ഞായറാഴ്ച പരീക്ഷകള്‍

കര്‍ത്താവിന്റെ സാബത്ത് ദിവസം പരിശുദ്ധമായി ആചരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ ഈ കാലഘട്ടത്തില്‍ NEET, AIIMS, NET, UPSC തുടങ്ങി പല സുപ്രധാന പരീക്ഷകളും ഞായറാഴ്ചകളിലാണ് നടത്തിവരുന്നത്. പല വചനപ്രഘോഷകരും ഞായറാഴ്ചകളില്‍ പരീക്ഷകള്‍ എഴുതരുത് എന്നും പഠനങ്ങള്‍ നടത്തരുത് എന്നും പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെപ്പറ്റി വ്യക്തമായ ഒരു മാര്‍ഗനിര്‍ദേശം നല്‍കാമോ?

മൈക്കിള്‍ ജീസ്, കല്ലൂര്‍, തൃശൂര്‍

സാബത്ത് ആചരണത്തെപ്പറ്റി യേശുവിന്റെ കാലത്ത് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സാബത്തുദിവസം യേശുവും ശിഷ്യന്മാരുംകൂടി ഗോതമ്പു വയലിലൂടെ നടന്നുപോകുമ്പോള്‍ വിശന്ന ശ്ലീഹന്മാര്‍ കതിരുകള്‍ പറിച്ചുതിന്നു. ഇതു കണ്ട ഫരിസേയര്‍ വിമര്‍ശിച്ചു. സാബത്തുദിവസം അത് ചെയ്തത് ശരിയായില്ല; സാബത്തില്‍ ജോലി ചെയ്യാന്‍ പാടില്ല എന്ന നിയമം അവര്‍ ലംഘിച്ചു എന്നായിരുന്നു ആരോപണം. ഇതിന് യേശു പറഞ്ഞ മറുപടിയിലെ ഒരു വാചകം ശ്രദ്ധേയമാണ്: ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം മനസിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല (മത്തായി 12:7).

യേശു സാബത്തില്‍ രോഗശാന്തി നല്കിയതിനെ ഫരിസേയര്‍ കുറ്റം വിധിച്ചു. യേശു അതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു: സാബത്തില്‍ നന്മ ചെയ്യുക അനുവദനീയമാണ് (മത്തായി 12:12). ഈ സംഭവങ്ങളെല്ലാം മനസിലാക്കിത്തരുന്ന ഒരു കാര്യമിതാണ്: നിയമവും പാരമ്പര്യവും മാനുഷികതയും കരുണയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. ശ്രദ്ധേയമായ രണ്ടാമത്തെ കാര്യം ഇതാണ്: യേശു മാനുഷികതയുടെയും കരുണയുടെയും പക്ഷത്ത് നിന്നു. എന്നുവച്ചാല്‍ നിയമങ്ങളെ തള്ളിക്കളഞ്ഞു എന്ന് അര്‍ത്ഥമില്ല. നിയമത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളണം; അല്ലാതെ നിയമത്തിനുവേണ്ടിമാത്രം ആകരുത് നിയമം എന്ന് അര്‍ത്ഥം.

ഇനി നമ്മുടെ കാലഘട്ടത്തിലേക്ക് വരുക. എന്തൊക്കെയാണ് നമുക്ക് ചുറ്റും, നമുക്കിടയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഒരു കൂട്ടര്‍ മതം, ദൈവം, ആചാരാനുഷ്ഠാനങ്ങള്‍ എല്ലാം തള്ളിപ്പറഞ്ഞ്, അഥവാ അവഗണിച്ച് ജീവിക്കുന്നു. വേറൊരു കൂട്ടര്‍ നിയമത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കുന്നു. മൂന്നാമതൊരു കൂട്ടര്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിനുവേണ്ടി വാദിച്ചുകൊണ്ടിരിക്കുന്നു. നിയമംകൊണ്ടും കാര്‍ക്കശ്യംകൊണ്ടും മാത്രം ഒരാളെയും വിശ്വാസത്തിലും ആചാരങ്ങളിലും പിടിച്ചുനിര്‍ത്തുവാന്‍ പറ്റുകയില്ല എന്നതാണ് സത്യം.

