കുഞ്ഞുനാള്‍ മുതലേയുള്ള ശീലമായതിനാല്‍ കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം മുതിര്‍ന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും സ്തുതി ചൊല്ലും. കൈകൂപ്പി തല കുനിച്ച് ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്നു പറയുന്നന്നത് ആ വ്യക്തിയില്‍ വസിക്കുന്ന ഈശോയോടാണ് എന്നുള്ള ബോധ്യമൊന്നും അന്നില്ലായിരുന്നു, അപ്പാപ്പന്റെ നിര്‍ബന്ധമായിരുന്നു കാരണം.
പിന്നീട് മുതിര്‍ന്നപ്പോള്‍ എനിക്കൊരു മാരകരോഗം വന്നു. അതോടെ ഞാന്‍ നിരാശയ്ക്ക് അടിമപ്പെട്ടു. മനസിന് അസ്വസ്ഥത ഉണ്ടാകുന്ന അവസരങ്ങളില്‍ കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം സ്തുതി ചൊല്ലില്ല എന്നതായിരുന്നു എന്റെ ഒരു പ്രതിഷേധമാര്‍ഗം. അതെന്നെ ഒരിക്കലും സന്തോഷിപ്പിച്ചിരുന്നില്ല. എന്നുമാത്രമല്ല, അസ്വസ്ഥത വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
അങ്ങനെ തുടര്‍ന്നപ്പോള്‍ എത്ര പ്രയാസമുണ്ടായാലും സ്തുതി ചൊല്ലുവാന്‍ തീരുമാനിച്ചു. അപ്പോഴും എന്റെ അഹങ്കാരം എന്നെ അതിന് അനുവദിച്ചിരുന്നില്ല. അത്തരം ദിവസങ്ങളില്‍ കുടുംബപ്രാര്‍ത്ഥന തുടങ്ങുമ്പോള്‍ മുതല്‍ സ്തുതി ചൊല്ലുവാനുള്ള കൃപ തരണമേയെന്നും അതോടെ എന്റെ അസ്വസ്ഥതകള്‍ മാറ്റിത്തരണേയെന്നും ആ കുടുംബപ്രാര്‍ത്ഥനയില്‍ ഉടനീളം ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.
നല്ല ദൈവം എന്നെ വിജയിപ്പിച്ചു. സ്തുതി ചൊല്ലുമ്പോള്‍ എന്നിലുള്ള അഹങ്കാരം മഞ്ഞുപോലെ ഉരുകുന്നതും വീണ്ടും ഞാന്‍ സന്തോഷിക്കുന്നതും നന്ദി നിറഞ്ഞ മനസോടെ ഞാന്‍ മനസിലാക്കി. ഇന്ന് എന്തൊക്കെ സംഭവിച്ചാലും സ്തുതി ചൊല്ലുമ്പോള്‍, എന്റെ സന്തോഷം മടക്കിക്കിട്ടുന്നതിന് എനിക്കൊട്ടും പ്രയാസമില്ല.
ജീന ജോസഫ്