ദൈവത്തിന്റെ മണ്ടത്തരം

കൂടെക്കൂടെ അപ്രത്യക്ഷനാകുക എന്നത് അഞ്ചാംക്ലാസുകാരനായ പീറ്ററിന്റെ ‘വികൃതി’കളിലൊന്നായിരുന്നു. അല്പസമയത്തിനുശേഷം തിരിച്ചെത്തിയിരുന്നതിനാല്‍ മറ്റുള്ളവര്‍ അതത്ര കാര്യമാക്കിയില്ല. ഒരുദിവസം 3-4 മണിക്കൂര്‍ നേരത്തേക്ക് പീറ്ററിനെ കാണാതായപ്പോള്‍ എല്ലാവരും ഭയാശങ്കയോടെ തേടിയിറങ്ങി. ഒടുവില്‍ ദൈവാലയത്തില്‍വച്ച് അമ്മ അവനെ കണ്ടെത്തുമ്പോള്‍ സക്രാരിക്കുമുമ്പില്‍ നിന്ന് എന്തൊക്കെയോ ഉറക്കെ സംസാരിക്കുകയായിരുന്നു. ”നീ ഇത്രനേരം എന്തെടുക്കുകയായിരുന്നു?” സങ്കടത്തോടെ അമ്മ ചോദിച്ചു. ”ഞങ്ങള്‍ സംസാരിക്കുകയായിരുന്നു.” പീറ്റര്‍ ശാന്തനായി പറഞ്ഞു. രംഗമെല്ലാം ശാന്തമായശേഷം രാത്രിയില്‍ അമ്മ അവനോട് എല്ലാം ചോദിച്ചറിഞ്ഞു.

അവന്‍ വിശദമായി പറഞ്ഞു: അമ്മേ, സക്രാരിയില്‍നിന്നും ഈശോ എന്നോടു ചോദിച്ചു, കുഞ്ഞേ നീ എന്റെ അടുത്തു വരുമോ, ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്. നിന്റെയും എല്ലാവരുടെയും ഉള്ളിലും കൂടെയും ആയിരിക്കാനും സ്‌നേഹിക്കാനും സഹായിക്കാനും സംരക്ഷിക്കാനുമാണ് ഞാന്‍ അപ്പമായത്. എന്നാല്‍ എന്നെ കാണാനും സംസാരിക്കാനും അധികമാരും വരുന്നില്ല. എനിക്ക് ഈ സക്രാരിക്കുള്ളില്‍ ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമില്ല, നിങ്ങളോടു കൂട്ടുകൂടി നടക്കാനാണ് എനിക്കിഷ്ടം. നീ എന്നോടു കൂട്ടുകൂടുമോ?

ഈശോ, അങ്ങ് എന്തു മണ്ടത്തരമാണ് ചെയ്തത്? ഞാന്‍ ചോദിച്ചു. ആരെങ്കിലും ഇങ്ങനെ അപ്പമായി കൂട്ടിനുള്ളില്‍ അടച്ചിരിക്കുമോ? അങ്ങ് ദൈവമല്ലേ?
എന്റെ കുഞ്ഞേ, എനിക്കിങ്ങനെ ആകാതിരിക്കാന്‍ കഴിയില്ല. എനിക്ക് നിങ്ങളോടുള്ള സ്‌നേഹം എന്നെ ഈ കൂട്ടിനുള്ളില്‍ തടവിലാക്കിയിരിക്കയാണ്.
അമ്മേ, അതു കേട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ‘ഈശോ, അവിടുന്ന് ഇനി ഒരിക്കലും ഒറ്റക്കിരിക്കരുതേ, എന്നെയും അങ്ങയുടെകൂടെ തടവിലിടണമേ’ എന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ വലിയ കൂട്ടുകാരാണമ്മേ.

വിശുദ്ധ കുര്‍ബാനയുടെ വിശുദ്ധന്‍ എന്ന് പിന്നീട് അറിയപ്പെട്ട പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡിനോട് ചോദിച്ച അതേ ചോദ്യങ്ങള്‍ ഈശോ നമ്മോടും ആവര്‍ത്തിക്കുന്നു. ദൈവാലയങ്ങളില്‍ ഈശോ ഉണ്ട് എന്ന് തോന്നിക്കുകപോലും ചെയ്യാത്തവിധം അലസമായും അശ്രദ്ധമായും നാം പെരുമാറുമ്പോള്‍, നിസംഗരായി കടന്നുപോകുമ്പോള്‍ സ്‌നേഹംമൂലം ജയിലിലടയ്ക്കപ്പെട്ട അവിടുന്ന് എത്രയധികമായി വേദനിക്കുന്നു, അവഗണിക്കപ്പെടുന്നു, അനാദരിക്കപ്പെടുന്നു.

