ആദ്യം തൊട്ടത് വെള്ളത്തില്‍വച്ച്…

ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് എനിക്ക് മാമ്മോദീസാ ലഭിച്ചത്. അതോടൊപ്പം പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിക്കാനും സാധിച്ചു. ആ നാളുകളില്‍ ഞാനും അനിയത്തിയും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകാനും വേദോപദേശം പഠിക്കാനും തുടങ്ങി. പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു ക്രൈസ്തവ
ജീവിതമായിരുന്നില്ല എന്റേത്. പതിയെപ്പതിയെ കൂട്ടുകാരില്‍നിന്ന് പല ചീത്ത ശീലങ്ങളും പഠിച്ചു. ചീത്ത പുസ്തകങ്ങള്‍ വായിക്കുക, മോശം സിനിമകള്‍ കാണുക തുടങ്ങിയവയൊക്കെ അതില്‍ പെടും. എന്റെ ജീവിതം ഞാനാഗ്രഹിച്ചതുപോലെ ജീവിച്ചു.

ഞങ്ങളുടെ സ്വദേശമായ വയനാട്ടിലായിരുന്നു പ്ലസ് ടു പഠനം. അതു കഴിഞ്ഞ് കോയമ്പത്തൂരില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിംഗ് കോഴ്‌സ് പഠിക്കാനായി ചേര്‍ന്നു. സമ്പന്നനാവുന്നതിനെക്കുറിച്ച് സ്വപ്‌നം കണ്ടുതുടങ്ങിയ സമയം. അവിടെവച്ച് ബിയര്‍ കഴിക്കുക എന്ന പുതിയ ശീലം തുടങ്ങി. എന്നാല്‍ ഞാന്‍ കണ്ടുതുടങ്ങിയ സ്വപ്‌നം പെട്ടെന്നുതന്നെ മങ്ങിപ്പോവുകയായിരുന്നു.

വര്‍ണാന്ധത അഥവാ കളര്‍ ബ്ലൈന്‍ഡ്‌നെസ് എന്ന അസുഖം നിമിത്തം മുമ്പ് ഒരു വിദ്യാര്‍ത്ഥിക്ക് പഠനം നിര്‍ത്തി പോകേണ്ടി വന്നിട്ടുള്ളതിനാല്‍ എല്ലാവരും നേത്രപരിശോധന നടത്തണമെന്ന് ഞങ്ങളുടെ പ്രൊഫസര്‍ ആവശ്യപ്പെട്ടു. അതുപ്രകാരം ടെസ്റ്റ് ചെയ്തപ്പോള്‍ എന്റെ കണ്ണിനും അതേ പ്രശ്‌നം! അങ്ങനെ ആ കോഴ്‌സ് നിര്‍ത്തി മൈസൂരില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. അവിടെവച്ച് മദ്യം, കഞ്ചാവ് തുടങ്ങിയവ ഉപയോഗിച്ചുതുടങ്ങി. പുകവലിയും ശീലമാക്കി.

മാറ്റത്തിന്റെ തുടക്കം
രണ്ടാം വര്‍ഷ ബിരുദപഠനകാലം. കൂട്ടുകാരൊന്നിച്ച് ബേല്‍മുറി ചെക്ക് ഡാമിനടുത്തേക്ക് പിക്‌നിക്കിനു പോയി. ഞങ്ങളെല്ലാം മദ്യപിച്ചിരുന്നു. ഡാമിന്റെ ഭംഗി ആസ്വദിക്കുന്നതിനിടക്ക് കാല്‍ വഴുതി എങ്ങനെയോ ഞാന്‍ വെള്ളത്തിലേക്ക് വീണു. മുങ്ങിത്താഴാന്‍ തുടങ്ങിയ എന്നെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. എല്ലാം എനിക്ക് തനിയെ ചെയ്യാന്‍ കഴിയും എന്ന എന്റെ അതിരുകവിഞ്ഞ ആത്മവിശ്വാസം ആദ്യമായി ഉടഞ്ഞത് അവിടെവച്ചാണ്.

