തലയിണയ്ക്കടിയില്‍നിന്ന് വന്ന പ്രാര്‍ത്ഥന

വിശുദ്ധ അന്തോണീസ് ഒരു യാത്രക്കായി പോകാനൊരുങ്ങവേ ഒരു മനുഷ്യന്‍ മുന്നിലെത്തി. അദ്ദേഹത്തിന്റെ ഭാര്യ പൈശാചികപീഡയാല്‍ സുബോധം നഷ്ടപ്പെട്ടവളായിരിക്കുകയാണ്. അതിനാല്‍ വിശുദ്ധന്‍ അവള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ചെല്ലണം. അതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

എന്നാല്‍ അത്യാവശ്യയാത്രയായതിനാല്‍ വിശുദ്ധ അന്തോണീസിന് ആ മനുഷ്യന്റെകൂടെ ചെല്ലാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ ആ മനുഷ്യന്റെ നിസ്സഹായാവസ്ഥയും വിശ്വാസവും കണ്ടിട്ട് വിശുദ്ധ അന്തോണീസിന് അദ്ദേഹത്തെ വെറുംകൈയോടെ പറഞ്ഞുവിടാന്‍ മനസ് വന്നില്ല.

അതിനാല്‍ പെട്ടെന്ന് അദ്ദേഹം ഒരു പ്രാര്‍ത്ഥന എഴുതി ആ മനുഷ്യന്റെ കൈയിലേല്‍പിച്ചു. അത് ഭാര്യയുടെ തലയിണയ്ക്കടിയില്‍ വയ്ക്കാനും ആവശ്യപ്പെട്ടു. വിശുദ്ധ അന്തോണീസ് തന്റെ ഭാര്യയ്ക്കരുകിലെത്തി പ്രാര്‍ത്ഥിക്കില്ലെന്നറിഞ്ഞ അദ്ദേഹത്തിന് അല്പം വിഷമമായി. എങ്കിലും വിശ്വാസത്തോടെ ആ പ്രാര്‍ത്ഥനാലിഖിതം ഭാര്യയുടെ തലയിണയ്ക്കടിയില്‍ വച്ചു.

അല്പം കഴിഞ്ഞ് അദ്ദേഹം കണ്ടത് തന്റെ ഭാര്യ സുബോധത്തോടെ എഴുന്നേറ്റു വരുന്നതാണ്. പിന്നീടൊരിക്കലും ആ സ്ത്രീക്ക് മാനസികപ്രശ്‌നം ഉണ്ടായിട്ടില്ല. ഇത് കേട്ടറിഞ്ഞ് ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങിയ അനേകര്‍ക്ക് അതുവഴി ദൈവാനുഭവങ്ങളുണ്ടായി. അന്നും ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. വെളിപാട് 5:5, 5:13 വചനങ്ങള്‍ ആധാരമാക്കിയുള്ള ഈ പ്രാര്‍ത്ഥന വളരെ ശക്തിമത്താണ്.

വിശുദ്ധ അന്തോണീസിന്റെ പ്രാര്‍ത്ഥന
ഇതാ, കര്‍ത്താവിന്റെ കുരിശ്!
നരകശക്തികളേ, ഓടിപ്പോകുവിന്‍.
യൂദാഗോത്രത്തിലെ സിംഹവും
ദാവീദിന്റെ വേരുമായവന്‍
വിജയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *