എനിക്ക് രക്ഷപ്പെടാന്‍ കഴിയുമോ?

മനോഹരമായ ആ സായന്തനത്തില്‍ വീടുകളിലേക്ക് മടങ്ങുന്നവരുടെ സന്തോഷഭരിതമായ മുഖങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു ഞാന്‍. അവര്‍ മൂന്ന് ദിവസത്തെ ശാലോം ധ്യാനം കഴിഞ്ഞ് ആത്മാവില്‍ നവീകരിക്കപ്പെട്ട് തിരികെ പോവുകയാണ്. എന്റെ ഹൃദയത്തില്‍ നന്ദിനിറഞ്ഞ സന്തോഷം തുളുമ്പി. അപ്പോഴതാ പിന്നില്‍നിന്നൊരു സ്വരം! ‘പാദ്രെ, ഈശോ എന്നെ സുഖപ്പെടുത്തുമോ?’ ആ ചോദ്യം എന്റെ ശ്രദ്ധ പിടിച്ചെടുത്തു.

ഇരുപത് വയസോളം പ്രായമുള്ള യുവാവ് എന്റെ അരികില്‍ നില്ക്കുന്നു. അവന്‍ ആകെ ആശയക്കുഴപ്പത്തിലാണെന്ന് ആ മുഖം പറയുന്നുണ്ട്. എല്ലാവരും മടങ്ങിപ്പോക്കിന്റെ തിരക്കിലായിരിക്കേ ഈ യുവാവ് ഒരു ധൃതിയും കാണിക്കുന്നില്ല. അവന്റെ മനസ്സില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെന്ന ശക്തമായ ആവശ്യത്തിലാണ് അവനെന്നു തോന്നി. ”വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കാന്‍ എനിക്ക് സാധിക്കുമോ? ഞാനെന്റെ പഴയ ശീലങ്ങളിലേക്ക് മടങ്ങിപ്പോകുമോ?”

ഈ ചെറുപ്പക്കാരന് എല്ലാം- കുടുംബം, സുഹൃത്തുക്കള്‍, ബന്ധങ്ങള്‍- അശ്ലീലചിത്രങ്ങളുടെ അടിമത്തംവഴി നഷ്ടപ്പെട്ടതാണെന്ന് ധ്യാനത്തിന്റെ ആദ്യദിനംതന്നെ ഞാനറിഞ്ഞിരുന്നു. തീര്‍ത്തും താറുമാറായ, ശൂന്യത നിറഞ്ഞ ജീവിതം. അവന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തോന്നി. തന്റെ മാതാപിതാക്കളെപ്പോലും സദുദ്ദേശ്യത്തോടെ നോക്കാനാവാത്തവിധത്തിലായിരുന്നു അവന്റെ മാനസികസ്ഥിതി. അവന്റെ ജീവിതം മുഴുവന്‍ അഴുക്കു നിറഞ്ഞിരുന്നു, മാത്രവുമല്ല അവന്റെ മനസ്സ് കുറ്റബോധത്തില്‍ മുങ്ങിയുമിരുന്നു. ഈ അടിമത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവന്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു, പക്ഷേ ഒന്നും വിജയിച്ചില്ല. അവന്‍ അതേ പാപത്തില്‍ വീണ്ടും വീണ്ടും വീണുകൊണ്ടിരുന്നു.

ദൈവത്തിന് എന്തെങ്കിലും അസാധ്യമാണോ?
വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞതുപോലെ പാപത്തിന്റെ ഭൂതകാലമില്ലാത്ത ഒരു വിശുദ്ധനില്ല, പുണ്യത്തിന്റെ ഭാവിയില്ലാത്ത ഒരു പാപിയുമില്ല. ആ ചെറുപ്പക്കാരന്‍ ഓര്‍മ്മിച്ചെടുത്തു, വിശുദ്ധ കുമ്പസാരത്തിലാണ് ദൈവകരുണ തന്റെ ഹൃദയത്തെ തൊട്ടത്. ഇത്, ഒരു കുഞ്ഞിനെപ്പോലെ ദൈവത്തില്‍ ആശ്രയിക്കേണ്ടതെങ്ങനെയെന്ന ആഴമായ തിരിച്ചറിവ് അവനു നല്കി. വാസ്തവത്തില്‍, ഭാവിയെക്കുറിച്ചുള്ള അവന്റെ ഉത്കണ്ഠ വിശുദ്ധിയാര്‍ന്ന ഒരു ജീവിതം നയിക്കുന്നതിനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തിയത്. വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിന്റെ വാക്കുകള്‍ എനിക്കോര്‍മ്മ വന്നു, ”വിശുദ്ധമായ ഒരു ജീവിതത്തിലേക്ക് നീ വയ്ക്കുന്ന ഓരോ ചുവടും കര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു.” ”പരിശ്രമിച്ചുകൊണ്ടേയിരിക്കുക” ഞാന്‍ ആ യുവാവിനെ പ്രോത്സാഹിപ്പിച്ചു.

മാനസാന്തരത്തില്‍ വളരാനുള്ള താക്കോല്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ്, പ്രകടമായ ഒരു ഫലം കാണുന്നില്ലെങ്കില്‍പ്പോലും. ദൈവം നിങ്ങളുടെ പരിശ്രമം കാണുന്നു. നമ്മുടെ പുരോഗതി കാണാന്‍ കഴിവില്ലാത്തത് ദൈവത്തില്‍ കൂടുതലായി ആശ്രയിക്കാന്‍ നമ്മെ സഹായിക്കും. മാനസാന്തരം ഒരു നിമിഷത്തില്‍ സംഭവിക്കുന്നു. പക്ഷേ അത് പൂര്‍ത്തിയാകാന്‍ ജീവിതകാലം മുഴുവന്‍ വേണം. വിശുദ്ധിയില്‍ നിലനില്ക്കാന്‍ ബൈബിള്‍ നമുക്ക് മൂന്ന് സുപ്രധാനഘടകങ്ങള്‍ കാണിച്ചുതരുന്നു.

ആഗ്രഹത്തില്‍നിന്നാണ് തുടക്കം
എന്താണ് നിങ്ങള്‍ അന്വേഷിക്കുന്നത്? ഒരു ഇന്ധനംപോലെ അത് നിങ്ങളെ കത്തിക്കും. ആഗ്രഹമാണ് പ്രവൃത്തിയിലേക്ക് നയിക്കുന്നത്. ഗൂഗിള്‍ സേര്‍ച്ച് ഹിസ്റ്ററി ഒരാളുടെ താത്പര്യങ്ങളും രഹസ്യ ആഗ്രഹങ്ങളും വെളിവാക്കും. ”നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21). മരിയ വാള്‍ത്തോര്‍ത്തയുടെ ‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’യില്‍ ഒരു കൂട്ടം ആളുകള്‍ ഈശോയോട് ഇങ്ങനെ ചോദിക്കുന്നുണ്ട്, ”എന്തുകൊണ്ടാണ് അങ്ങ് ജീവിതത്തില്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തത്?”

ഈശോയുടെ ഉത്തരം വളരെ ലളിതമാണ്, ”ഞാനൊരിക്കലും പാപം ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല” വിശുദ്ധിയിലേക്കുള്ള ആദ്യപടി ശുദ്ധതക്കായുള്ള ആഗ്രഹമാണ്. കാരണം ആഗ്രഹം പ്രയത്‌നത്തിലേക്ക് നയിക്കുന്നു. അപ്പസ്‌തോലനായ പൗലോസ് ആഗ്രഹങ്ങളുടെ തലത്തിലുള്ള ഇതേ പോരാട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്: ”ഞാന്‍ ഓടുന്നത് ലക്ഷ്യമില്ലാതെയല്ല. ഞാന്‍ മുഷ്ടിപ്രയോഗം നടത്തുന്നത് വായുവില്‍ പ്രഹരിക്കുന്നതുപോലയല്ല. മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാന്‍തന്നെ തിരസ്‌കൃതനാകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ച് കീഴടക്കുന്നു” (1 കോറിന്തോസ് 9:27).

ആഗ്രഹം നമ്മുടെ കാല്‍വയ്പുകളെ നിയന്ത്രിക്കുന്നു. ചില ആഗ്രഹങ്ങളെ നാം നീക്കിക്കളയണം, എന്നാല്‍ ചിലതിനെ നാം പോഷിപ്പിക്കണം. നിവര്‍ത്തിയാക്കപ്പെടാത്ത ആഗ്രഹങ്ങള്‍ അടിമത്തത്തിലേക്ക് നയിക്കുന്നു. വിശുദ്ധജീവിതം പുല്‍കാന്‍ വിശുദ്ധിക്കായുള്ള ആഗ്രഹം നാം നട്ടുവളര്‍ത്തണം. ദൈവികമായ ആഗ്രഹങ്ങള്‍ നട്ടുവളര്‍ത്തുന്നത് ആത്മാവിനെ ദൈവത്തില്‍ കേന്ദ്രീകരിക്കാന്‍ സഹായിക്കും. വിശുദ്ധ അഗസ്റ്റിന്‍ പറയുന്നു, ”ഒരു നല്ല ക്രൈസ്തവന്റെ ജീവിതം മുഴുവനും, യഥാര്‍ത്ഥത്തില്‍, വിശുദ്ധമായ ഒരു ആഗ്രഹത്തിന്റെ പരിശീലിക്കലാണ്. നിങ്ങള്‍ കൊതിക്കുന്നതെന്താണെന്ന് നിങ്ങള്‍ കാണുന്നില്ല, എങ്കിലും, ആ ആഗ്രഹം നിങ്ങളെ ഒരുക്കുന്നു. അതിനാല്‍ അവിടുന്ന് വരുമ്പോള്‍, നിങ്ങള്‍ കൊതിച്ചത് എന്താണെന്ന് നിങ്ങള്‍ കാണും, അങ്ങനെ സംതൃപ്തരാകുകയും ചെയ്യും”

ഉയര്‍ച്ചയാണോ വീഴ്ചയാണോ?
നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ ഫലമാണ് നാം. സാഹചര്യവും സന്ദര്‍ഭവും നമ്മുടെ പ്രവൃത്തികളെ വളരെയധികം സ്വാധീനിക്കുന്നു. അതിനാല്‍ സാഹചര്യത്തിലുള്ള മാറ്റം വളരെയധികം വ്യത്യാസമുണ്ടാക്കും. വിശുദ്ധിയാര്‍ന്ന ഒരു സാഹചര്യത്തിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് വിശുദ്ധിയിലായിരിക്കാന്‍ അത്യാവശ്യമാണ്.

എല്ലാ മനുഷ്യര്‍ക്കും വിലക്കപ്പെട്ട കാര്യം ചെയ്യാനുള്ള ഒരു സ്വാഭാവിക പ്രവണതയുണ്ട്. റോമാ7: 23-ല്‍ വിശുദ്ധ പൗലോസ് പറയുന്നത് അതാണ്, ”എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.” സിയന്നായിലെ വിശുദ്ധ ബര്‍ണാര്‍ദിന്‍ നമ്മെ പഠിപ്പിക്കുന്നത് ഏറ്റവും നല്ലത് പാപസാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്.

ഇത് തീര്‍ച്ചയായും വിശുദ്ധിക്ക് അടിസ്ഥാനമിടുന്നു. ”നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു” (1 പത്രോസ് 5:8). തിന്മ വേഷം മാറിയാണ് വരുക, പലപ്പോഴും നമ്മുടെ ബലഹീനതയുടെ രൂപത്തില്‍. വിശുദ്ധ ഫിലിപ് പറയുന്നു, ”അശുദ്ധിക്കെതിരായ പോരാട്ടത്തില്‍ പാപസാഹചര്യങ്ങളില്‍നിന്ന് ഓടിമറയുന്നവര്‍ക്കൊപ്പമായിരിക്കും വിജയം; ആക്രമണത്തെ ചെറുക്കാനാവാത്ത വിധത്തില്‍ സ്വയം അതിനു വിട്ടുകൊടുക്കുകയും തന്റെ ശരീരത്തെ മുറിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കൊപ്പമല്ല.”