മുങ്ങിത്താണുകൊണ്ടിരുന്ന സമയത്ത് ജീവിതത്തില്‍ ആദ്യമായി ഞാന്‍ വിശ്വാസത്തോടെ ദൈവത്തെ വിളിച്ചു, ”യേശുവേ, സഹായിക്കണേ!” പിന്നെ എന്താണുണ്ടായത് എന്നെനിക്കറിയില്ല. കണ്ണു തുറക്കുമ്പോള്‍ ഞാന്‍ വെള്ളത്തില്‍നിന്ന് പുറത്തെത്തിയിരുന്നു. ഒരു തുള്ളി വെള്ളംപോലും എന്റെ ഉള്ളില്‍ പോയിരുന്നുമില്ല. ഇന്നെനിക്കുറപ്പുണ്ട്, ഈശോതന്നെയാണ് എന്നെ വെള്ളത്തില്‍നിന്ന് പുറത്തെടുത്തത് എന്ന്. പക്ഷേ അതുകൊണ്ടൊരു മാറ്റം പെട്ടെന്ന് എന്നിലുണ്ടായില്ല. തുടര്‍ന്നും അത്ഭുതങ്ങളിലൂടെയാണ് അവിടുന്ന് എന്നെ വിശ്വാസത്തിലേക്ക് നയിച്ചത്.

സന്തോഷിക്കുന്ന കൂട്ടുകാര്‍
സെന്റ് ഫിലോമിനാസ് കോളേജില്‍ ഒരു ജീസസ് യൂത്ത് ഏകദിന പരിപാടിക്ക് ഒരു സുഹൃത്ത് എന്നെ ക്ഷണിച്ചു. ‘ഞാന്‍ ഇല്ല’ എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നെ തോന്നി, പോകാം… അവിടെ പെണ്‍കുട്ടികളൊക്കെ കാണും എന്നതായിരുന്നു ആകര്‍ഷണവിഷയം. പോകുന്നതിനൊരുക്കമായി ഞാന്‍ നല്ലവണ്ണം മദ്യപിച്ചു. പിറ്റേന്ന് എന്റെ അടുത്തെത്തിയവര്‍ ദുര്‍ഗന്ധം കാരണം അകന്നുപോകുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. അവിടെ വോളന്റിയറായി പ്രവര്‍ത്തിക്കാനാണ് വിളിച്ചതെങ്കിലും മദ്യത്തിന്റെ ഗന്ധം കാരണം വോളന്റിയറാകണ്ട എന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ അവിടെയിരിക്കാം, അല്ലെങ്കില്‍ തിരികെപ്പോകാം എന്നായിരുന്നു അവരുടെ നിര്‍ദേശം.

എന്തുകൊണ്ടോ ഞാന്‍ തിരികെപ്പോയില്ല, പിന്നിലിരുന്നു. പാട്ടും മറ്റ് പരിപാടികളുമെല്ലാം അവിടെയുണ്ടായിരുന്നു. എന്നാല്‍ എന്നെ ആകര്‍ഷിച്ചത് മറ്റൊന്നാണ്, ജീസസ് യൂത്ത് പ്രവര്‍ത്തകരുടെ സന്തോഷം! പാപത്തില്‍ ജീവിക്കുന്നതുകൊണ്ട് സന്തോഷമെന്തെന്ന് അറിയാത്ത എനിക്ക് അവര്‍ സന്തോഷം അഭിനയിക്കുകയാണെന്ന് തോന്നി. അതിനാല്‍ അവരുടെ മുഖത്തെ ചിരി മങ്ങുന്നത് കാണാന്‍വേണ്ടി ഞാന്‍ കാത്തിരുന്നു. പക്ഷേ അവരുടെ ചിരി മങ്ങിയില്ല! അതിനാല്‍ സ്‌റ്റേജിനു പുറകിലെത്തിയും അവരെ ശ്രദ്ധിച്ച എനിക്ക് ഒരു കാര്യം മനസ്സിലായി, അവര്‍ യഥാര്‍ത്ഥത്തില്‍ സന്തുഷ്ടരാണ്.

