ചെക്കോസ്ലോവാക്കിയയിലെ ഒരു ചെറിയ വില്ലേജ്. മുന്നൂറോളംപേര്‍ മാത്രം വസിച്ചിരുന്ന അവിടെ ഒരിക്കല്‍ അതിശൈത്യം കൃഷികളെല്ലാം നശിപ്പിച്ചു. രൂക്ഷമായ ക്ഷാമം. മാനുഷികമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത നിസഹായതയില്‍ ജനം ദൈവത്തെ വിളിച്ചപേക്ഷിച്ചു.
തദവസരത്തില്‍ മലനിരകള്‍ക്കുമുകളില്‍ അസാധാരണ സൗന്ദര്യവതിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ട് ഗ്രാമവാസികളെ പരിശുദ്ധാത്മാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. ആ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുവര്‍ത്തിച്ച തദ്ദേശവാസികളെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു; പ്രവചനവരം, വിവേചനവരം, ഭാഷണവരം എന്നിങ്ങനെ ദൈവാരൂപിയുടെ വരദാനങ്ങളും, സ്‌നേഹം, വിശുദ്ധി തുടങ്ങിയ ഫലങ്ങളും അവരില്‍ സമൃദ്ധമായിരുന്നു.
ആ പെന്തക്കുസ്താക്കുശേഷം അവരുടെ ഭക്ഷ്യവിളകള്‍ അനുഗ്രഹിക്കപ്പെടുകയും അടുത്ത വിളവെടുപ്പുവരെയും ബാക്കിയാവുകയും ചെയ്തു. തലമുറകള്‍തോറും പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങള്‍ പ്രകടമായി. അവിടെ ജയിലുകളോ ഹോസ്പിറ്റലുകളോ ഉണ്ടായിരുന്നില്ല, ആവശ്യമായിരുന്നില്ല. രോഗം വന്നാല്‍ വില്ലേജുമുഴുവന്‍ പ്രാര്‍ത്ഥിച്ച് സൗഖ്യം ലഭ്യമാക്കും. അക്രമങ്ങളും കുറ്റകൃത്യങ്ങളും വിവാഹമോചനവും ഗര്‍ഭഛിദ്രവും എന്തെന്നറിയാത്ത ജനത.
ആദിമക്രൈസ്തവ സമൂഹത്തെപ്പോലെ ഉള്ളതെല്ലാം എല്ലാവരും എല്ലാവര്‍ക്കുമായി പങ്കുവച്ചു. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവ് നേരിട്ട് ഭരണം നടത്തിയ ഒരു വില്ലേജ്. വിശുദ്ധ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ ബിഷപ്പായിരിക്കെ (ബിഷപ് ഏഞ്ചലോ റൊങ്കാളി) കൂടെക്കൂടെ ഇവിടം സന്ദര്‍ശിച്ചിരുന്നു. 1930കളില്‍ അദ്ദേഹം ആദ്യം ഈ വില്ലേജിലെത്തിയപ്പോള്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തെ തങ്ങളുടെ ആത്മീയപിതാവായി സ്വീകരിക്കുകയും ചെയ്തു.
പ്രസ്തുത വില്ലേജ് നേരിട്ടതുപോലെ, മാനുഷികമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത വലിയ നിസഹായതയില്‍ അകപ്പെട്ടിരിക്കയാണ് നമ്മളിന്ന്. ആദ്ധ്യാത്മികവും ധാര്‍മികവുമായ അധ:പതനം, സെക്കുലറിസത്തിന്റെ അതിപ്രസരം, തകരുന്ന കുടുംബങ്ങള്‍, പെരുകുന്ന സഭാ-ക്രൈസ്തവ പീഡനങ്ങള്‍, അപ്രതീക്ഷിതവും അനിയന്ത്രിതവുമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍.. എന്നാല്‍ ദുര്‍ബലരും നിസഹായരുമല്ല നാം എന്ന് തിരിച്ചറിയണം. ഈശോ വാഗ്ദാനം ചെയ്ത ശക്തനായ സഹായകന്‍ നമുക്കുണ്ട്.
”പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 1:8). ആദ്യനൂറ്റാണ്ടുകളില്‍ ഇന്നത്തേതിനേക്കാള്‍ ഭീകരപ്രശ്‌നങ്ങളും പീഡനങ്ങളും സഭയില്‍ ആഞ്ഞടിച്ചിട്ടുണ്ട്. അന്നെല്ലാം ജനം പരിഹാരം ചെയ്ത് പ്രാര്‍ത്ഥിച്ച് പെന്തക്കുസ്താനുഭവം സ്വന്തമാക്കുകയും പുതുശക്തി പ്രാപിക്കുകയുമാണുണ്ടായത്. അതുവഴി ഓരോ കാലഘട്ടത്തിലും സഭയെ ഉണര്‍ത്താനും വിശുദ്ധീകരിക്കാനും നയിക്കാനുമായി നിരവധി വിശുദ്ധരെ പരിശുദ്ധാത്മാവ് പ്രദാനംചെയ്തു.
ഈ കാലഘട്ടത്തിലും വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും നമുക്കാവശ്യം പുതിയൊരു പെന്തക്കുസ്തായാണ്. ഒരുപാട് ആത്മീയാനുഭവങ്ങളും ധ്യാനാനുഭവങ്ങളും ഉണ്ടായിട്ടും നാം തളര്‍ന്നുപോകുന്നത്, യഥാര്‍ത്ഥമായൊരു പെന്തക്കുസ്താ ലഭിക്കാത്തതുകൊണ്ടാണ്. ചെക്കിലെ ആ ചെറിയ വില്ലേജില്‍ നാസികള്‍ക്കു പിന്നാലെ റഷ്യയും പീഡനങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഒരു വ്യക്തിപോലും ക്രിസ്തുവിനെ തള്ളിപ്പറയുകയോ വിശ്വാസം ത്യജിക്കുകയോ ചെയ്തില്ല.
പരിശുദ്ധാത്മാവ് അവരെ സഹായിച്ചു. തദനുസൃതം നാം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞാല്‍ ഏതു പ്രതികൂലങ്ങളിലും വിജയം വരിക്കാന്‍ അവിടുന്ന് നമ്മെ സഹായിക്കും. രാജ്യത്തിന്റെ, സഭയുടെ, സമൂഹത്തിന്റെ ഏതു പ്രശ്‌നങ്ങളും അതിജീവിക്കാന്‍ നമുക്കു സാധിക്കും. അവിടുത്തെ ഭരണം നമ്മില്‍, സഭയില്‍, ലോകത്ത് സംസ്ഥാപിതമായാല്‍ ഭൂമിയില്‍ സ്വര്‍ഗതുല്യമായി ജീവിക്കാം. വറുതിയില്ല, അസമാധാനമില്ല, യുദ്ധമില്ല, അധാര്‍മികതയില്ല, ജയിലുകളുടെ ആവശ്യമില്ല. കാരണം നമ്മുടെ സുസ്ഥിതി അവിടുത്തെ ഉത്തരവാദിത്വമാണ്.
അതിനാല്‍ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ എല്ലാം അവസാനിപ്പിക്കരുത്. നമ്മുടെയും ലോകത്തിന്റെയും സഭയുടെയും പാപങ്ങള്‍ക്ക് പരിഹാരംചെയ്ത്, പരിശുദ്ധ അമ്മയോടൊപ്പം പ്രാര്‍ത്ഥിച്ച്, പെന്തക്കുസ്താക്കുവേണ്ടി വിശുദ്ധിയോടെ കാത്തിരിക്കണം. അതുവഴി രാജ്യങ്ങളിലും സമൂഹത്തിലും സഭയിലുമെല്ലാം വലിയ മാറ്റങ്ങള്‍ സംഭവിക്കുകതന്നെ ചെയ്യും.
ഈ പെന്തക്കുസ്താക്കുവേണ്ടി ജനത്തെ ഒരുക്കാനും പുതിയ പെന്തക്കുസ്ത ലോകത്തും സഭയിലും സംജാതമാകാനും ധ്യാനകേന്ദ്രങ്ങളും ഇടവകകളും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും സന്യാസ ഭവനങ്ങളും പ്രത്യേക ധ്യാനങ്ങള്‍ക്കും ഒരുക്ക ശുശ്രൂഷകള്‍ക്കും നേതൃത്വം നല്കണം. അങ്ങനെ സഭയിലാകമാനം പരിശുദ്ധാത്മാവ് വീണ്ടും വീശട്ടെ.
നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം:
പ്രിയ പരിശുദ്ധാത്മാവായ ദൈവമേ, എന്നിലേക്ക്, സഭയിലേക്ക്, ലോകംമുഴുവനിലേക്കും എഴുന്നള്ളിവരണമേ, ഞങ്ങളുടെ ഭരണം അവിടുന്ന് ഏറ്റെടുത്ത് ഞങ്ങളെ അങ്ങയുടെ സ്വന്തമാക്കണമേ, ആമ്മേന്‍.