ഒരു പ്രഭാതത്തില്‍ ദൈവാലയത്തിലേക്ക് പോകുമ്പോള്‍ ഒരു വശത്ത് പട്ടികള്‍ കിടന്നുറങ്ങുന്നത് കണ്ടു. ഞാന്‍ സഞ്ചരിക്കുന്ന വീല്‍ചെയറിന്റെ ശബ്ദം കേട്ട് അവ ഉണര്‍ന്നു. ഭാവഭേദമില്ലാതെ എന്നെ നോക്കുന്നതു കണ്ട് ഞാന്‍ അവയോട് ഇങ്ങനെ ചോദിച്ചു: ”നേരം പുലര്‍ന്നിട്ടും കിടന്നുറങ്ങുകയാണോ? നിനക്കൊക്കെ പള്ളിയില്‍ പോയാലെന്താ?” കുറച്ചുനേരം അവ എന്നെ നോക്കിനിന്നു. പിന്നെ ഞാന്‍ മുമ്പോട്ടു പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന അഞ്ചില്‍ നാല് പട്ടികളും ഞാന്‍ പോകുന്ന റോഡിന്റെ വലതുവശത്തുകൂടെ നടക്കാന്‍ തുടങ്ങി.
500 മീറ്ററോളം ദൂരെയുള്ള പള്ളിയുടെ മതില്‍ എത്തിയപ്പോള്‍ ഞാന്‍ ആ കാഴ്ച ശ്രദ്ധിച്ചു. റോഡില്‍ നിന്നാല്‍ ബലിപീഠം കാണാം. ആ പട്ടികള്‍ ബലിപീഠത്തിലേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് കുറേനേരം നിന്നു. ആരെയോ അവ കണ്ടതുപോലെ തോന്നി. പിന്നെ അവ പിരിഞ്ഞുപോയി. ഏശയ്യാ പ്രവാചകനിലൂടെ കര്‍ത്താവ് പറഞ്ഞ വചനമാണ് ഓര്‍മ്മയില്‍ വന്നത്. ”കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍ ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല” (ഏശയ്യാ 1:3). ദൈവത്തിന്റെ ഈ വിലാപം ശ്രദ്ധിക്കുക.
അവിശ്വാസിയായ വൈദികനു മുന്നില്‍, ഒരു കഴുത, അന്തരീക്ഷത്തില്‍ ഉയര്‍ന്നുനിന്ന ദിവ്യകാരുണ്യത്തെ ആരാധിച്ചു, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിനിടെ ഒരു ദൈവാലയത്തില്‍ സക്രാരിയിലേക്ക് നോക്കി മനുഷ്യസാന്നിധ്യത്തിലെന്നതുപോലെ നായ്ക്കള്‍ പെരുമാറി… ഇത്തരം ദിവ്യകാരുണ്യ അത്ഭുതങ്ങളെല്ലാം ഇതോടു ചേര്‍ത്ത് വായിക്കണം. സൃഷ്ടികളുടെ ഉടയവനെ അവ തിരിച്ചറിയുന്നു. നമുക്കും ബലിപീഠത്തോടു ചേര്‍ന്ന് ജീവിക്കാം, വിശുദ്ധരാകാം.
കുഞ്ഞുമോന്‍ പുന്നപ്ര