ദൈവത്തോടുള്ള ദേഷ്യവും ആദ്യത്തെ അത്ഭുതവും!

കത്തോലിക്കാ കുടുംബത്തില്‍ ജനിക്കുകയും കത്തോലിക്കാ സ്ഥാപനത്തില്‍ പഠിക്കുകയും ചെയ്‌തെങ്കിലും എനിക്ക് ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ വികലമായിരുന്നു. ‘ഞാന്‍ തെറ്റ് ചെയ്താല്‍ ശിക്ഷിക്കാന്‍വേണ്ടി കാത്തിരിക്കുന്ന, എനിക്ക് കുറെ കഷ്ടപ്പാടും ബുദ്ധിമുട്ടും തന്നിട്ട് ഇതൊക്കെ സഹിച്ചോ എന്ന് പറയുന്ന, ഒരു ദൈവം എന്ന തോന്നലായിരുന്നു എന്റെ മനസില്‍. ഇങ്ങനെയുള്ള ദൈവത്തെ ഒട്ടും സ്‌നേഹിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. മറിച്ച്, ദൈവത്തോട് ദേഷ്യമാണ് തോന്നിയിരുന്നത്.

അങ്ങനെയിരിക്കുമ്പോള്‍ 1997-ല്‍ എനിക്കൊരു ജോലി കിട്ടി. എനിക്ക് പോകാന്‍ ഇഷ്ടമില്ലാതിരുന്ന രണ്ടു സ്ഥലങ്ങളായിരുന്നു പാലക്കാടും ആലപ്പുഴയും. എന്നാല്‍ ആദ്യം പോസ്റ്റിങ്ങ് കിട്ടിയത് പാലക്കാട് ആയിരുന്നു. വളരെ വിഷമിച്ച്, അവിടെ ഹോസ്റ്റലില്‍നിന്ന് ജോലിക്ക് പോയിത്തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞ് ആ ഹോസ്റ്റല്‍ പുതുക്കി പണിയുന്ന സമയത്ത് എനിക്ക് മറ്റൊരു ഹോസ്റ്റലിലേക്ക് മാറേണ്ടിവന്നു. ഈ പുതിയ ഹോസ്റ്റല്‍ ആരാധനാമഠത്തിലെ സന്യാസിനികള്‍ നടത്തുന്ന ഹോസ്റ്റലായിരുന്നു.

ഞാന്‍ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പ്രത്യേക ആത്മീയ അനുഭവം ആയിരുന്നു അവിടെ. സിസ്റ്റേഴ്‌സ് എല്ലാം ഈശോയെ ഒരുപാട് സ്‌നേഹിക്കുന്നവരും വിശുദ്ധ കുര്‍ബാന, ജപമാല, കുമ്പസാരം, ആരാധന, പ്രാര്‍ത്ഥന, ഉപവാസം, ജാഗരണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വളരെ തീക്ഷ്ണതയും ഉത്സാഹവും ഉള്ളവരുമായിരുന്നു. അവര്‍ തമ്മില്‍ത്തമ്മിലും ഞങ്ങളോടും വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. സൗമ്യതയും ലാളിത്യവുമുള്ള പെരുമാറ്റം. അതോടൊപ്പംതന്നെ അവരുടെ ജീവിതരീതി വളരെ പ്രായോഗികവും അനുകരണീയവും ആയിരുന്നു. ഇവരുടെ അടുത്ത് ദൈവം എന്നെ എത്തിച്ചതിനാണ് ഞാന്‍ ഏറ്റവും അധികം ദൈവത്തോട് നന്ദി പറയേണ്ടത്.

എനിക്കവര്‍ ആത്മീയമായ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ പറഞ്ഞ് തരുമായിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യായുടെ ‘നവമാലിക’, ‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’, ‘ദൈവപരിപാലനയുടെ രഹസ്യം’, ‘ഉന്നതങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര’ എന്നീ നല്ല പുസ്തകങ്ങളൊക്കെ അവര്‍ വായിക്കാന്‍ തന്നു. പതുക്കെ പതുക്കെ എന്റെ ഉള്ളിലും ഈശോയോട് സ്‌നേഹം തോന്നാന്‍ തുടങ്ങി. അവരുടെ പ്രാര്‍ത്ഥനകളില്‍ ഞാനും പങ്കുചേര്‍ന്നു.

കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെകൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ക്കെല്ലാം അവര്‍ അപേക്ഷിച്ചിരുന്നതനുസരിച്ച് സ്വന്തം വീടിന്റെ അടുത്തുള്ള ബ്രാഞ്ചുകളിലേക്ക് സ്ഥലംമാറ്റം കിട്ടി. എല്ലാവരും പോയി. എനിക്ക് മാത്രം കിട്ടിയില്ല. തൃശൂരിലേക്കായിരുന്നു എനിക്ക് സ്ഥലംമാറ്റം വേണ്ടത്. അവിടെ ഒഴിവില്ല. അടുത്തെങ്ങും ഒരു ഒഴിവ് ഉണ്ടാവാന്‍ സാധ്യതയും ഇല്ലായിരുന്നു. ആ സമയത്ത് ഹോസ്റ്റല്‍ ജീവിതം എനിക്കേറെ ഇഷ്ടമായിരുന്നെങ്കിലും സ്വന്തം നാട്ടിലേക്ക് പോകേണ്ടത് അത്യാവശ്യമായിരുന്നു.

