”തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവന്‍ ജറുസലെമിലേക്ക് പോകാന്‍ ഉറച്ചു” (ലൂക്കാ 9:51)
നാം മാതൃകയാക്കേണ്ട മൂന്ന് കാര്യങ്ങള്‍ ഈ വചനം ധ്യാനിക്കുമ്പോള്‍ പഠിക്കാന്‍ സാധിക്കും.
1. അവിടുത്തെ ഹൃദയത്തിലായിരിക്കുക
തന്റെ ആരോഹണം അഥവാ കുരിശിലെ ബലിക്കായുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്ന് യേശുവിന് അറിയാമായിരുന്നു. തന്നെക്കുറിച്ചുള്ള പിതാവിന്റെ ഹിതം വ്യക്തമായി അവിടുന്ന് മനസ്സിലാക്കി. ജനക്കൂട്ടത്തിന്റെ ആരവങ്ങളില്‍നിന്നെല്ലാം പിന്‍വാങ്ങി യേശു തനിയെ പ്രാര്‍ത്ഥിക്കാനായി മലമുകളിലേക്ക് കയറി എന്ന് സുവിശേഷത്തില്‍ പലയിടത്തും വായിക്കുമ്പോള്‍ അവിടുന്ന് ദൈവതിരുമനസ്സ് മനസ്സിലാക്കിയതിന്റെ രഹസ്യം നമുക്ക് കണ്ടെത്താന്‍ കഴിയും. ഇത് നാമും അനുകരിക്കണം. ക്രൈസ്തവന്‍ അടിസ്ഥാനപരമായി ദൈവരാജ്യശുശ്രൂഷകനായിരിക്കയാല്‍ എത്ര തിരക്കുണ്ടെങ്കിലും പ്രാര്‍ത്ഥനയില്‍ അവിടുത്തെ ഹൃദയത്തിലായിരിക്കാന്‍ സമയം കണ്ടെത്തണം. അതിലൂടെയേ തന്നെക്കുറിച്ചുള്ള ദൈവതിരുമനസ്സ് തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുപോകാനാവൂ. ഈ രഹസ്യം മനസ്സിലാക്കിയതിനാലാണ് മൂന്നു മണിക്കൂര്‍ ദിവ്യകാരുണ്യസന്നിധിയിലിരുന്നിട്ടുമാത്രമേ ശുശ്രൂഷയ്ക്കിറങ്ങാവൂ എന്ന് മദര്‍ തെരേസ തന്റെ സന്യാസിനികളോട് നിര്‍ബന്ധം പറഞ്ഞത്.
2. വ്യക്തത
തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം വ്യക്തമായി മനസ്സിലാക്കിയിരുന്നതിനാല്‍ യേശു മുന്നൊരുക്കങ്ങളും പിന്നൊരുക്കങ്ങളും നടത്തിയിരുന്നു. ശിഷ്യന്‍മാരോട് ഓശാനദിനത്തിലെ യാത്രയ്ക്കായി കഴുതയെ അഴിച്ചുകൊണ്ടുവരാന്‍ നിര്‍ദേശിച്ചതും പെസഹാ ഒരുക്കാന്‍ മാളിക ഒരുക്കാന്‍ നിര്‍ദേശിച്ചതുമെല്ലാം ഈ ഒരുക്കത്തെയാണ് വ്യക്തമാക്കുന്നത്. തന്റെ മരണത്തിന് മുന്നൊരുക്കമായി ഉറച്ച കാല്‍വയ്പുകളോടെ ജറുസലെമിലേക്ക് പോകുന്നതും ഇതുതന്നെയാണ് കാണിക്കുന്നത്. നമ്മളും ദൈവഹിതം തിരിച്ചറിയുമ്പോള്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തണം.
3. പ്രിയങ്ങള്‍
യേശു ഗലീലിയില്‍നിന്ന് ജറുസലെമിലേക്ക് പോകുന്നത്, ദൈവശാസ്ത്ര പണ്ഡിതരുടെ അഭിപ്രായപ്രകാരം അവിടുന്ന് തന്റെ പ്രിയങ്ങള്‍ പലതും ഉപേക്ഷിക്കുന്നതിന്റെ സൂചനയാണ്. ”ഇതാ, നമ്മള്‍ ജറുസലെമിലേക്ക് പോകുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്‍മാര്‍ക്കും നിയമജ്ഞര്‍ക്കും ഏല്പിക്കപ്പെടും” (മത്തായി 20:18, മര്‍ക്കോസ് 10:33) ഇപ്രകാരം പറഞ്ഞുകൊണ്ട് ജറുസലെമിലേക്ക് പോകുന്നത് തന്നെ സ്വാഗതം ചെയ്ത ഗലീലിയോടുള്ള പ്രിയങ്ങളെല്ലാം മുറിച്ചുകൊണ്ടുതന്നെയാണ്. ദൈവഹിതം തിരിച്ചറിയുമ്പോള്‍ അതിനായി നമ്മുടെ പ്രിയങ്ങളെ മുറിക്കാന്‍ നമുക്കും തയാറാകാം. എന്നാലേ അഭിഷേകത്തിന്റെ പുതിയ തലത്തിലേക്കുയരാന്‍ സാധിക്കുകയുള്ളൂ.
ഫാ. പോള്‍ വടക്കുമുറി സി.എം.ഐ.
ഫാ. പോള്‍ വടക്കുമുറി സി.എം.ഐ കുമരകത്തുള്ള മരിയന്‍ വചനതീരം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.