എനിക്ക് കല്യാണം ആലോചിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഇതെന്നെ വിഷമിപ്പിക്കുന്നു. കൂടാതെ ‘കല്യാണം ശരിയായില്ലേ’ എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയുമൊക്കെ ചോദ്യവും എന്നെ അസ്വസ്ഥനാക്കുന്നു. ഈയൊരു സാഹചര്യത്തെ എങ്ങനെയാണ് നേരിടേണ്ടത്?
സനീഷ് തോമസ്, തൃശൂര്‍
ഈ ചോദ്യം ചോദിച്ച വ്യക്തി രണ്ടുതരത്തിലുള്ള പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ഒന്നാമത്തേത്, കല്യാണം താമസിക്കുന്നതുകൊണ്ട് വ്യക്തിജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. രണ്ട്, വിവാഹം താമസിക്കുന്നതുകാരണം മറ്റുള്ളവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍മൂലം ഉണ്ടാകുന്ന അസ്വസ്ഥതകള്‍.
വിവാഹം താമസിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഓരോരുത്തര്‍ക്കും ഇവയില്‍ ഏതെങ്കിലും ഒരു കാരണമായിരിക്കും പ്രധാനം. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത്, ജോലി കിട്ടിയ ശേഷം വിവാഹമാകാം എന്നു തീരുമാനിക്കുന്നത്, വീട്ടിലെ ബാധ്യതകള്‍, വീടുപണി എന്നിങ്ങനെയുള്ളതാണ് ചിലരുടെ കാരണങ്ങള്‍.
എന്നാല്‍ ചിലരെ സംബന്ധിച്ച് ആരെയും ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം. അപ്രകാരമുള്ളവര്‍ തങ്ങളുടേത് കടുംപിടിത്തമാണോ എന്ന് സ്വയം വിശകലനം ചെയ്ത് തിരുത്തിയാല്‍ വിവാഹം നടക്കാന്‍ എളുപ്പമാണ്. ഇനിയും ചിലരെ സംബന്ധിച്ച് പഠനമോ ജോലിയോ നിമിത്തം ഏതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ട് പോകുന്നതാണ് പ്രശ്‌നം.
അങ്ങനെയുള്ളപ്പോള്‍ ഇന്നത്തെ ആധുനിക മാധ്യമങ്ങളുപയോഗിച്ച് കല്യാണാലോചന നടത്തുന്നത് ഉചിതമാണ്. ഇതൊന്നും കൂടാതെ ഉത്തരവാദിത്വമുള്ളവര്‍ മുന്നിട്ടിറങ്ങാത്തതിനാല്‍ വിവാഹം നടക്കാത്തവരുണ്ട്. അതിനാല്‍ നാം മുന്‍കൈയെടുത്ത് വേണ്ടപ്പെട്ട ആരുടെയെങ്കിലും കല്യാണാലോചന നടത്തേണ്ടതുണ്ടോ എന്ന് ഇത് വായിക്കുന്ന മറ്റുള്ളവര്‍ ചിന്തിക്കുക.
വിവാഹം വൈകുമ്പോള്‍ വ്യ ക്തിയും കുടുംബാംഗങ്ങളും വലിയ മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. ബന്ധുക്കളും എന്തിനേറെ, മക്കള്‍പോലും ചിലപ്പോള്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തും. കല്യാണംപോലുള്ള ചടങ്ങുകള്‍ക്ക് പോകാന്‍തന്നെ അവര്‍ക്ക് പേടിയാണ്. കാരണം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബുദ്ധിമുട്ട്.
എന്നാല്‍ ഈയവസ്ഥയിലും പലരും വിവാഹം നടക്കാന്‍ വൈകുന്നവരെയും അവരുടെ മാതാപിതാക്കളെയും സ്ഥാനത്തും അസ്ഥാനത്തും യാതൊരു വിവേകവും ഇല്ലാതെ ചോദ്യങ്ങള്‍ ചോദിച്ചും കമന്റുകള്‍ പറഞ്ഞും ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ഈ സാഹചര്യത്തെ അഭിമുഖീകരിക്കുക എളുപ്പമല്ല. അതിനാല്‍ ആവശ്യമില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചും കമന്റുകള്‍ പറഞ്ഞും കളിയാക്കിയും മറ്റും വിവാഹം വൈകുന്നവരെയും അവരുടെ മാതാപിതാക്കളെയും ദ്രോഹിക്കരുത് എന്ന് നമ്മള്‍ തീരുമാനിക്കണം. വിവാഹം നടന്നില്ല എന്നറിയാമല്ലോ, അതിന് എന്തെങ്കിലും കാരണവും കാണാം. അങ്ങനെ മനസിലാക്കി ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുക.
ചോദ്യങ്ങളെ നേരിടാന്‍….