പേടിപ്പിച്ച് നിര്‍ത്തുവാനും പറ്റില്ല. പള്ളിയില്‍ കൃത്യമായി വരാത്തവരെ, ആണ്ടുകുമ്പസാരം നടത്താത്തവരെ, എന്‍ട്രന്‍സ് കോച്ചിങ്ങിന് ഞായറാഴ്ച പോകുന്നവരെ, എന്‍ട്രന്‍സ് പരീക്ഷ ഞായറാഴ്ച എഴുതുന്നവരെ നിയമംകൊണ്ട് എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും? അങ്ങനെയുള്ളവര്‍ക്ക് എല്ലാ ആധ്യാത്മിക ആവശ്യങ്ങളും നിഷേധിക്കുവാന്‍ പറ്റുമോ? ഇനി നിഷേധിച്ചാല്‍ത്തന്നെ അതുവഴി സഭ വളരുമോ? ആത്മാക്കള്‍ രക്ഷപെടുമോ? അതിനാല്‍ നമുക്ക് സഭാനിയമങ്ങളും വേണം, മാനുഷികതയും കരുണയും വേണം. വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയും വേണം. നിയമങ്ങള്‍ കര്‍ക്കശമാക്കിയതുകൊണ്ടുമാത്രം ഈ ലക്ഷ്യങ്ങള്‍ നടക്കുകയില്ല.

നിയമങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്, അവയ്ക്ക് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തണം. സാബത്ത് ആചരണത്തെപ്പറ്റിയും ഞായറാഴ്ച എന്‍ട്രന്‍സ് കോച്ചിങ്ങ്, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്ക് പോകുന്നതിനെപ്പറ്റിയും വ്യക്തമായ നിലപാടുകള്‍ പറയേണ്ടത് സഭയുടെ ഔദ്യോഗിക നേതൃത്വമാണ്. നിലപാടുകള്‍ അധികാരികള്‍ എടുക്കുമ്പോള്‍ എല്ലാ വശങ്ങളും പരിഗണിക്കുകയും വേണം. ഔദ്യോഗികമായി ഇത്തരം പരിപാടികള്‍ക്ക് പോകുന്നതിനെ സഭ എതിര്‍ക്കുന്നതായി ഞാന്‍ മനസിലാക്കിയിട്ടില്ല.

ഇനി ചില കാര്യങ്ങള്‍കൂടി പരിഗണിക്കണം. ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ ഇതിനൊന്നും പോകണ്ടേ? വളരണ്ടേ? സാമൂഹ്യ-രാഷ്ട്രീയ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മുന്‍നിരയിലേക്ക് വരേണ്ടേ? അതിനാല്‍ ഇത്തരം സാഹചര്യത്തില്‍ സഭ നിയമത്തിന്റെ അന്തഃസത്ത കളയാതെ, പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തണം. ഉദാഹരണത്തിന്, ഇങ്ങനെ കോച്ചിങ്ങിനും മറ്റും പോകുന്നവര്‍ക്കുവേണ്ടി അതിരാവിലെയോ വൈകുന്നേരമോ ഒരു ഞായറാഴ്ച കുര്‍ബാനകൂടി അര്‍പ്പിച്ച് സഹായിക്കാന്‍ കഴിയുമോ? പ്രധാന എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററുകളില്‍, അതിന്റെ അധികാരികളുമായി സംസാരിച്ച് ഞായറാഴ്ച കുര്‍ബാന ചൊല്ലുവാന്‍ പറ്റുമോ? പല വിദേശ രാജ്യങ്ങളിലും ഇങ്ങനെ പല ക്രമീകരണങ്ങളും ഞായറാഴ്ച കുര്‍ബാനക്ക് ഉണ്ട്.

ആളുകള്‍ക്ക് പള്ളിയില്‍ വരാന്‍ തടസമുള്ളിടത്ത്, ആളുകളുടെ അടുത്തേക്ക് പള്ളി ചെല്ലണം. അതുവഴി അവര്‍ക്ക് ആത്മീയ ശുശ്രൂഷകള്‍ നല്കി അവരെ വിശ്വാസത്തിലും ആത്മീയതയിലും വളര്‍ത്തണം. അതേസമയം, എന്‍ട്രന്‍സ് എന്ന പേരും പറഞ്ഞ് കുര്‍ബാനയും ആത്മീയാനുഷ്ഠാനങ്ങളും വിശ്വാസികള്‍ അവഗണിക്കുന്നത് നല്ലതല്ല. ദൈവത്തിന് ഒന്നാം സ്ഥാനം നല്കുകതന്നെ വേണം. അത് എങ്ങനെയൊക്കെ ചെയ്യാമെന്ന് വ്യക്തിപരമായി ചിന്തിക്കുകയും സഭയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുകയും വേണം. നമ്മള്‍ ദൈവവിശ്വാസവും ആത്മീയ ജീവിതവും കളയാതെ, ദൈവാനുഗ്രഹത്തോടെതന്നെ, നമ്മുടെ ഭാവിക്കുവേണ്ടി പരിശ്രമിക്കണം.


ഫാ. ജോസഫ് വയലില്‍ സി.എം.ഐ.

Leave a Reply

Your email address will not be published. Required fields are marked *