ഹൃദയത്തില്‍ എഴുതി വയ്ക്കുക
ദൈവകരുണയില്‍ ശരണപ്പെടുകയും ആശ്രയിക്കുകയും ചെയ്യുക എന്നതാണ് വിശുദ്ധിയില്‍ പുരോഗതി പ്രാപിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം. കാര്യങ്ങളെല്ലാം സങ്കീര്‍ണ്ണമാക്കാന്‍ കാത്തിരിക്കുന്ന ഒരു വിധിയാളനല്ല ദൈവം. അവിടുന്ന് നമ്മുടെ പിതാവാണ്, കരുണ കവിഞ്ഞൊഴുകുന്ന ഹൃദയമുള്ളവന്‍; തന്റെ കരുണയുടെ സിംഹാസനത്തെ സമീപിക്കുന്ന ഏതൊരാളെയും പുണരാന്‍ കാത്തിരിക്കുന്നവന്‍. നമ്മില്‍ത്തന്നെ വിശ്വസിക്കുന്നതും നമ്മുടെ പരിശ്രമങ്ങളില്‍ ആശ്രയിക്കുന്നതും ഉറപ്പായും പരാജയപ്പെടാനുള്ള വഴിയാണ്

. എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നതിലൂടെ എല്ലാം ചെയ്യാന്‍ നമുക്ക് സാധിക്കും. നമ്മുടെ വഴിയില്‍ കുറവുകള്‍ സംഭവിച്ചേക്കാം, എന്നാല്‍ അത് നമ്മെത്തന്നെ എളിമപ്പെടുത്താനുള്ളതാണ്. ”ഞാന്‍ സ്‌നേഹവും കരുണയുമാണ്….” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക 1273). യേശുവിന്റെ കരുണ നമ്മെത്തന്നെ അവിടുത്തെ ഹിതത്തിന് വിട്ടുകൊടുക്കാനുള്ള ക്ഷണമാണ്. മനുഷ്യന് അസാധ്യമായത് ദൈവത്തിന്റെ കരുണയാല്‍ സാധ്യമാണ്.പത്രോസ് ഒരു നുണയനായിരുന്നു; മറിയം മഗ്ദലേന വഴിപിഴച്ചവളും; ഈജിപ്തിലെ മറിയം വേശ്യയായിരുന്നു; പൗലോസ് ഒരു പീഡകന്‍; അഗസ്റ്റിന്‍ ധൂര്‍ത്തപുത്രനും; പക്ഷേ അവരെല്ലാം വിശുദ്ധിയുടെ വഴിയിലൂടെ സഞ്ചരിച്ച് വിശുദ്ധരായി മാറി!

എപ്പോഴും ഓര്‍ക്കുക, അവിടുത്തെ കൃപ നിനക്ക് മതി… ഇപ്പോള്‍ എഴുന്നേല്‍ക്കാനും മുന്നോട്ടു പോകാനുമുള്ള സമയമാണ്. വിശുദ്ധി ആഗ്രഹിക്കുക, എല്ലാ പാപസാഹചര്യങ്ങളില്‍നിന്നും അകന്നു നില്ക്കാനുള്ള ധീരമായ തീരുമാനം എടുക്കുക, അവിടുത്തെ കരുണയില്‍ ശരണപ്പെടുകയും ചെയ്യുക!

പ്രാര്‍ത്ഥന
ഓ കര്‍ത്താവേ, വിശുദ്ധിക്കായുള്ള തീവ്രമായ ഒരു ആഗ്രഹം എന്നില്‍ നിക്ഷേപിക്കണമേ, അതുവഴി പരിശുദ്ധാത്മാവിനാല്‍ ശക്തീകരിക്കപ്പെട്ട്, ഞങ്ങള്‍ പാപത്തില്‍നിന്ന് അകന്നുനില്ക്കട്ടെ. അങ്ങയുടെ കരുണയുടെ ഉറവയിലേക്ക് ആത്മവിശ്വാസത്തോടെ ഞങ്ങള്‍ വരുന്നു, അങ്ങയുടെ സ്‌നേഹം നിറഞ്ഞ കൈകളില്‍ ഞങ്ങളെ വിട്ടുതരുന്നു. ആമ്മേന്‍.


ഫാ. ജില്‍റ്റോ ജോര്‍ജ് സി.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *