യേസു യവന്‍ഗുളാ!

സ്ഥതയും മോചനവും തേടിയുള്ള യാത്രയിലായിരുന്നു ആ പെണ്‍കുട്ടി. ഉഗാണ്ടയില്‍ ഞാനുള്‍പ്പെടെയുള്ള വൈദികര്‍ ശുശ്രൂഷ ചെയ്യുന്ന ആ വിന്‍സെന്‍ഷ്യന്‍ ധ്യാനകേന്ദ്രത്തില്‍ അവള്‍ എത്തിയത് അങ്ങനെയാണ്. ഞാനവളെ ലൂസിയ എന്നു വിളിക്കുന്നു. അല്പനേരം ചേഷ്ടകള്‍ ശ്രദ്ധിച്ചപ്പോഴേ ആ സത്യം മനസ്സിലായി, അവളില്‍ പിശാച് ആവസിച്ചിട്ടുണ്ട്. എങ്കിലും അവളുടെ ആത്മാവ് അതിന്റെ ഉടയവനായ ദൈവത്തെ തേടുന്നു. അതിന്റെ ഭാഗമായാണ് അവളുടെ ഉള്ളില്‍ രക്ഷപ്പെടണമെന്ന ആഗ്രഹം ശക്തമാവുന്നത്. ലൂസിയ തന്റെ കഥ പറഞ്ഞു.

അവളുടെ അമ്മ വളരെ ദരിദ്രയായിരുന്നു. എന്നാല്‍ സമ്പന്നയാവണമെന്ന് തീവ്രമായ ആശ. അങ്ങനെ പിശാചിന്റെ സഹായം തേടി. ആഫ്രിക്കന്‍ സംസ്‌കാരത്തില്‍ പൈശാചിക ആരാധനകള്‍ വളരെ സാധാരണമാണ്. ഈ സ്ത്രീയും ആ വഴിയേ സഞ്ചരിച്ചു. പിശാചിന് അവള്‍ കൊടുത്ത വിലയെന്തായിരുന്നുവെന്നോ? ആ സമയത്ത് തന്റെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞ്. അന്ന് അഞ്ചു മാസം വളര്‍ച്ചയുണ്ടായിരുന്ന ആ ഗര്‍ഭസ്ഥശിശുവാണ് എന്റെ മുന്നിലിരുന്ന ലൂസിയ. തന്റെ കുഞ്ഞിനെ പിശാചിന് പ്രതിഷ്ഠിച്ച ആ യുവതി സമ്പന്നയായിത്തീര്‍ന്നു, പക്ഷേ ദാരുണമായി മരിക്കുകയാണ് ചെയ്തത് എന്നും ലൂസിയ കൂട്ടിച്ചേര്‍ത്തു.

ബോധപൂര്‍വമല്ലാതെ പിശാചിന് അടിമയായിത്തീര്‍ന്ന ആ പെണ്‍കുട്ടിയോട് എനിക്ക് സഹതാപം തോന്നി. ചെറുപ്രായംമുതലേ ഉണ്ടാകാറുള്ള ചില അനുഭവങ്ങള്‍ അവള്‍ പങ്കുവച്ചു. വെറുതെ കണ്ണടച്ചിരുന്നാല്‍പ്പോലും അവളെ പിശാച് പലയിടങ്ങളിലേക്കും നയിക്കും. വഴി കാണിച്ചുകൊണ്ട് ഒരു സര്‍പ്പം അവളുടെ മുന്നില്‍പ്പോകുകയാണ് ചെയ്യുക. ‘ഞാന്‍ ഈ പ്രായത്തില്‍ത്തന്നെ എത്ര പേരെ കൊന്നിട്ടുണ്ടെന്ന് അച്ചനറിയാമോ’ എന്ന അവളുടെ ചോദ്യം എന്നെ തെല്ലൊന്ന് അമ്പരപ്പിച്ചു, ”നീയെങ്ങനെ ആളുകളെ കൊല്ലും?”

