ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോവുകയായിരുന്നു ഞാന്‍. ബൈക്കിലാണ് യാത്ര. നല്ല വെയിലുള്ള സമയം. പെട്ടെന്ന് വഴിയില്‍ എന്റെ അയല്‍ക്കാരനായ ഒരു അപ്പൂപ്പന്‍ നില്ക്കുന്നത് കണ്ടു. അദ്ദേഹം കൈ ഉയര്‍ത്തിക്കാണിച്ചു. അതുകണ്ട് മനസ്സില്ലാ മനസ്സോടെ ഞാന്‍ ബൈക്ക് നിര്‍ത്തി. അദ്ദേഹം അല്പം പാടുപെട്ട് വടിയൊക്കെ ഒതുക്കി വച്ച് ബൈക്കില്‍ കയറുകയാണ്.
അപ്പോഴുണ്ട് അടുത്തുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അതിലേ കടന്നുപോകുന്നു. ‘ഈ പയ്യന്റെയൊരു ക്ഷ്ടപ്പാട് നോക്ക്’ എന്ന മട്ടില്‍ അവരെല്ലാം അല്പം പരിഹസിക്കുന്ന മട്ടില്‍ നോക്കി കടന്നുപോയി. എനിക്കാകെയൊരു ചമ്മല്‍. എങ്കിലും ഞാന്‍ അദ്ദേഹത്തെ കൂട്ടി യാത്ര തുടര്‍ന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്കു തിരിയുന്നിടത്ത് റോഡിന്റെ പണി നടക്കുന്നതിനാല്‍ ആ വഴി അടച്ചിട്ടിരിക്കുകയാണ്.
എങ്കിലും അരകിലോമീറ്ററോളം ചുറ്റി മറ്റൊരു വഴിയിലൂടെ അദ്ദേഹത്തെ വീട്ടിലെത്തിച്ച് ഒരു വിധത്തില്‍ അവിടെനിന്ന് പോരാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം എന്റെ കൈയില്‍ പിടിച്ചത്. ക്ഷീണം കാരണമായിരിക്കാം, കൈകള്‍ വിറയ്ക്കുന്നുണ്ട്. വീട്ടിലേക്ക് കയറാന്‍ സഹായിച്ചിട്ട് തിരിയാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം എന്റെ കൈകള്‍ വിടാതെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു, ”ഞാന്‍ കുറേ നേരമായി അവിടെ വിശപ്പും ചൂടും സഹിച്ച് നില്ക്കുന്നു.
കൈ കാണിച്ചിട്ട് ആരും വണ്ടി നിര്‍ത്തിയില്ല. അതുകൊണ്ടാണ് മോനെ ബുദ്ധിമുട്ടിച്ചത്.” അത്രയും പറഞ്ഞിട്ട് ആ വൃദ്ധന്‍ ആത്മഗതംപോലെ കൂട്ടിച്ചേര്‍ത്ത വാക്കുകള്‍ എന്റെ ഹൃദയത്തില്‍ തറഞ്ഞുകയറി, ”ഈ പ്രായത്തിലൊക്കെ എത്തുമ്പോള്‍ പടച്ചോനല്ലാതെ മറ്റാരും സഹായിക്കാനുണ്ടാവില്ല” പിന്നീട് എന്റെ മുഖത്തുനോക്കി നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു, ”മോനെ പടച്ചോന്‍ അനുഗ്രഹിക്കട്ടെ!” ആ മുസ്ലിം വൃദ്ധന്റെ അനുഗ്രഹം സ്വീകരിക്കുമ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ആ വെയിലിലും ദൈവാനുഗ്രഹത്തിന്റെ തണവ് എനിക്കനുഭവപ്പെടുന്നതുപോലെ തോന്നി. ഞാനും ഒരിക്കല്‍ വൃദ്ധനാവുമെന്ന് ഒരു നിമിഷം ഓര്‍ത്തു.
”മകനേ, പിതാവിനെ വാര്‍ധക്യത്തില്‍ സഹായിക്കുക; മരിക്കുന്നതുവരെ അവന് ദുഃഖമുണ്ടാക്കരുത്. അവന് അറിവ് കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക. നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്” (പ്രഭാഷകന്‍ 3:12)
ബിനു മാത്യു