ബാലസന്യാസിയായ പ്ലാസിഡ് വെള്ളമെടുക്കാന്‍ തടാകക്കരയിലേക്ക് പോയതാണ്. പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന പാത്രം തടാകത്തിലേക്ക് വീണുപോയത്. അതെടുക്കാനുള്ള ശ്രമത്തിനിടയില്‍ പ്ലാസിഡും വെള്ളത്തില്‍ വീണു. ചുഴിയില്‍പ്പെട്ട് മുങ്ങാനാരംഭിച്ച പ്ലാസിഡിന്റെ അവസ്ഥ തന്റെ ആശ്രമമുറിയിലിരുന്ന വിശുദ്ധ ബനഡിക്റ്റ് തിരിച്ചറിഞ്ഞു.
അദ്ദേഹം വേഗം സന്യാസസഹോദരനായ മൗറസിനെ വിളിച്ച് പ്ലാസിഡ് വെള്ളത്തില്‍ മുങ്ങുകയാണെന്നും ഓടിച്ചെന്ന് രക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതു കേട്ടയുടനെ മൗറസ് ഓടി. തടാകക്കരയിലെത്തിയിട്ടും മൗറസ് ഓട്ടം നിര്‍ത്തിയില്ല. വെള്ളത്തിനുമുകളിലൂടെയും അതുപോലെതന്നെ ഓടി. പ്ലാസിഡിനെ മുടിക്കു പിടിച്ച് തിരികെയും.
തടാകക്കരയില്‍ കാലുകുത്തിയപ്പോഴാണ് സംഭവിച്ചതെന്താണെന്ന് മൗറസിന് മനസ്സിലായത്. അദ്ദേഹം ആശ്ചര്യവും ഭയവുംകൊണ്ട് സ്തബ്ധനായി. ഇത് ബനഡിക്റ്റിനോട് പറഞ്ഞപ്പോള്‍ തനിക്കിതില്‍ ഒരു പങ്കുമില്ലെന്നും മൗറസിന്റെ ശ്രേഷ്ഠമായ അനുസരണത്തിന്റെ ഫലമാണെന്നുമായിരുന്നു അദ്ദേഹം വിശദീകരിച്ചത്. എന്നാല്‍ ബാലസന്യാസിയായ പ്ലാസിഡാകട്ടെ വെള്ളത്തില്‍നിന്ന് രക്ഷപ്പെടുത്തുമ്പോള്‍ താന്‍ കണ്ടത് വിശുദ്ധ ബനഡിക്റ്റിന്റെ മേലങ്കിയാണെന്ന് സാക്ഷ്യപ്പെടുത്തി. ഈ സംഭവം വിശുദ്ധ ബനഡിക്റ്റിന്റെ എളിമനിറഞ്ഞ വിശുദ്ധിയുടെയും സന്യാസോചിതമായ അനുസരണത്തിന്റെയും ശ്രേഷ്ഠത ഒരുപോലെ വെളിവാക്കുന്നു.
‘വിശുദ്ധ ബനഡിക്ട് ജീവിതവും അത്ഭുതങ്ങളും’