റിലേയുടെ ബാക്കി ഓടിയ ഈശോ

എം.ബി.ബി.എസിന്റെ മൂന്നാം വര്‍ഷ ഫൈനല്‍ പരീക്ഷ തുടങ്ങിയപ്പോഴാണ് സംഭവം. പരീക്ഷ തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് പനിയും തലവേദനയും ശരീരവേദനയും. ഡെങ്കിപ്പനിയാണെന്ന് പിറ്റേന്ന് മനസിലായി. പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന് ആശുപത്രിയില്‍ പോയി രണ്ടു കുപ്പി ഫ്‌ളൂയിഡ് ഇട്ട്, വേദനസംഹാരി ഇഞ്ചക്ഷനും എടുത്ത് മുറിയില്‍ വന്ന് കിടന്നു.

ഒന്നും പഠിക്കാന്‍ സാധിക്കുമായിരുന്നില്ല. വല്ലാത്ത തലവേദനയും. പിറ്റേന്ന് കമ്യൂണിറ്റി മെഡിസിന്‍ പരീക്ഷ എഴുതാന്‍ പോയി. ഒന്നാമത് എനിക്ക് ബുദ്ധിമുട്ടുള്ള വിഷയമാണത്. ഒപ്പം ഒന്നും വീണ്ടുമൊന്ന് നോക്കാന്‍ സാധിക്കാതെയുമിരുന്നതിനാല്‍ പരീക്ഷ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. കരഞ്ഞുകൊണ്ടാണ് അന്ന് ഹാളില്‍നിന്നും വന്നത്. അടുത്ത പരീക്ഷയ്ക്കായി ഒരുങ്ങാന്‍ മനസ് സന്നദ്ധമല്ലാത്തതിനാല്‍ ഹോസ്റ്റലിന് ചുറ്റുമുള്ള വഴികളിലൂടെ നടന്ന് കൊന്ത ചൊല്ലാന്‍ തീരുമാനിച്ചു.

നിറഞ്ഞ കണ്ണുകളും ഉള്ളുനിറയെ നീറുന്ന കുറെ ചോദ്യങ്ങളുമായി കൊന്ത തുടരവേ ഉള്ളില്‍ ഇടിമിന്നല്‍പോലൊരു ചോദ്യം: ”മോളേ, ഈ പരീക്ഷ ഒരു റിലേ ഓട്ടം ആയിരുന്നില്ലേ? നിന്റെ ഭാഗം നീ ഓടി, ഇനി ബാറ്റണ്‍ എന്റെ കൈയില്‍ തരിക. എന്നിട്ട് സമാധാനമായിട്ട് നാം വിജയിക്കുന്നത് കണ്ട് ആസ്വദിക്കുക.” ഈശോയ്ക്ക് കൊടുക്കാതെ ഞാന്‍ മുറുക്കിപ്പിടിച്ചിരുന്ന ആ ബാറ്റണ്‍ അവിടുത്തെ കൈയില്‍ ഏല്പിച്ചപ്പോള്‍ എനിക്ക് ലഭിച്ച ആശ്വാസം അവര്‍ണനീയമാണ്. പിന്നീട് ആ പരീക്ഷയെക്കുറിച്ച് എന്റെ കണ്ണു നിറഞ്ഞിട്ടില്ല. അതിനെയോര്‍ത്ത് മനസ് ഭാരപ്പെട്ടിട്ടുമില്ല. റിസല്‍റ്റ് വന്നപ്പോള്‍ എന്റെ ഈശോ വാക്കു പാലിച്ചു. അതുവരെ കിട്ടിയിട്ടില്ലാത്ത മാര്‍ക്ക് നല്കി അവിടുന്നെന്നെ അനുഗ്രഹിച്ചു.

പലപ്പോഴും താന്‍ പാതി ദൈവം പാതി എന്ന തത്വത്തില്‍ വിശ്വസിക്കുന്നവരാണ് നാം. നമ്മുടെ അമ്പതു ശതമാനത്തിനു പകരം ഒരു ശതമാനം മാത്രമേ ചെയ്യാന്‍ കഴിഞ്ഞുള്ളൂ എങ്കില്‍പോലും എളിമയോടെ ഇത് ദൈവസന്നിധിയില്‍ അര്‍പ്പിക്കുമ്പോള്‍ ബാക്കി 99 ശതമാനവും നമുക്കുവേണ്ടി ചെയ്തുതരുന്നവനാണ് കര്‍ത്താവ്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ പറഞ്ഞത് നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്നവനാണ് (എഫേസോസ് 3:20) നമ്മുടെ ദൈവം എന്ന്.

അതെ, മുട്ടുന്നവന് തുറന്നു കിട്ടും, അവന്‍ മുട്ടുന്നത് എത്ര പൂട്ടുള്ള വാതിലിലായാലും. അന്വേഷിക്കുന്നവന്‍ കണ്ടെത്തും, അത് ഏത് ആഴിയുടെ അഗാധതയിലായാലും. ചോദിക്കുന്നവന് ലഭിക്കുകതന്നെ ചെയ്യും, അത് എത്ര അസാധ്യകാര്യമായാലും.


സിസ്റ്റര്‍ അമല പുന്നയ്ക്കാത്തറ എസ്.എച്ച്

Leave a Reply

Your email address will not be published. Required fields are marked *