ഇതൊരു കുമ്പസാര രഹസ്യം

എന്റെ ചങ്കിടിപ്പ് വര്‍ധിച്ചുകൊണ്ടിരുന്നു. കുമ്പസാരക്കൂട്ടിലേക്ക് അണയാന്‍ ഇനി നിമിഷങ്ങളേയുള്ളൂ. ഇത്രയും നേരം ഒരുങ്ങിയതെല്ലാം ഹൃദയപൂര്‍വം വ്യക്തമായി ഏറ്റു  പറയാന്‍ കഴിയുമോ എന്തോ? നല്ല കുമ്പസാരം നടത്താന്‍ വിശുദ്ധ പാദ്രെ പിയോ സഹായിക്കുമെന്ന് കേട്ടത് ആ സമയത്ത് പെട്ടെന്ന് ഓര്‍മ്മവന്നു. അതിനാല്‍ നിസ്സഹായതയോടെ പാദ്രെ പിയോയോട് പറഞ്ഞു, ‘എന്നെയൊന്ന് സഹായിക്കണം.’

നല്ല കുമ്പസാരം നടത്തിയതിന്റെ ആനന്ദകഥകള്‍ പലരും പറയുന്നത് കേട്ടിട്ട് എനിക്കും കൊതിയുണ്ട് ഒരു നല്ല കുമ്പസാരം നടത്താന്‍. പക്ഷേ ഇതുവരെ നടന്നിട്ടില്ല. നിമിഷങ്ങള്‍ നീങ്ങുകയാണ്. ഹൃദയമിടിപ്പുകളുടെ എണ്ണം കൂടിത്തന്നെയിരിക്കുകയാണ്. ഒടുവില്‍ കുമ്പസാരിക്കാന്‍ വൈദികനരികില്‍ മുട്ടുകുത്തി. ഒരു ധ്യാനകേന്ദ്രമാണ് അത്. അവിടെ ധ്യാനത്തില്‍ പങ്കെടുക്കാത്ത എനിക്ക് കുമ്പസാരിക്കാന്‍മാത്രം ഒരു അവസരം കിട്ടിയതാണ്.

അതിനാല്‍ത്തന്നെ എന്നെ ഒരു പരിചയവും ആ വൈദികനില്ല. എന്നിട്ടും എവിടെനിന്നാണ് ഈ പേടി വരുന്നതെന്ന് വ്യക്തമല്ലായിരുന്നു. എന്തായാലും അതുവരെ ഒരു കുമ്പസാരത്തിലും ഏറ്റുപറയാത്ത ഒരു പാപം അന്ന് ഒരുങ്ങിയപ്പോള്‍ കിട്ടിയ പട്ടികയിലുണ്ടായിരുന്നു. അത് ഇപ്രകാരം ഏറ്റുപറഞ്ഞു, ‘അശ്ലീലം കലര്‍ന്ന പുസ്തകങ്ങളും മാസികകളുമൊക്കെ വായിച്ചിട്ടുണ്ട്.’ അല്പം വിഷമിച്ചായിരുന്നു ആ വാക്കുകള്‍ പുറത്തുവന്നത്.

എന്തും കിട്ടിയാല്‍ വായിക്കുന്ന ശീലമുണ്ടായിരുന്നു എന്നതിനാല്‍ ഇക്കൂട്ടത്തിലുള്ളവയും വായിച്ചു. എന്നാല്‍ അതിലൂടെ മനസ്സില്‍ അശുദ്ധി കടന്നുവരുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. മനസ്സിലാക്കിയില്ലെങ്കിലും അതിലൂടെ എന്നിലെത്തിയ അശുദ്ധി ജീവിതത്തെ മലിനമാക്കി. ആ സത്യം പിന്നീടാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ അതിനിടയിലെപ്പോഴോ അത്തരത്തിലുള്ള വായനയില്‍നിന്ന് അറിയാതെതന്നെ പിന്‍വലിഞ്ഞിരുന്നു. പക്ഷേ വര്‍ഷങ്ങളായെങ്കിലും അതൊരു പാപമായി വിശുദ്ധ കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞിട്ടേയില്ല. അന്ന് അത് ഏറ്റുപറഞ്ഞപ്പോള്‍ എന്തൊരാശ്വാസവും സന്തോഷവുമാണ് തോന്നിയത്!

ദിവസങ്ങള്‍ കുറച്ച് കടന്നുപോയി. അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ആ ദിവസങ്ങളില്‍ എന്റെ വായനാശീലം ഏറെ അനുഗൃഹീതമായിരിക്കുന്നു! കുറഞ്ഞ ദിവസങ്ങള്‍ക്കകം രണ്ട് നല്ല പുസ്തകങ്ങള്‍ ഞാന്‍ വായിച്ചുകഴിഞ്ഞു!! അതെനിക്ക് ആസ്വാദ്യമായി അനുഭവപ്പെടുന്നു. മാത്രവുമല്ല അതെന്റെ മനസ്സിനെയും ആത്മാവിനെയും വളരെയധികം സ്പര്‍ശിക്കുന്നു. എന്നില്‍ പല നല്ല മാറ്റങ്ങളും അനുഭവിച്ചറിയാനാവുന്നുമുണ്ട്!

എല്ലാം ചേര്‍ത്തുവായിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു സത്യം അവയ്‌ക്കെല്ലാം താഴെ ശാന്തമായി തെളിയുന്നതുപോലെ…. ആ വിശുദ്ധ കുമ്പസാരം വായനയില്‍ എനിക്കുണ്ടായിരുന്ന ഏതോ ഒരു കെട്ട് പൊട്ടിച്ചുകളഞ്ഞിരിക്കുന്നു. ദൈവവചനവും ആത്മീയഗ്രന്ഥങ്ങളും മറ്റ് നല്ല പുസ്തകങ്ങളും ആസ്വദിച്ച് വായിക്കാന്‍ കഴിയുന്നു എന്നതുതന്നെ അതിനു തെളിവ്. വിശുദ്ധ കുമ്പസാരമേ, നന്ദിയും സ്‌നേഹവും ഈറനണിയിക്കുന്ന കണ്ണുകളോടെയല്ലാതെ നിന്നെക്കുറിച്ച് ഞാനെങ്ങനെ വര്‍ണിക്കും?


ദിയ കരുണ്‍

Leave a Reply

Your email address will not be published. Required fields are marked *