ചിക്കുപ്പൂച്ച ഒരു ദിവസം അവന്‍ കുളക്കരയിലൂടെ നടക്കുകയായിരുന്നു. വിശപ്പടക്കാന്‍ ഒരു മീനിനെ കിട്ടണം. അതാണ് അവന്റെ ആവശ്യം. അപ്പോഴാണ് ഒരു മീന്‍ വെള്ളത്തിനു മുകളിലൂടെ ചാടിച്ചാടി പോകുന്നത് കണ്ടത്. അതിനെ പിടിച്ചാലോ എന്നു വിചാരിച്ച് നില്ക്കുമ്പോഴതാ അതിന്റെകൂടെ അതിന്റെ അപ്പനും അമ്മയുമെല്ലാം പോകുന്നു. അതുകണ്ട ചിക്കു കരുതി. ആ മീനിനെ പിടിക്കണ്ട. അതിന്റെ അപ്പനും അമ്മക്കുമൊക്കെ വിഷമമാകും.
അപ്പോള്‍ അതിലേ വേറൊരു മുഴുത്ത മീന്‍ വെള്ളത്തിന് അല്പം താഴേക്കൂടി നീന്തുന്നു. അതിനെ പിടിച്ചാലോ എന്നാലോചിച്ചപ്പോഴേക്കും അതാ പിന്നില്‍ അതിന്റെ ഭാര്യയും മക്കളുമൊക്കെയായി വലിയൊരു കൂട്ടം. അപ്പോള്‍ ചിക്കു അതിനെയും വേണ്ടെന്നു വച്ചു. അങ്ങനെ നോക്കിയിരിക്കുമ്പോള്‍ പല മീനുകളെയും കണ്ടെങ്കിലും ഒന്നിനെയും പിടിക്കാന്‍ ചിക്കുവിന് തോന്നിയില്ല. അങ്ങനെ വിഷമിച്ച് വെള്ളത്തിലേക്ക് കാലിട്ടിരിക്കുമ്പോള്‍ ഒരു ചെറുമീന്‍ കാലില്‍ വന്ന് പതുക്കെ പിടിച്ചു, ”എന്റെ പേര് മിക്കി. ചേട്ടന്റെ പേരെന്താ?”
”ചിക്കു”
”എന്താ വിഷമിച്ചിരിക്കുന്നത്?”
മിക്കിമീനിന്റെ ചോദ്യം കേട്ടപ്പോള്‍ ചിക്കു തന്റെ വിഷമം അവനോട് പങ്കുവച്ചു. അപ്പോള്‍ മിക്കിമീന്‍ സന്തോഷത്തോടെ പറഞ്ഞു, ”അത്രയുള്ളൂ പ്രശ്‌നം, അല്ലേ? സാരമില്ല. ഇങ്ങനെയൊന്നും ചിന്തിക്കാത്ത ഏതോ പൂച്ച എന്റെ അപ്പനെയും അമ്മയെയും ഒന്നിച്ച് പിടിച്ചുതിന്നു. അതുകൊണ്ട് ഞാനിപ്പോള്‍ ഒറ്റയ്ക്കാണ്. ചിക്കുച്ചേട്ടന്‍ എന്നെ തിന്നോളൂ. എനിക്ക് ഒരു വിരോധവുമില്ല.”
”നീ പറയുന്നത് സത്യമാണോ?”
ചിക്കുവിന്റെ സംശയം കണ്ട മിക്കിമീന്‍ പറഞ്ഞു, ”അതെയെന്നേ. ചങ്ങാതിമാര്‍ക്കു വേണ്ടി ജീവന്‍ ബലിയായി കൊടുക്കുന്നതിനെക്കാളും വലിയ സ്‌നേഹമില്ല എന്ന് ഈശോ പറഞ്ഞതല്ലേ. കുറച്ചു ദിവസം മുന്‍പ് ഇവിടെ വന്ന ഒരു സന്യാസിയാണ് ഇത് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. ഞങ്ങളെല്ലാവരും വെള്ളത്തിനു മുകളില്‍ വന്നു നിന്ന് ആ വാക്കുകള്‍ കേട്ടതാണ്. എന്തു രസമായിരുന്നെന്നോ?”
മിക്കിമീനിന്റെ മുഖത്ത് നല്ല ഭംഗിയുള്ള ചിരി വിരിഞ്ഞത് കണ്ട ജീവന്‍മോനും ചിരിച്ചു. ആ ചിരി കേട്ടാണ് അമ്മ അവനെ വിളിക്കാനെത്തിയത്. ”ജീവന്‍കുട്ടാ എഴുന്നേല്‍ക്ക്, സ്‌കൂളില്‍ പോകണ്ടേ?” ”ങ്… ങാ…” ജീവന്‍ കണ്ണ് തിരുമ്മി എഴുന്നേറ്റു. തലേന്ന് കളിയില്‍ തോറ്റതിന് തന്നെ തല്ലിയ സോജിനെക്കുറിച്ച് അവന്‍ ഓര്‍ത്തു. പിറ്റേന്ന് കളിസമയത്ത് നല്ല രണ്ട് തല്ല് അവന് തിരിച്ചുകൊടുക്കണമെന്ന് ചിന്തിച്ചാണ് കിടന്നുറങ്ങിയത്. മനസ്സില്‍നിന്ന് ആ ചിന്തയേ പോയി. മാത്രവുമല്ല സോജിന് എന്തെങ്കിലും സഹായം ചെയ്യണമെന്ന് തീരുമാനിച്ചാണ് ജീവന്‍ അന്ന് സ്‌കൂളിലേക്ക് യാത്രയായത്.