സ്‌നേഹപീഡകള്‍ കാണാന്‍ ഒരു ക്ലിക്ക്‌

നമുക്കുവേണ്ടി പീഡകളേറ്റു മരിച്ചവന്റെ സ്‌നേഹം ചിത്രങ്ങളായി കണ്മുന്നില്‍ തെളിയാന്‍ ഇനി ഒരു ക്ലിക്ക് മതി. ക്രൂശിതനായ യേശുവിനെ പൊതിഞ്ഞിരുന്ന തിരുക്കച്ചയുടെ ശാസ്ത്രീയ ചിത്രങ്ങള്‍ കാണാന്‍ www.shroudphotos.com അവസരമൊരുക്കിയിരിക്കുന്നു. വെര്‍നോണ്‍ മില്ലറിന്റെ ഫോട്ടോകളാണ് ഈ വെബ്‌സൈറ്റില്‍ നമുക്ക് ലഭ്യമാവുന്നത്.

ഈ തിരുക്കച്ചയുടെ ശാസ്ത്രീയ ഗവേഷണപദ്ധതിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്നു വെര്‍നോണ്‍ മില്ലര്‍. അദ്ദേഹം പകര്‍ത്തിയ അമൂല്യചിത്രങ്ങളുടെ ശേഖരമാണ് വെബ്‌സൈറ്റിലുള്ളത്. നൂറിലധികം ഫോട്ടോഗ്രാഫുകള്‍മാത്രമല്ല, എന്‍ലാര്‍ജ് ചെയ്ത സൂക്ഷ്മചിത്രങ്ങളും അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ എടുത്തിട്ടുള്ള ചിത്രങ്ങളും വെബ്‌സൈറ്റിലുണ്ട്. മില്ലറിന്റെ ഫോട്ടോകള്‍ ഡിജിറ്റലൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്. ആര്‍ക്കുവേണമെങ്കിലും ഈ ചിത്രങ്ങള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ക്രിസ്താനുയായികളുടെ വിശ്വാസം ദീപ്തമാക്കാന്‍ ഈ ചിത്രങ്ങള്‍ക്കു കഴിയും. ഗവേഷകരുടെ അന്വേഷണബുദ്ധിയെ തൃപ്തിപ്പെടുത്താനും ഈ ചിത്രങ്ങള്‍ സഹായിക്കും.

14 അടി അഞ്ച് ഇഞ്ച് നീളവും മൂന്ന് അടി ഏഴ് ഇഞ്ച് വീതിയുമുള്ള ലിനന്‍ തുണിയാണ് ഈ കച്ച. 1578 മുതല്‍ ഇറ്റലിയിലെ ടൂറിനില്‍ സെയ്ന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദൈവാലയത്തിലാണ് ഇത് സൂക്ഷിക്കുന്നത്. അതിനാല്‍ത്തന്നെ ടൂറിനിലെ തിരുക്കച്ച (Shroud of Tourin) എന്ന് അറിയപ്പെടുന്നു. ഈ കച്ചയെപ്പറ്റി ഇക്കാലമത്രയും വിവിധ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 1977 മുതല്‍ 1981 വരെയുള്ള കാലത്ത് വിവിധ സര്‍കലാശാലകളില്‍നിന്നും ലബോറട്ടറികളില്‍നിന്നുമുള്ള വിദഗ്ധരാണ് പഠനങ്ങള്‍ നടത്തിയത്. മിക്കവാറും എല്ലാ ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ട വസ്തുത ഒന്നുതന്നെ, ഈ കച്ചയില്‍ പതിഞ്ഞിരിക്കുന്നത് ചമ്മട്ടിയടിയേറ്റ് കുരിശുമരണം വരിച്ച ഒരു യഥാര്‍ത്ഥ മനുഷ്യന്റെ രൂപമാണ്.

ഇത്രയും നാളുകള്‍ക്കകം തിരുക്കച്ചയുടെ മുപ്പത്തിരണ്ടായിരത്തിലധികം ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടെന്നാണ് കണക്ക്. ഫോട്ടോഗ്രഫി പ്രചാരത്തിലായ 1878-ല്‍ത്തന്നെ തിരുക്കച്ചയുടെ ആദ്യ ഫോട്ടോ എടുക്കപ്പെട്ടു. ഈ പുതിയ കാലഘട്ടത്തിലാകട്ടെ വെര്‍നോണ്‍ മില്ലറിന്റെ ചിത്രങ്ങളിലൂടെ ക്രിസ്തുവിന്റെ സ്‌നേഹം വീണ്ടും നമ്മോട് സംസാരിക്കുന്നു.

Comments are closed.