പാപം കഷ്ടതയുണ്ടാക്കുമോ?
എന്റെ പാപം നിമിത്തം എന്റെ കുടുംബവും സഹിക്കുന്നുണ്ടായിരുന്നു. അപ്പന് വിദേശത്ത് നല്ല ശമ്പളത്തില്‍ ജോലിയുണ്ടായിരുന്നെങ്കിലും ഡയബറ്റിക്കായിരുന്ന അനിയത്തിയുടെ ചികിത്സക്കും ഞങ്ങളുടെ പഠനത്തിനുമെല്ലാം കൂടി അത് തികയാത്ത അവസ്ഥ വന്നു. അമ്മയ്ക്കും നട്ടെല്ലിന്റെ പ്രശ്‌നം കാരണം ചികിത്സ വേണമായിരുന്നു. എന്നാല്‍ ഇതിനെല്ലാമിടയിലും പഠനത്തിനെന്നു പറഞ്ഞ് ഞാന്‍ മദ്യപിക്കാനായി വീട്ടില്‍നിന്ന് പണം ചോദിക്കും. അധികം വൈകാതെ അപ്പന്റെ ജോലി കാരണങ്ങളൊന്നുമില്ലാതെ നഷ്ടപ്പെട്ടു.

വീണ്ടും പലയിടത്ത് ജോലിക്ക് അന്വേഷിച്ചെങ്കിലും, വളരെ ഡിമാന്‍ഡുള്ള ജോലിയായിട്ടുപോലും, വേറെ ഒരിടത്തും ജോലി ലഭിച്ചില്ല. ഒടുവില്‍ ഒരു തടിക്കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി കിട്ടി. ചിലപ്പോഴൊക്കെ തടി ചുമക്കേണ്ടിവരെ വന്നു. അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ കഷ്ടതയനുഭവിച്ചുകൊണ്ടിരുന്നു. ഈയവസ്ഥയിലും ഈശോ എന്നെ പല തവണ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ഞാനെന്റെ പാപജീവിതം തുടര്‍ന്നു.

എന്നാല്‍, വെള്ളത്തില്‍ മുങ്ങിപ്പോയിട്ടും രക്ഷപ്പെട്ട സംഭവവും ഈശോയോടൊപ്പം ജീവിക്കുന്ന ജീസസ് യൂത്ത് പ്രവര്‍ത്തകരുടെ സന്തോഷത്തെക്കുറിച്ചുള്ള ചിന്തയുമെല്ലാം ഒരു ധ്യാനത്തില്‍ പങ്കെടുക്കണമെന്ന തീരുമാനത്തിലേക്ക് പതിയെ എന്നെ നയിച്ചു. അങ്ങനെ ഞാന്‍ പോട്ട ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനത്തിനു പോയി.

അവിടെവച്ച് ഈശോ എന്നെ ആകമാനം മാറ്റി. ആ മാറ്റത്തിന്റെ ഏറ്റവും കാതലായ സംഭവം വിശുദ്ധ കുമ്പസാരമായിരുന്നു. പശ്ചാത്താപത്തോടെ ഞാന്‍ കുമ്പസാരിച്ചു! ഈശോയുടെ കൃപ എന്റെമേല്‍ പെയ്തിറങ്ങി!! അതോടെ ഞാന്‍ വിശുദ്ധീകരിക്കപ്പെടുകയായിരുന്നു. പാപശീലങ്ങള്‍ ആ സമയംതന്നെ ഉപേക്ഷിച്ചു. പുതിയൊരു ജീവിതം ആരംഭിക്കുകയായിരുന്നു അവിടെനിന്ന്.

