ എന്നും തെളിഞ്ഞു നില്ക്കും.

വൈദികവിദ്യാര്‍ത്ഥിയായ കാലത്ത് ഡിസംബറില്‍ ഞങ്ങള്‍ തിരക്കിട്ട് പുല്‍ക്കൂട് പണിയും. കാരണം അധികം വൈകാതെ അവധിക്ക് വീട്ടില്‍ പോകണം. അവിടെ ഇടവകപ്പള്ളിയില്‍ വെളുത്ത ളോഹയണിഞ്ഞ് ചെന്ന് ധൂപക്കുറ്റി വീശണം. ഇത്തരം ചിന്തകളുമായി നില്ക്കുന്ന ഒരു ക്രിസ്തുമസ് കാലത്താണ് ഞങ്ങളുടെ മിഷനറിസഭയിലെ വൈദികന്‍ ഞങ്ങള്‍ക്ക് ഐസ്‌ക്രീമും കേക്കുമൊക്കെ വാങ്ങി അവിടെയത്തിയത്. ഐസ്‌ക്രീമിനെയും കേക്കിനെയുംകാള്‍ എനിക്ക് മധുരമായി തോന്നിയത് അച്ചന്റെ വാക്കുകളായിരുന്നു. അച്ചന്‍ ആദ്യം ഒരു സംഭവം പറഞ്ഞു, ഒരിക്കല്‍ ക്രിസ്തുമസിന് അവര്‍ ഇന്‍ഡോര്‍ രൂപതയിലെ ഒരു ചെറിയ ഇടവകയില്‍ ആദിവാസികള്‍ക്കരികിലേക്ക് പോയി. അവിടെ മുതിര്‍ന്നവരും കുട്ടികളുമെല്ലാം അവരുടെ പരമാവധി കഴിവുപയോഗിച്ച് മനോഹരമായ പുല്‍ക്കൂട് ഉണ്ടാക്കി.

പിന്നെ എല്ലാ ഗോത്രവര്‍ഗക്കാരും മലയിറങ്ങി രാത്രി വിശുദ്ധ കുര്‍ബാനക്ക് വന്നു. ആഘോഷമായ ഹിന്ദി ദിവ്യബലി. വിശുദ്ധ ബലി കഴിഞ്ഞപ്പോള്‍ ക്രൈസ്തവരും അക്രൈസ്തവരുമായ ആ ഗോത്രവര്‍ഗക്കാരെല്ലാം ഉണ്ണീശോയെ കാണാനും ചുംബിക്കാനും തിങ്ങിക്കൂടി. കുറേപ്പേര്‍ സാന്താക്ലോസിന്റെ കൂടെ നൃത്തം ചെയ്യുന്നു. അതുകഴിഞ്ഞപ്പോള്‍ ഉണ്ണീശോയുടെ രൂപം അച്ചന്‍ പുല്‍ക്കൂട്ടില്‍ വച്ചു. തുടര്‍ന്ന് കേക്ക് വിതരണം ചെയ്തു. അതിനിടെ ഒരു ദൃശ്യം കണ്ട അച്ചന്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ”നഹി, സുബേദാര്‍ സാബ് നഹി!”

എല്ലാവരും ശ്രദ്ധിച്ചപ്പോള്‍ ഒരാള്‍ പുല്‍ക്കൂട്ടിലെ ഉണ്ണീശോയുടെ രൂപം എടുക്കാനൊരുങ്ങി നില്ക്കുകയായിരുന്നു. അച്ചന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു അല്പം പേടിയോടും എന്നാല്‍ ബഹുമാനത്തോടും കൂടെ ചോദിച്ചു: ”എന്താണ് സാബ് ചെയ്യുന്നത്?” അദ്ദേഹം പറഞ്ഞു, ”ഫാദര്‍ജി, ഇത്തരം ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ആ ദൈവത്തിന്റെ രൂപം നദിയില്‍ ഒഴുക്കും. സാധാരണ വലിയ രൂപങ്ങളാണ്. പക്ഷേ ഇത് ചെറിയ രൂപമായിപ്പോയി! എങ്കിലും ഫാദര്‍ജി ഈശോ ഞങ്ങളുടെയും ദൈവമാണ്” (ഈസാ മസീഹ് ഹമാരേ ഭി സ്വാമി ഹേ).

ഇത്രയും വിവരിച്ചുകഴിഞ്ഞ് അച്ചന്‍ തുടര്‍ന്നു, നമ്മള്‍ വളരെ ഒരുങ്ങി മുടങ്ങാതെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചും നോമ്പെടുത്തും ഉപവസിച്ചും പരിത്യാഗങ്ങള്‍ ചെയ്തുമെല്ലാം ഇത്തരം തിരുനാളുകള്‍ക്കായി ഒരുങ്ങുന്നു. അതുകഴിയുമ്പോള്‍ ഇത്തരം നല്ല പ്രവൃത്തികളെല്ലാം കുറയ്ക്കുന്നു, ചിലര്‍ നിര്‍ത്തുന്നു. ആ വ്യക്തി ദൈവത്തെ ഒഴുക്കിക്കളയുന്നതുപോലെ ഈ ലോകത്തിലെ സുഖത്തിനും ആഘോഷങ്ങള്‍ക്കുംവേണ്ടി നമുക്കായി മനുഷ്യനായി പിറന്ന, പീഡകള്‍ സഹിച്ച് മരിച്ച്, ഉയിര്‍ത്തെഴുന്നേറ്റ, ഈശോയെ നാമും ഒഴുക്കിക്കളയുന്നു. തീക്ഷ്ണതയോടെ നാം ചെയ്ത നന്മകളെല്ലാം ഉപേക്ഷിക്കുന്നു.

അച്ചന്‍ പറഞ്ഞ ആ വാക്കുകള്‍ ഏറ്റം മധുരിതമായി എനിക്കനുഭവപ്പെട്ടു. നോമ്പിന്റെയും ഒരുക്കത്തിന്റെയുമെല്ലാം ചൈതന്യം നഷ്ടപ്പെടുത്തി ക്രിസ്തുവിനെ ഒഴുക്കിക്കളഞ്ഞുകൊണ്ട് ആഘോഷങ്ങളില്‍ മുങ്ങേണ്ടവരല്ല നാം എന്ന ബോധ്യം എന്റെ മനസ്സില്‍ നിറഞ്ഞു. രക്ഷകന്റെ പിറവിയും ഉത്ഥാനവുമെല്ലാം അവിടുത്തെ ഒഴുക്കിക്കളയാതെ ആഘോഷിക്കാന്‍ നമുക്കിടയാകട്ടെ.


ബ്രദര്‍ അലന്‍ കാഞ്ഞിരമറ്റത്തില്‍ എം.എസ്.റ്റി.


Notice: compact(): Undefined variable: limits in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Notice: compact(): Undefined variable: groupby in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Leave a Reply

Your email address will not be published. Required fields are marked *