”എന്റെ ഉള്ളിലെ പൈശാചികശക്തി നയിക്കുന്നതിനനുസരിച്ച് പോകുമ്പോള്‍ ചിലപ്പോള്‍ തിരക്കുള്ള റോഡിലേക്കോ മറ്റോ എത്തും. അവിടെ ഒരു വാഹനത്തെ ഞാന്‍ സൂക്ഷിച്ചു നോക്കിയാല്‍മതി, ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനം തകിടം മറിയും, ആളുകള്‍ മരിക്കും.” അവള്‍ പറഞ്ഞത് ഞാന്‍ വിഷമത്തോടെ കേട്ടിരുന്നു. ലൂസിയ സംസാരം തുടര്‍ന്നു, അവള്‍ അവിടെ എത്തിച്ചേര്‍ന്നതിന് ഒരു കാരണംകൂടിയുണ്ട്: അവള്‍ക്ക് നല്ലൊരു കുടുംബജീവിതം വേണം. എന്നാല്‍ ചേര്‍ന്ന ഒരു യുവാവിനെ കണ്ടെത്തുന്ന അന്ന് രാത്രിതന്നെ പിശാച് അവളുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കും.

മനുഷ്യമക്കളെ നശിപ്പിക്കാനും പീഡിപ്പിക്കാനും മാത്രം ആഗ്രഹിക്കുന്ന അവന്‍ പറയും, ”ഞാന്‍ ലൂസിഫര്‍, ഞാനാണ് നിന്റെ ഭര്‍ത്താവ്!” ഈ സംഭവം പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടുകഴിഞ്ഞു. ലൂസിയയുടെ വിവരണങ്ങളില്‍നിന്ന് അവളുടെ അവസ്ഥയെക്കുറിച്ച് ഏതാണ്ട് വ്യക്തമായി. ഇനി അവള്‍ക്കായി മോചനപ്രാര്‍ത്ഥനകള്‍ നടത്തണം. അതിനായി അവളുടെ ഭാഷയില്‍ ‘യേശു’ എന്ന നാമം വിളിക്കാന്‍ ഞാന്‍ ലൂസിയയോട് ആവശ്യപ്പെട്ടു.

സാത്താനെ തകര്‍ക്കാനുള്ള ഒരേയൊരു നാമമാണല്ലോ യേശുനാമം. അവരുടെ ഭാഷയില്‍ ”യേസു” എന്നാണ് ഉച്ചരിക്കുന്നത്. എന്നാല്‍ അവള്‍ എത്ര ശ്രമിച്ചിട്ടും ‘യേസു’ എന്ന് ഉച്ചരിക്കാന്‍ സാധിച്ചതേയില്ല. പിന്നെയുള്ള വഴി അവളെ വീണ്ടും വചനം കേള്‍ക്കാന്‍ വിടുക എന്നതാണ്. വീണ്ടും ധ്യാനത്തില്‍ പങ്കെടുത്ത് വചനം കേട്ടപ്പോള്‍ അവള്‍ക്ക് മാറ്റമുണ്ടായി. പാപബോധം ഹൃദയത്തിലുണര്‍ന്നതോടെ അവള്‍ കുമ്പസാരിക്കാന്‍ തീരുമാനിച്ചു. കുമ്പസാരം കഴിഞ്ഞപ്പോള്‍ അത്ഭുതങ്ങള്‍ തുടങ്ങുകയായിരുന്നു. പാപമോചനം നേടിയ ലൂസിയ ഹൃദയം തുറന്ന് വിളിച്ചു, ‘യേസു!!!’

റോമാ 10:9 വ്യക്തമാക്കുന്നു, ”യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും.” മനുഷ്യരക്ഷക്കായുള്ള ഏകനാമമായ യേശുനാമം ഉച്ചരിച്ചതോടെ അവളിലെ പൈശാചികസ്വാധീനം മുഴുവന്‍ പ്രകടമായി. ഒന്നിലധികം പിശാചുക്കള്‍ ഉള്ളതായിട്ടാണ് അനുഭവപ്പെട്ടത്. എങ്കിലും ഭൂതോച്ചാടനപ്രാര്‍ത്ഥനകള്‍ തുടര്‍ന്നതോടെ അവള്‍ സാവധാനം ശാന്തയായി. പിന്നീട് പൂര്‍ണ്ണമായും വിമോചിതയാക്കപ്പെട്ടു.

പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് (1 യോഹന്നാന്‍ 3:8) എന്ന സത്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്ന സംഭവമായിരുന്നു അത്. ഇത്തരം സംഭവങ്ങളില്‍ എന്റെ ശ്രദ്ധ പതിഞ്ഞിട്ടുള്ള ഒരു കാര്യം കൂടിയുണ്ട്, പൈശാചിക സ്വാധീനമുള്ള ആളുകള്‍ രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ വരുമെങ്കിലും അവരെ പ്രധാനമായും നിയന്ത്രിക്കുന്നത് പിശാചുതന്നെയാണ്. അതിനാല്‍ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകും.

മിക്കവാറും അവര്‍ അധികം വൈകാതെ കൈയുടെ പെരുവിരലും ചൂണ്ടുവിരലും ചെറുവിരലും ഉയര്‍ത്തി ഒരു അടയാളം കാണിക്കും. അത് കൂടുതല്‍ പിശാചുക്കളെ വിളിക്കുന്ന അടയാളമാണ്. ദൈവികശക്തിയെ എതിര്‍ത്തു തോല്പിക്കാന്‍ വലിയ പൈശാചികസംഘത്തെ വിളിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. ഇന്ന് ഈ അടയാളം തമാശരൂപേണ കുട്ടികളുള്‍പ്പെടെ പലരും കാണിക്കുന്നത് പതിവാണെന്നതും ശ്രദ്ധിക്കണം.

ലൂസിഫര്‍ എന്ന നാമവും പൈശാചിക അടയാളങ്ങളുമെല്ലാം വെറുമൊരു രസത്തിന് ഉപയോഗിക്കുന്നതുപോലും ഉപദ്രവകരമാണ് എന്ന സത്യം ഇതോടു ചേര്‍ത്ത് പറയാതെ വയ്യ. പൈശാചികപ്രാര്‍ത്ഥനകള്‍ നടത്തി ശരീരത്തില്‍ ധരിക്കുന്ന വസ്തുക്കളും അതുപോലെതന്നെ ഇതര സാത്താനിക വസ്തുക്കളുമെല്ലാം ദോഷം ചെയ്യും. പൈശാചികാരാധനകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പോയാല്‍പ്പോലും ശത്രുവിന്റെ സ്വാധീനവലയത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വരുന്നവരിലെല്ലാം ദൈവികമായ എല്ലാത്തിനെയും എതിര്‍ക്കാനുള്ള പ്രവണത കാണാം. ഒളിപ്പിച്ചുവച്ചിരിക്കുന്ന പൈശാചിക ആഭരണങ്ങള്‍, വസ്തുക്കള്‍ എന്നിവ നീക്കിക്കഴിഞ്ഞാണ് പലരും സ്വതന്ത്രരാവുക.

ഇത്തരം സംഭവങ്ങളില്‍നിന്നെല്ലാം വ്യക്തമാവുന്നത് പൈശാചിക സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹത്തില്‍നിന്നാണ് വിമോചനത്തിന്റെ തുടക്കം എന്നതാണ്. ഇത്തരം ബന്ധനങ്ങളില്‍ അകപ്പെട്ടുപോയാലും രക്ഷപ്പെടാനുള്ള നമ്മുടെ ആത്മാവിന്റെ ദാഹം മനസ്സിലാക്കുകയും അതിനോടു സഹകരിക്കുകയും ചെയ്യുന്ന പക്ഷം വിജയം നേടാം. എന്തെന്നാല്‍ ”യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവന്‍ വിജയിച്ചിരിക്കുന്നു” (വെളിപാട് 5:5). ലൂസിയയുടെ ഭാഷയില്‍ പറഞ്ഞാല്‍, യേസു യവന്‍ഗുളാ! (യേശു വിജയിച്ചിരിക്കുന്നു).


ഫാ. ബിജു വള്ളിപ്പറമ്പില്‍ വി.സി, ഉഗാണ്ട

Leave a Reply

Your email address will not be published. Required fields are marked *