പിന്നീട് എന്റെ മൂന്നാം വര്‍ഷബിരുദപഠനത്തിനിടെ ഒരു വര്‍ഷം മുഴുവന്‍ ഈശോയ്ക്കും അവിടത്തെ ശുശ്രൂഷയ്ക്കുമായി മാറ്റിവച്ച് ജീവിക്കുന്ന ഒരു ജീസസ് യൂത്ത് ഫുള്‍ടൈമറായ പെണ്‍കുട്ടിയെ കണ്ടുമുട്ടി. ആ സമയത്ത് ഞാന്‍ യേശുവിനെ തീവ്രമായി തേടിക്കൊണ്ടിരുന്നു, അവിടുത്തെ അറിയാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. ആ വെളിച്ചത്തിലാണ് ആ പെണ്‍കുട്ടിയുടെ ശുശ്രൂഷ കണ്ടത്. അതിനാല്‍ ഞാനും ജീസസ് യൂത്ത് ഫുള്‍ടൈമറായി പോകാന്‍ തീരുമാനിച്ചു.

വീട്ടുകാരുടെ സമ്മതത്തോടെ പരിശീലനം സ്വീകരിച്ച് മണിപ്പൂരില്‍ ഫുള്‍ടൈമര്‍ഷിപ്പിന് പോയി. ആ വര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെത്തന്നെ ഒരു കോളേജില്‍ 11, 12 ക്ലാസുകളിലെ അധ്യാപകനായി ജോലി ലഭിച്ചു. അവിടെ പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ സംഘടിപ്പിക്കാനും യുവാക്കള്‍ക്കൊപ്പം ജീവിക്കാനും കഴിഞ്ഞു.  പതിയെ എന്റെ കുടുംബത്തിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. അപ്പന് വീണ്ടും വിദേശത്ത് നല്ല ജോലി ലഭിച്ചു. അനിയത്തിക്ക് ബി.എസ് സി നഴ്‌സിംഗിന് മെറിറ്റില്‍ സീറ്റ് ലഭിച്ചു.

അങ്ങനെയിരിക്കേ ഒരിക്കല്‍ അവധിക്ക് കേരളത്തില്‍ വന്നപ്പോള്‍ അമ്മയ്ക്ക് സഹായത്തിന് ഒരാള്‍ കൂടെ വേണമെന്ന് എനിക്കു തോന്നി. അതിനാല്‍ നാട്ടില്‍ നില്ക്കാന്‍ തീരുമാനിച്ചു. ഏതെങ്കിലും ചെറിയ ജോലി സംഘടിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അമ്മയുടെ നിര്‍ബന്ധപ്രകാരം എം.ബി.എ എന്‍ട്രന്‍സ് എഴുതി. ആ എന്‍ട്രന്‍സിനായി മറ്റ് ഒരുക്കങ്ങളൊന്നും നടത്തിയില്ല. പക്ഷേ വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിക്കുമായിരുന്നു. വാസ്തവത്തില്‍ അതുമാത്രമായിരുന്നു എന്റെ യോഗ്യത.

പരീക്ഷാഹാളിലെത്തിയപ്പോള്‍, വിജയമൊന്നും പ്രതീക്ഷിക്കാത്തതിനാല്‍, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ വായിക്കുകപോലും ചെയ്യാതെ ഉത്തരങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. പെട്ടെന്ന് ഉള്ളില്‍ പരിശുദ്ധാത്മാവിന്റെ സ്വരം മുഴങ്ങി, ”എന്താണ് ചെയ്യുന്നത്, നീ പ്രാര്‍ത്ഥിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തതല്ലേ?” പരിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്നില്‍നിന്ന് ഈശോ ആഗ്രഹിക്കുന്നത് മറ്റൊന്നാണെന്ന് ആ സമയം ബോധ്യപ്പെട്ടു. ആ നിമിഷംമുതല്‍ ഞാന്‍ ചോദ്യങ്ങള്‍ വായിച്ച് ഉത്തരമെഴുതാന്‍ തുടങ്ങി.

അതുകഴിഞ്ഞ് ജോലി രാജി വച്ച് പോരാനായി വീണ്ടും മണിപ്പൂരിലേക്ക് പോകാന്‍വേണ്ടി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരിക്കുന്ന സമയം. അസാധാരണമായ ഒരു ചിന്ത മനസ്സില്‍! എന്‍ട്രന്‍സ് പരീക്ഷ വിജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവുമൊക്കെയുണ്ടല്ലോ! വേഗംതന്നെ ബുക്ക് സ്റ്റാളില്‍ പോയി മത്സരവിജയത്തിനായുള്ള ഒരു പുസ്തകം വാങ്ങി. യാത്രയില്‍ മുഴുവന്‍ അത് വായിച്ചു.

അല്പദിവസത്തിനകം അമ്മ വിളിച്ചു. പരീക്ഷ എഴുതിയ ആയിരങ്ങളില്‍നിന്ന് എനിക്ക് 15-ാമത്തെ റാങ്ക് ലഭിച്ചിരിക്കുന്നു! തുടര്‍ന്ന് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്‍ര്‍വ്യൂവും ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായി പങ്കെടുക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍. എങ്കിലും വിഷയം തന്ന് പെട്ടെന്നുതന്നെ ഞാന്‍ ഡിസ്‌കഷന്‍ തുടങ്ങി. കാരണം ഡിസ്‌കഷനു ലഭിച്ചത് റെയില്‍വേ സ്‌റ്റേഷനില്‍വച്ച് വാങ്ങിയ പുസ്തകത്തിലെ അതേ വിഷയം! ആര്‍ക്കും എന്നെ തോല്പിക്കാന്‍ സാധിക്കാത്തവിധത്തില്‍ പരിശുദ്ധാത്മാവ് എന്നെ നയിച്ചു.

അതെന്നെത്തന്നെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് എം.ജി സര്‍വ്വകലാശാലയില്‍ 25 ജനറല്‍ സീറ്റുകളുള്ളതിലേക്ക് 5-ാം റാങ്കോടെ ഞാന്‍ പ്രവേശിപ്പിക്കപ്പെട്ടു. എന്റെ സാമ്പത്തികാവസ്ഥക്ക് ചേര്‍ന്ന വിധത്തില്‍ കുറഞ്ഞ ചെലവില്‍ പഠനം പൂര്‍ത്തിയാക്കാനും ഈശോ സാഹചര്യമൊരുക്കി. അധികം വൈകാതെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ലഭിച്ചു.

പിന്നീട് ജീവിതാന്തസ് തെരഞ്ഞെടുക്കുന്നതിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ വ്യക്തമായി ഉത്തരം നല്കി. അങ്ങനെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. ജീസസ് യൂത്ത് ഫുള്‍ടൈമറായി ശുശ്രൂഷ ചെയ്തിട്ടുള്ള ഒരു പെണ്‍കുട്ടിയെത്തന്നെയാണ് എനിക്ക് വധുവായി ലഭിച്ചത്. ഇന്ന് ഈശോ നല്കിയ മൂന്ന് മക്കള്‍ക്കൊപ്പം ഞങ്ങള്‍ എറണാകുളത്ത് താമസിക്കുന്നു. എറണാകുളത്തുള്ള സ്വകാര്യ ബാങ്കിലാണ് ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. എന്നെ രക്ഷിച്ച ഈശോ ഇന്നും എന്നെ കരുതുന്നു. പാപങ്ങളില്‍ വീണുപോകുമ്പോള്‍ അവിടുത്തെ കൃപ എന്നെ എഴുന്നേല്പിക്കുന്നു, മുന്നോട്ട് നയിക്കുന്നു. ഞാന്‍ അവിടുത്തേക്കായി ജീവിക്കാനാരംഭിച്ചപ്പോള്‍ എന്റെ കാര്യങ്ങള്‍ അവിടുന്ന് ഏറ്റെടുത്തു. ഇന്നും ജീവിക്കുന്ന യേശുവിന് നന്ദി.


വിനു പി.എസ്, എറണാകുളം

Leave a Reply

Your email address will not be published. Required fields are marked *