പതിവനുസരിച്ച് കൂട്ടുകാരെല്ലാം മുറ്റത്തെ തേന്‍മാവിന്‍ ചുവട്ടില്‍ ഒത്തുകൂടി. ഓരോ ദിവസവും ഓരോ കളികള്‍. എങ്കിലും അവരുടെ ലീഡറായ പ്രിന്‍സിയുടെ മുഖത്ത് ഒരു മ്ലാനത. ”എന്തുപറ്റീ, പ്രിന്‍സീ, നിന്റെ മമ്മി നിന്നെ തല്ലിയോ?” മനുവിന്റെ കുശലാന്വേഷണം.
”അല്ല മനു, നമ്മുടെ ഈശോ എന്തിനാ ഇങ്ങനെ മരിച്ചത്? തലയില്‍ കൂര്‍ത്ത മുള്‍മുടി, മുഖത്തും ശരീരം മുഴുവനും ചോര. ആ കുരിശിന് എന്ത് കനമാ! ജോസി സിസ്റ്റര്‍ സമ്മാനമായി തന്ന പടത്തില്‍ ഈശോയെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി.” പെട്ടെന്ന് പ്രിന്‍സിയുടെ സങ്കടം മറ്റുള്ളവരിലേക്കും പടര്‍ന്നു.
കൂട്ടുകാരെല്ലാം ഒത്തുകൂടിയപ്പോഴേക്കും ലിസിയാന്റിയും എത്തി. ആന്റിയുടെ വക ഒരു നല്ല കഥ ഇന്നുറപ്പാ. അവര്‍ പ്രിന്‍സിയുടെ സങ്കടം ലിസിയാന്റിയോട് പറഞ്ഞു. എല്ലാവരെയും വിളിച്ചിരുത്തി, ലിസിയാന്റി കഥ ആരംഭിച്ചു.
മനോഹരമായ ഒരു പൂന്തോട്ടം. അതു നിറയെ പലതരം റോസാപ്പൂക്കള്‍. ഈ റോസാപ്പൂക്കളുടെ ഉറ്റ ചങ്ങാതിയായി ഒരു കുഞ്ഞിക്കുരുവിയും അവിടെ എത്തുമായിരുന്നു. കുഞ്ഞിക്കുരുവിക്ക് ഈ റോസാപ്പൂക്കളെ അത്രയ്ക്ക് ഇഷ്ടമാണ്. പിരിയാനാവാത്ത ആത്മബന്ധമായിരുന്നു അവരുടേത്. ഒരു ദിവസം റോസാപ്പൂക്കള്‍ അവരുടെ ഒരു സങ്കടം കുഞ്ഞിക്കുരുവിയോട് പറഞ്ഞു: ”ഞങ്ങളുടെ നിറം ഞങ്ങള്‍ക്കിഷ്ടമല്ല. അതുതന്നെയുമല്ല, ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോ നിറമാണ്. മനുഷ്യര്‍ വന്നാലും ഞങ്ങളില്‍ ചിലരെ മാത്രമേ അവര്‍ക്കിഷ്ടമുള്ളൂ.”
”അതിനിപ്പോള്‍ ഞാനെന്തു ചെയ്യണം?” കുഞ്ഞിക്കുരുവിക്ക് ഒന്നും മനസിലായില്ല. റോസാപ്പൂക്കള്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപോലെ ഒരേ സ്വരത്തില്‍ പറഞ്ഞു: ”ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചുവന്ന റോസാപ്പൂക്കളാകണം.” അസാധ്യമായ ഈ ആവശ്യംകേട്ട് കുഞ്ഞിക്കുരുവി തെല്ലൊന്നു ഞെട്ടി. തന്റെ പ്രിയപ്പെട്ട റോസാപ്പൂക്കളുടെ ഈ പുതിയ ആവശ്യം എങ്ങനെ നടത്തിക്കൊടുക്കും? പെട്ടെന്നാണ് മനസില്‍ ഒരു ആശയം വിടര്‍ന്നത്. കുഞ്ഞിക്കുരുവി തോട്ടത്തിലുള്ള ഒരു മരത്തിലേക്ക് ഉയര്‍ന്നു പറന്നു.
അല്പസമയം കഴിഞ്ഞപ്പോള്‍ റോസാപ്പൂക്കള്‍ക്ക് ഒരു നനവ് അനുഭവപ്പെട്ടു. അവര്‍ അന്യോന്യം നോക്കിയിട്ട് വിസ്മയത്തോടെ വിളിച്ചു പറഞ്ഞു: ”ഇതാ നമ്മള്‍ ചുവന്ന റോസാപ്പൂക്കളായിരിക്കുന്നു! ഇപ്പോള്‍ നമുക്കെല്ലാം ഒരേ നിറം! എന്തു ചന്തം!” അവര്‍ കുഞ്ഞിക്കുരുവിയെ നോക്കിയപ്പോഴതാ, ചോരയില്‍ മുങ്ങിയ കുഞ്ഞിക്കുരുവി അവരുടെ നടുവിലേക്ക് പിടഞ്ഞുവീഴുന്നു! അവന്‍ തൊണ്ട ഇടറി ഇങ്ങനെ പറഞ്ഞു: ”നിങ്ങളെ ഞാന്‍ അത്രമാത്രം സ്‌നേഹിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ സ്വയം മുറിപ്പെടുത്തി, എന്റെ രക്തം തളിച്ച് നിങ്ങളുടെ ആഗ്രഹം സാധിച്ചുതന്നത്. ഇതല്ലാതെ വേറൊരു വഴിയും ഞാന്‍ കണ്ടില്ല.” പറഞ്ഞുതീരുംമുമ്പേ കുഞ്ഞിക്കുരുവി അവിടെ പിടഞ്ഞു മരിച്ചു.
ലിസിയാന്റി കഥ നിര്‍ത്തിയപ്പോള്‍ കൂട്ടുകാരുടെ മിഴികള്‍ നിറഞ്ഞൊഴുകുകയായിരുന്നു. പാവം കുഞ്ഞിക്കുരുവി! ലിസിയാന്റി തുടര്‍ന്നു: ”മക്കളേ, ഈശോ കുരിശില്‍ രക്തം ചിന്തി മരിച്ചതും ഇങ്ങനെയാണ്. നമ്മെ ഓരോരുത്തരെയും രക്ഷിക്കാന്‍. അത്രത്തോളം വലുതായിരുന്നു ഈശോയുടെ സ്‌നേഹം!”
ജോണ്‍ തെങ്ങുംപള്ളില്‍