സിസ്റ്റര്‍ ജോസെഫാ മെനെന്‍ഡെസ് എന്ന മിസ്റ്റിക്കിന് ഈശോ വെളിപ്പെടുത്തിയതുപ്രകാരം പീഡാനുഭവ രാത്രിയില്‍ തുറുങ്കിലടയ്ക്കപ്പെട്ടപ്പോള്‍ അവിടുന്ന് സഹിച്ച അതേ വേദനയാണ് സക്രാരിയില്‍ അടയ്ക്കപ്പെടുമ്പോഴും അവിടുന്ന് അനുഭവിക്കുന്നത്. പട്ടാളക്കാര്‍ പരിഹസിക്കുകയും അവഹേളിക്കുകയും മുഖവും ശരീരവുമെല്ലാം അടിച്ചുതകര്‍ക്കുകയും ചെയ്തശേഷം ഇരുട്ടില്‍ മലിനമായ തറയില്‍ തള്ളിയിട്ടു. മുറിവുകളിലൂടെ കഠിനമായ തണുപ്പ് തുളച്ചുകയറിയപ്പോഴത്തെ വേദന… ഉറങ്ങാന്‍ കഴിയാതെ, വിശന്നും പരവേശപ്പെട്ടും നീറുന്ന മനസും ശരീരവുമായി ഒറ്റയ്ക്ക്… ഇന്ന് അനേകം സക്രാരികളിലടയ്ക്കപ്പെട്ട് സഹിക്കുന്നതുപോലെ..

അവിടുന്ന് നമ്മുടെ സ്‌നേഹസാന്നിധ്യത്തിനും സംഭാഷണത്തിനുമായി ഓരോ സക്രാരിയിലും കാത്തിരിക്കുന്നു, നമ്മുടെ ഹൃദയത്തില്‍ വസിച്ച് നമ്മെ സക്രാരിയാക്കി മാറ്റാന്‍ വാതിലില്‍ മുട്ടുന്നു. ഏറ്റം ചെറിയവര്‍ക്കുള്ളിലും വസിക്കാന്‍ ഏറ്റം ചെറിയ വിശുദ്ധ കുര്‍ബാനയായിത്തീര്‍ന്ന വലിയ ദൈവത്തെ ഈ പെസഹാനാളില്‍ സ്വന്തമാക്കുകയും അവിടുത്തെ സ്വന്തമായിത്തീരുകയും ചെയ്യാം. നമ്മുടെ ഹൃദയത്തില്‍ അവിടുത്തെ ‘തടവിലിട്ടു’കൊണ്ട് ആ തിരുഹൃദയത്തില്‍ നമുക്കും വസിക്കാം.”ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു” (യോഹന്നാന്‍ 15:5) എന്ന തിരുവചനം അങ്ങനെ നമ്മില്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഉത്ഥാനത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യാം.

പ്രാര്‍ത്ഥന: എനിക്കുവേണ്ടി വിശുദ്ധകുര്‍ബാനയായ ഈശോയേ, ദിനവും അങ്ങയെ സ്വീകരിക്കാനും സദാ അങ്ങയോടൊപ്പമായിരിക്കാനും എന്നെ അനുഗ്രഹിക്കണമേ. അഹങ്കാരം, കോപം, ഹൃദയകാഠിന്യം, സ്‌നേഹശൂന്യത, ജഡികാസക്തി തുടങ്ങിയ പാപത്തടവറയില്‍നിന്നും എന്നെ സ്വതന്ത്രമാക്കി അങ്ങില്‍മാത്രം ബന്ധിക്കണമേ. അങ്ങനെ ഞാന്‍ അങ്ങേ ഹൃദയത്തടവറയില്‍ ജീവിക്കുകയും ഒടുവില്‍ അവിടെത്തന്നെ മരിക്കുകയും ചെയ്യട്ടെ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *