ശക്തിപ്പെടുത്തുന്ന ഓര്‍മ്മ

അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ച്, അവര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍” (ലൂക്കാ 22: 19).

ഓര്‍മ്മകള്‍ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നു. വൈദികപഠനകാലത്ത് ഒരു തടവുകാരനെ കണ്ടുമുട്ടിയത് ഓര്‍ക്കുന്നു. അദ്ദേഹം സ്വന്തം പിതാവിന്റെ ജീവനെടുത്തയാളാണ്. എന്നാല്‍ അത് ഓര്‍ക്കാന്‍പോലും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. മാത്രവുമല്ല അതേക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹത്തിന് സുബോധം നഷ്ടപ്പെട്ടതുപോലെയാകുന്നു. അതിനാല്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നതിന് ആ ദുരനുഭവത്തെക്കുറിച്ചുള്ള ഓര്‍മ്മ ഉണര്‍ത്തുന്ന ഒന്നും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നാണ്.

ഇതേ പശ്ചാത്തലത്തില്‍ പരിശുദ്ധ കുര്‍ബാനയെക്കുറിച്ച് ധ്യാനിക്കുക. യേശു തന്റെ അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യന്‍മാര്‍ക്ക് നല്കുന്നതിനെക്കുറിച്ച് സുവിശേഷങ്ങളില്‍ നാം വായിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് അപ്പം വാഴ്ത്തി നല്കിക്കൊണ്ട് തന്റെ ശരീരമാണെന്ന് പറയുന്ന യേശു തന്റെ ഓര്‍മ്മയ്ക്കായി അപ്രകാരം ചെയ്യുവാന്‍ കല്പിക്കുന്നതാണ്. എന്തെന്നാല്‍ ഈ ഓര്‍മ്മയാണ് ഏത് ക്രിസ്തുശിഷ്യനെയും നയിക്കേണ്ടത്.

അത് സ്‌നേഹത്തിന്റെ മധുരതരമായ ഓര്‍മ്മയാണ്. അതോര്‍ക്കുമ്പോഴെല്ലാം ദൈവസ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് നാം ഊളിയിടും. ഹൃദയത്തെ ജ്വലിപ്പിക്കും. ജീവിക്കാന്‍ കൂടുതല്‍ കരുത്തും ഉത്തേജനവും നല്കും. ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കാന്‍ പ്രാപ്തരാക്കും. പ്രതികൂലങ്ങളെ തരണം ചെയ്യാന്‍ ശക്തിപ്പെടുത്തും. സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാന്‍ കൃപ നല്കും. ഉള്ളില്‍ വലിയ സമാശ്വാസവും ബലവും നിറയും. യേശുവിന്റെ കല്പനയനുസരിച്ചാണ് നാം ഇന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. അതിനാല്‍ ഹൃദയപൂര്‍വം ഓരോ വിശുദ്ധബലിയര്‍പ്പിക്കുമ്പോഴും ആ ഓര്‍മ്മ നമ്മെ ക്രിസ്തുവിലേക്ക് നയിക്കും.


ഫാ. സിറില്‍ ഇമ്മാനുവല്‍ കുറ്റിക്കല്‍ ഒ.എഫ്.എം.കാപ്

 

Leave a Reply

Your email address will not be published. Required fields are marked *