ഒരു ദിവസം എനിക്ക് സങ്കടം സഹിക്കാനാവാതെ കരയുന്നത് ഒരു സിസ്റ്റര്‍ കണ്ടു. അവരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ‘ഈശോയേ, എന്റെ ആവശ്യത്തില്‍ ഇടപെട്ട് എന്റെ വിശ്വാസം വര്‍ധിപ്പിക്കണമേ’ എന്ന് തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ പറഞ്ഞ് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് തുടങ്ങി.
ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങി അധികം കഴിയുന്നതിനുമുമ്പ് രാത്രി ഏകദേശം മൂന്നുമണിയോടടുപ്പിച്ച് ഉണര്‍ന്ന് തുടങ്ങി. ആരോ വിളിച്ച് എഴുന്നേല്പിക്കുന്നതുപോലെ.

ഇത് സിസ്റ്ററിനോട് പറഞ്ഞപ്പോള്‍ ‘എന്റെ ആവശ്യം സാധിക്കുന്നതിനുവേണ്ടി, രാത്രി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മാതാവ് വിളിക്കുന്നതാണ്’ എന്ന് പറഞ്ഞു. ഞാന്‍ അത് പൂര്‍ണമായും വിശ്വസിച്ചു. അങ്ങനെ രാത്രി മൂന്നുമണിക്ക് എഴുന്നേറ്റ് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു തുടങ്ങി. ‘ത്യാഗത്തോടുകൂടിയ പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ സൃഷ്ടിക്കും’ എന്ന് പറയുമല്ലോ. ഈശോ എന്നോട് ആവശ്യപ്പെട്ട കൊച്ചുത്യാഗം ഈ ജാഗരണ പ്രാര്‍ത്ഥന ആയിരുന്നു. ഓണം അടുത്തുവന്ന ഒരു ദിവസം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞാന്‍ ഈശോയോട് പറഞ്ഞു: ‘എത്രയോ ആളുകള്‍ ജീവിതകാലം മുഴുവന്‍ വിദൂരങ്ങളില്‍ ജോലി ചെയ്യുന്നു. ഞാന്‍ പാലക്കാട് തുടരണം എന്നത് ദൈവഹിതമാണെങ്കില്‍ അത് സന്തോഷത്തോടെ സ്വീകരിക്കാന്‍ എന്നെ സഹായിക്കണേ.’ പക്ഷേ അത്ഭുതം എന്ന് പറയട്ടെ ദൈവഹിതത്തിന് വഴങ്ങാന്‍ വിട്ടുകൊടുത്തപ്പോള്‍ എല്ലാ തടസങ്ങളും നീങ്ങി.

ഞാന്‍ ആഗ്രഹിച്ചതുപോലെ ഒരു ദിവസംപോലും തെറ്റാതെ കൃത്യം ഓണത്തിന്റെ തലേദിവസം ഈശോ എന്നെ അവിടെ എത്തിച്ചു. പിന്നീടാണ് ഞാന്‍ അറിഞ്ഞത് എന്നെക്കാള്‍ സീനിയറായ ഉദ്യോഗസ്ഥരുടെ അപേക്ഷ പരിഗണിക്കാതെ മാനേജ്‌മെന്റ് എന്റെ അപേക്ഷ പരിഗണിച്ചുവെന്ന്.
എന്റെ ജീവിതത്തിലെ ഈ ആദ്യത്തെ അത്ഭുതം എന്റെ വിശ്വാസത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. ദൈവത്തോടുള്ള എന്റെ ദേഷ്യമൊക്കെ മാറി. പിന്നെ സ്‌നേഹം മാത്രമേ തോന്നിയുള്ളൂ. ഇത്ര നല്ല ഈശോയെ ഞാന്‍ മുമ്പ് അറിഞ്ഞില്ലല്ലോ എന്ന് വിഷമവും തോന്നി. അതെ, ”കര്‍ത്താവ് എത്ര നല്ലവനെന്ന്  രുചിച്ചറിയുവിന്‍” (സങ്കീര്‍ത്തനം 34:8) എന്ന തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക്  അനുഭവവേദ്യമായി.


ഡിംപിള്‍ ജോസഫ്‌


Notice: compact(): Undefined variable: limits in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Notice: compact(): Undefined variable: groupby in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Leave a Reply

Your email address will not be published. Required fields are marked *