പക്ഷേ എല്ലാവരും ഈ മാന്യത കാണിക്കുകയില്ല. അപ്പോള്‍പ്പിന്നെ ചോദ്യത്തെ നേരിടണം? ചോദ്യകര്‍ത്താവിനും സമാനസാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്കും ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഒന്നാമതായി, ഇത്തരം ചോദ്യങ്ങളെ ഭയപ്പെടാതിരിക്കുക. ചിലര്‍ സന്ദര്‍ഭവശാലും മറ്റും ഈ ചോദ്യം ചോദിച്ചെന്നുവരാം. അത് കേള്‍ക്കുമ്പോള്‍ മനസിലാകും. അതുകേട്ട് മുറിപ്പെടേണ്ടതില്ല. ‘കല്യാണാലോചന നടക്കുകയാണ്’ എന്നോ മറ്റോ ഉത്തരം പറഞ്ഞാല്‍ മതി. കാരണം ചിലര്‍ ഈ ചോദ്യം ചോദിക്കുന്നത് ദുരുദ്ദേശ്യത്തോടെയൊന്നുമല്ല. ചിലരാകട്ടെ, സ്‌നേഹംകൊണ്ടുമാകാം. അവര്‍ക്കെല്ലാം ‘ഇല്ല, അന്വേഷിക്കുന്നുണ്ട്’ എന്ന മട്ടിലുള്ള മറുപടി നല്കാം.
ഇനിയും ചിലരുണ്ട്, ‘നിന്റെ കല്യാ ണം ആയില്ലേ?’ എന്ന് നമ്മെ വേദനിപ്പിക്കാനായി ചോദിക്കുന്നവര്‍. നാം തല താഴ്ത്തുന്നത് കണ്ട് രസിക്കാനാഗ്രഹമുള്ളവരാണ് അവര്‍ എന്ന് ഉറപ്പായാല്‍ ‘ആകുമ്പോള്‍ ചേട്ടനെ/ചേച്ചിയെ കല്യാണത്തിന് വിളിക്കും’ എന്ന മറുപടി ദേഷ്യപ്പെടാതെ, ശാന്തമായി എന്നാല്‍ ഗൗരവത്തില്‍ പറയുക. നമ്മെ വേദനിപ്പിക്കാനുള്ള ശ്രമം വിജയിക്കുന്നില്ലെന്നു കണ്ടാല്‍ വീണ്ടും അത്തരത്തില്‍ ചോദ്യം ചോദിച്ച് അവര്‍ നമ്മെ സമീപിക്കുകയില്ല.
ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പറയാം. വിവാഹം നടക്കാത്തതിന്റെ വിഷമം ഉള്ളില്‍ കിടക്കുന്നതുകൊണ്ടാണ് ഈ ചോദ്യം കേള്‍ക്കുമ്പോഴേ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുന്നത്. അതിനാല്‍ ഈ അവസ്ഥ അംഗീകരിക്കുകയും തക്ക സമയത്ത് ദൈവം എന്റെ വിവാഹം നടത്തിത്തരികയും ചെയ്യുമെന്ന് വിശ്വസിക്കുകയും വേണം. അല്ലാത്ത പക്ഷം ആത്മവിശ്വാസം നഷ്ടപ്പെടും. അപ്പോള്‍ മുറിവേല്‍ക്കാന്‍ എളുപ്പമാണ്.
ഒരു കാര്യംകൂടി പറഞ്ഞുകൊള്ളട്ടെ. പങ്കാളിയാകാന്‍ പോകുന്ന വ്യക്തിയുടെ സ്വഭാവം, വിശ്വാസജീവിതം, കാഴ്ചയിലെ പൊരുത്തം, പ്രായം എന്നിവയില്‍ അധികം വിട്ടുവീഴ്ചകള്‍ ചെയ്യാതെ, മറ്റു കാര്യങ്ങളില്‍ – കുടുംബചരിത്രം, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികസ്ഥിതി, ദൂരം തുടങ്ങിയവയില്‍- കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്താല്‍ വിവാഹം നടക്കാന്‍ എളുപ്പമുണ്ട്. വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാവരെയും സമര്‍പ്പിച്ച് നിത്യവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് വേഗത്തില്‍ വിവാഹം നടക്കാന്‍ കാരണമാകുമെന്ന് പലരുടെയും അനുഭവത്തില്‍നിന്നും മനസിലാകുന്ന കാര്യവും ഇവിടെ സൂചിപ്പിക്കട്ടെ.
വിവാഹത്തിനുവേണ്ടി സ്വയം പ്രാര്‍ത്ഥിച്ചൊരുങ്ങുന്നതും ഭാവി ജീവിതപങ്കാളിയെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് വളരെ പ്രയോജനം ചെയ്യും. നിങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജീവിതപങ്കാളിയുടെ ജീവിതം ക്രമീകരിക്കപ്പെടാനും വിവാഹം വേഗത്തില്‍ നടക്കുന്നതിനും അത് ഉപകരിക്കും. ഇക്കാര്യത്തില്‍ ദൈവകരുണ ചോദിച്ച് പ്രാര്‍ത്ഥിക്കുക.
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.