നല്ല കുമ്പസാരത്തിന്‌

വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് രചിച്ച ‘ഭക്തജീവിത പ്രവേശിക’യില്‍ നല്ല കുമ്പസാരം നടത്താനുള്ള ടിപ്‌സ് കണ്ടെത്താന്‍ കഴിയും.

0 പതിവായും ഇടയ്ക്കിടെയും കുമ്പസാരിക്കുക. മനഃസാക്ഷിയില്‍ മാരകപാപത്തിന്റെ ഭാരമില്ലെങ്കിലും ഇടയ്ക്കിടെ കുമ്പസാരം നടത്തുന്നതുവഴി ലഘുപാപങ്ങളില്‍നിന്നുപോലും അകന്നുനില്‍ക്കാന്‍ കൃപ ലഭിക്കും. പാപങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായ ദുഃഖവും പാപങ്ങള്‍ ഉപേക്ഷിക്കാനുള്ള ഉറച്ച തീരുമാനവും പുലര്‍ത്തുക. വെറുതെ ഒരു ശീലമെന്ന വണ്ണം കുമ്പസാരം നടത്തുന്നതുകൊണ്ട് വലിയ പ്രയോജനമുണ്ടാവുകയില്ല. മാത്രവുമല്ല വളരെയേറെ ആത്മീയ നന്മകള്‍ നഷ്ടമാവുകയും ചെയ്യും.

സ്വയം ചില തെറ്റുകള്‍ ആരോപിച്ച് കുമ്പസാരിക്കാന്‍ ശ്രമിക്കരുത്. ഉദാഹരണത്തിന് ഞാന്‍ ദൈവത്തെ വേണ്ടത്ര സ്‌നേഹിച്ചില്ല, വേണ്ടത്ര ഭക്തിയോടെ പ്രാര്‍ത്ഥിച്ചില്ല, മറ്റുള്ളവരെ വേണ്ടത്ര സ്‌നേഹിച്ചില്ല എന്ന രീതിയില്‍ കുമ്പസാരത്തില്‍ ഏറ്റുപറയരുത്. അത് നിങ്ങളുടെ ആത്മാവിന്റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിന് കുമ്പസാരകനെ സഹായിക്കുകയില്ല. വിശുദ്ധര്‍പോലും അങ്ങനെ പറഞ്ഞേക്കാം. അതിനു പകരം ദൈവത്തോടുള്ള സ്‌നേഹം കുറവായതുകൊണ്ട് അല്പം ക്ഷീണം തോന്നിയപ്പോഴേക്കും ഞാന്‍ വിശുദ്ധ ബലിക്ക് പോകാതെ വിശ്രമിച്ചു, പ്രാര്‍ത്ഥനയ്ക്കിടയില്‍ എനിക്കിഷ്ടമുള്ള രീതിയില്‍ അശ്രദ്ധമായി ഇരുന്നു, കൂട്ടുകാരന് പണം ആവശ്യമുണ്ടെന്നു കണ്ടിട്ടും എന്റെ കൈയിലുള്ള പണം നല്കി സഹായിച്ചില്ല എന്നിങ്ങനെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്ത കാര്യം ലളിതമായി ഏറ്റുപറയുക.

നിങ്ങള്‍ ചെയ്ത ലഘുപാപങ്ങളില്‍, ചെയ്ത പ്രവൃത്തിയെക്കുറിച്ചുമാത്രമല്ല അതിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുകൂടി ചിന്തിക്കുക. ഉദാഹരണത്തിന്, ആര്‍ക്കും ഉപദ്രവമില്ലാത്ത ഒരു നുണ പറഞ്ഞു എന്നതല്ല അത് എന്തിനുവേണ്ടിയാണ് പറഞ്ഞത് എന്നതിനെപ്പറ്റി ചിന്തിക്കണം. ആ നുണ പറഞ്ഞത് പൊങ്ങച്ചത്തിനുവേണ്ടിയാണോ കുറ്റം ഒഴിവാക്കാനോ പ്രശംസ കിട്ടാനോ വേണ്ടിയാണോ എന്നിങ്ങനെ ചിന്തിക്കുക. ആ കാരണം സഹിതം ഏറ്റുപറയുക.

0 തെറ്റ് ചെയ്തതിന്റെ ലക്ഷ്യവും അതിന്റെ ദൈര്‍ഘ്യവും സാഹചര്യവും കുമ്പസാരത്തില്‍ ഏറ്റുപറയുക. ഉദാഹരണത്തിന് നമ്മെ നല്ലവണ്ണം കളിയാക്കുന്ന ഒരു തമാശ നമുക്കിഷ്ടമുള്ള ഒരാള്‍ പറഞ്ഞാല്‍ നാം അത് അത്രമാത്രം ഗൗനിച്ചെന്നു വരികയില്ല. എന്നാല്‍ നമുക്കിഷ്ടമില്ലാത്ത ഒരാള്‍ ചെറുതായി കളിയാക്കിയാല്‍പ്പോലും നാം അയാളോട് കയര്‍ത്തെന്നിരിക്കും. ഇപ്രകാരമുള്ള സാഹചര്യങ്ങളില്‍ നമുക്ക് അയാളോടുള്ള ഇഷ്ടക്കേടാണ് യഥാര്‍ത്ഥ കാരണമായത്. അതേപ്പറ്റി വിചിന്തനം ചെയ്ത് കുമ്പസാരിക്കുക.

0 അവസാനമായി, വിശുദ്ധ ഫ്രാന്‍സിസ് സാലസ് പറയുന്നു, കഴിയുമെങ്കില്‍ സ്ഥിരമായി ഒരു കുമ്പസാരകനെ കണ്ടെത്തുക. നിങ്ങളുടെ പാപചായ്‌വുകളുടെ യഥാര്‍ത്ഥ അവസ്ഥ ഏറ്റുപറയുക, ഒറ്റനോട്ടത്തില്‍ അതില്‍ തെറ്റായി ഒന്നും തോന്നുന്നില്ലെങ്കില്‍പ്പോലും. ഉദാഹരണമായി, നിരാശയും ഉത്കണ്ഠയും അനുഭവപ്പെടുന്നു, വളരെ സന്തോഷം തോന്നുന്നു, പണത്തോടും വസ്ത്രത്തോടും വളരെയധികം ആഗ്രഹം തോന്നുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍.
ഓരോ നല്ല കുമ്പസാരവും നമ്മെ വിശുദ്ധിയില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *