അമേരിക്കയെ കത്തെിയ പ്രാര്‍ത്ഥന

ഒരു പുതിയ ഭൂപ്രദേശം കണ്ടെത്താനുള്ള സാഹസികയാത്ര. നേതൃത്വം നല്കുന്നത് ക്രിസ്റ്റഫര്‍ കൊളംബസ്. 1492-ല്‍ നടന്ന ഈ യാത്രയെക്കുറിച്ച് അറിയാത്തവര്‍ വിരളം. പക്ഷേ ആ യാത്ര വിജയമായിത്തീര്‍ന്നതിനു പിന്നിലെ മാധുര്യം നിറഞ്ഞ ഒരു പ്രാര്‍ത്ഥനയുടെ കഥ അത്ര പ്രശസ്തമല്ല.  എല്ലാ പ്രഭാതത്തിലും കപ്പലിലുള്ള എല്ലാവരെയും മുകള്‍ത്തട്ടില്‍ വിളിച്ചുകൂട്ടി കൊളംബസ് ഒരു പ്രാര്‍ത്ഥന ചൊല്ലുമായിരുന്നു.

പരിശുദ്ധ ദൈവമാതാവായ മറിയത്തിന്റെ സംരക്ഷണത്തിന്‍കീഴില്‍ തങ്ങള്‍ക്കുള്ള വിശ്വാസം പ്രഖ്യാപിക്കുന്ന പ്രാര്‍ത്ഥന. അമേരിക്കന്‍ ഭൂഖണ്ഡം കണ്ടുപിടിക്കാന്‍ ക്രിസ്റ്റഫര്‍ കൊളംബസിനും സംഘത്തിനും സഹായം നല്കിയ ആ പ്രാര്‍ത്ഥന നമുക്ക് പരിചിതമാണ്. അതാണ് ‘പരിശുദ്ധ രാജ്ഞീ’ എന്നാരംഭിക്കുന്ന ജപം; ലത്തീന്‍ ഭാഷയില്‍ സാല്‍വേ റെജിനാ.

ഒരു ആശ്രമത്തിലോ മഠത്തിലോ നിങ്ങള്‍ ധ്യാനവാസത്തിനു പോവുകയാണെങ്കില്‍ ദിവസത്തിന്റെ അവസാനം സന്യാസികളും സന്യാസിനികളുമെല്ലാം മനോഹരമായ ഈ പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് ചാപ്പലില്‍നിന്ന് അവരുടെ മുറികളിലേക്ക് നീങ്ങുന്നത് കാണാം. നൂറ്റാണ്ടുകളായി യാമപ്രാര്‍ത്ഥനകള്‍ക്കെല്ലാം ഏറ്റം ഒടുവില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനയാണിത്. ജപമാലയോടു ചേര്‍ന്നും ഇത് ചൊല്ലും.

ക്ലെയര്‍വോക്‌സിലെ വിശുദ്ധ ബര്‍ണാര്‍ഡാണ് ‘പരിശുദ്ധ രാജ്ഞീ’ രചിച്ചത് എന്നാണ് ഒരു പാരമ്പര്യം പറയുന്നത്. വിശുദ്ധന്റെ രചനകളില്‍ ഇതിന്റെ പ്രതിധ്വനികള്‍ കാണുന്നുമുണ്ട്. എങ്കിലും ഇതേ രൂപത്തില്‍ ഈ പ്രാര്‍ത്ഥന കാണാന്‍ കഴിയില്ല. അതേസമയം, ചരിത്രപരമായ തെളിവുകളനുസരിച്ച് ജര്‍മ്മന്‍ സന്യാസവൈദികനായിരുന്ന ഹെര്‍മ്മന്‍ ദ ലാമെ (1013-1054) ആണ് ഈ പ്രാര്‍ത്ഥന രചിച്ചത് എന്നാണ് കരുതപ്പെടുന്നത്.

ശാരീരികപ്രശ്‌നങ്ങളുമായി ജനിച്ച ഹെര്‍മ്മന് മറ്റനേകം കഴിവുകളുണ്ടായിരുന്നു. ഗണിതശാസ്ത്രം, ലത്തീന്‍, ഗ്രീക്ക്, അറബിക് ഭാഷകള്‍ എന്നിവയില്‍ ആ ബാലന്‍ സമര്‍ത്ഥനായിരുന്നു. വളരെ ക്ഷമാശീലനും അനുകമ്പയുള്ളവനുമായാണ് അവന്‍ കാണപ്പെട്ടത്, സംഗീതത്തിലും നിപുണന്‍. ചെറുപ്പംമുതലേ പരിശുദ്ധ മാതാവിനോട് അതിരറ്റ ഭക്തി പുലര്‍ത്തിയിരുന്നു. അതിനാല്‍ത്തന്നെ പില്ക്കാലത്ത് സന്യാസവൈദികനായിത്തീര്‍ന്ന അദ്ദേഹം ഈ പ്രാര്‍ത്ഥന രചിച്ചതില്‍ അതിശയമില്ല എന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

എന്തുതന്നെയായാലും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയത്തോടുള്ള ഈ പ്രാര്‍ത്ഥനയില്‍ മാതാവിനോടുള്ള സ്‌നേഹമാധുര്യമുണ്ട്. ഞങ്ങളുടെ ഈ ഭൂപ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചുതരണമേ എന്ന് ആ പരിശുദ്ധരാജ്ഞിയോട് നമുക്ക് അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *