എല്ലായ്‌പ്പോഴും സന്തോഷത്തോടെ ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ അത് സാധ്യമാണോ? ആണെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ അവരെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: ”എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.”
ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ലോകവും അതിന്റെ സുഖങ്ങളും നമുക്ക് നല്കുന്നത് താത്കാലിക സന്തോഷം മാത്രമാണ്. എന്നാല്‍ നിലനില്ക്കുന്ന സന്തോഷം ദൈവത്തിന് മാത്രമേ നല്കുവാന്‍ സാധിക്കുകയുള്ളൂ. അതിന് ആനന്ദം എന്ന് വിളിക്കുകയാവും കൂടുതല്‍ ചേര്‍ച്ച. ദൈവത്തിന്റെ സാന്നിധ്യം നല്കുന്ന ആനന്ദത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ പലയിടങ്ങളിലും സൂചനയുണ്ട്. ഉദാഹരണമായി ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തത് കണ്ട ശിഷ്യന്മാര്‍ അത്യന്തം ആനന്ദത്തോടെ ജറുസലേമിലേക്ക് മടങ്ങി എന്ന് ലൂക്കാ സുവിശേഷകന്‍ നമ്മെ അറിയിക്കുന്നു. ദൈവം ഈ ആനന്ദം മനുഷ്യന് പകരുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മുടെ ഏറ്റവും വലിയൊരു പ്രശ്‌നം ഇത് സ്വീകരിക്കുവാനും അനുഭവിക്കുവാനും നമുക്ക് സാധിക്കുന്നില്ല എന്നതാണ്.
പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമ്പോള്‍പോലും നമ്മള്‍ പലപ്പോഴും അസ്വസ്ഥരാണ്. ഇനി അല്പം ആനന്ദം ആ വേളയില്‍ അനുഭവിക്കുവാന്‍ സാധിച്ചാല്‍പോലും പുറത്തേക്കിറങ്ങുമ്പോള്‍ വീണ്ടും ദുഃഖത്തിന്റെ ഒരു ആവരണം നമ്മെ മൂടുന്നു. എന്താണ് ഒരു മോചനമാര്‍ഗം?
ദൈവം നല്കിയ ആനന്ദം ജീവിതത്തിലുടനീളം അനുഭവിക്കുവാന്‍ ശിഷ്യന്മാര്‍ ചെയ്ത കാര്യം പറഞ്ഞുകൊണ്ടാണ് വിശുദ്ധ ലൂക്കാ തന്റെ സുവിശേഷം അവസാനിപ്പിക്കുന്നത്. നാമും ആ വഴിയിലൂടെ നടന്നാല്‍ മാത്രം മതി. ഒന്നാമത് അവര്‍ ചെയ്ത കാര്യം അവര്‍ എപ്പോഴും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു എന്നതാണ്. ജീവിതത്തിലുണ്ടാകുന്ന എല്ലാ അനുഭവങ്ങളെ ഓര്‍ത്തും ദൈവത്തെ മഹത്വപ്പെടുത്തുക. നല്ല കാര്യങ്ങളെക്കുറിച്ച് ദൈവത്തെ സ്തുതിക്കുവാന്‍ എളുപ്പമാണ്. എന്നാല്‍ ദുഃഖകരമായ കാര്യങ്ങളെ ഓര്‍ത്ത് ദൈവത്തെ നമ്മള്‍ സ്തുതിക്കണം. കാരണം ദൈവമാണ് നമ്മുടെ ജീവിതത്തിന്റെ നിയന്താവ്. അതിനാല്‍ അവിടുന്ന് അറിയാതെ ഒന്നും സംഭവിക്കുന്നില്ല, തലമുടി ഇഴപോലും താഴെ വീഴുന്നില്ല. നമുക്ക് ഇപ്പോള്‍ വേദനാജനകമാണ് എന്ന് തോന്നുന്ന കാര്യങ്ങള്‍ എത്രയോ കഴിഞ്ഞ കാലങ്ങളില്‍ അവിടുന്ന് നമ്മുടെ പില്ക്കാല നന്മകളായി മാറ്റിയിട്ടുണ്ട് എന്ന് ഓര്‍ത്താല്‍ മാത്രം മതി. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല. അതിനാല്‍ ബുദ്ധിമോശമെന്ന് നമ്മള്‍ വിളിക്കുന്ന ചില മണ്ടന്‍ തീരുമാനങ്ങളെ ഓര്‍ത്തുപോലും ദൈവത്തിന് നന്ദി കരേറ്റുക. എല്ലാം ദൈവം സ്വീകരിക്കും. എല്ലാ കാര്യങ്ങളിലും ദൈവത്തെ നാം സ്തുതിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ കര്‍ത്താവും നാഥനുമായി നാം ദൈവത്തെ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുകയാണ്. ഒരു കാര്യം നാം ഉറപ്പുവരുത്തിയാല്‍ മതി – നാം ദൈവത്തെ സ്‌നേഹിക്കുന്നുണ്ട്, ദൈവത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
ശിഷ്യന്മാര്‍ ചെയ്ത മറ്റൊരു കാര്യം അവര്‍ സദാസമയവും ദൈവാലയത്തില്‍ കഴിഞ്ഞുകൂടി എന്നതാണ്. നമുക്ക് ഇരുപത്തിനാലു മണിക്കൂറും പള്ളിയില്‍ ചെലവഴിക്കുവാന്‍ സാധിക്കുമോ? എന്താണിതിന്റെ അര്‍ത്ഥം? ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവസാന്നിധ്യത്തില്‍ ജീവിക്കുക. അടുക്കളയില്‍ ജോലി ചെയ്യുമ്പോഴും കൃഷിയിടത്തില്‍ പണിയുമ്പോഴും ഓഫീസില്‍ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും എല്ലാം ദൈവത്തിന്റെ കൂടെ ആയിരിക്കുക. നിരന്തരം പ്രാര്‍ത്ഥിക്കുകയാണ് അതിനുള്ള വഴി. സുകൃതജപം ചൊല്ലുക, കൊന്ത ചൊല്ലുക, റേഡിയോയിലൂടെയും യു ട്യൂബിലൂടെയു മൊക്കെ വചനം ശ്രവിക്കുക, ടി.വി ഓണ്‍ ചെയ്ത് ആത്മീയ പ്രോഗ്രാമുകള്‍ ശ്രവിച്ചുകൊണ്ട് ജോലി ചെയ്യുക… ഇവയൊക്കെ ചെയ്യുവാന്‍ ആര്‍ക്കാണ് സാധിക്കാത്തത്? നമ്മുടെ മനസാകുന്ന ആന്റിന ദൈവത്തിലേക്ക് സദാസമയവും തിരിച്ചുവച്ചുകൊണ്ടിരുന്നാല്‍ ആനന്ദതരംഗങ്ങള്‍ അവിടുന്ന് നമ്മുടെ മനസിലേക്ക് അയച്ചുകൊണ്ടിരിക്കും.
നമ്മുടെ ആനന്ദത്തെ കെടുത്തിക്കളയുന്ന മറ്റൊരു കാര്യം നടക്കാത്ത നമ്മുടെ ആഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്. കേള്‍ക്കാത്ത പ്രാര്‍ത്ഥനകള്‍ ഉല്‍ക്കണ്ഠകളായി വന്ന് നമ്മുടെ മനസിനെ ഭാരപ്പെടുത്തുന്നു. പരീക്ഷയില്‍ ജയിക്കുമോ? ജോലി നല്ലത് ലഭിക്കുമോ? കല്യാണം നടക്കുമോ? കുഞ്ഞുങ്ങളുണ്ടാകുമോ? നിരവധി ചോദ്യങ്ങള്‍. ഇതിന് ഒറ്റ ഉത്തരമേയുള്ളൂ. ദൈവം നിന്നെ അനുഗ്രഹിക്കുവാന്‍ ഒരു സമയം കണ്ടെത്തിയിട്ടുണ്ട്. ആ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുക. അക്ഷമ ദുഃഖം കൊണ്ടുവരുന്നു. ദീര്‍ഘക്ഷമ അനുഗ്രഹവും ആനന്ദവും കൊണ്ടുവരുന്നു. അതുകൊണ്ടാണ് വിശുദ്ധ പത്രോസ് ശ്ലീഹാ ഇപ്രകാരം എഴുതിയത്: ”ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും” (1 പത്രോസ് 5:6). താഴ്മയോടെ കാത്തുനില്‍ക്കുന്നവരെ എല്ലാം ദൈവം നിശ്ചയമായും സന്ദര്‍ശിക്കും. അതിനാല്‍ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ആനന്ദം അനുഭവിച്ച് പിതാവിനെ മഹത്വപ്പെടുത്തുന്ന ദൈവമക്കളായിത്തീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
സ്‌നേഹപിതാവേ, അങ്ങയുടെ ആനന്ദത്താല്‍ എന്നെ നിറയ്ക്കണമേ. എല്ലാ സമയവും അങ്ങയെ സ്തുതിക്കുവാന്‍, അങ്ങയുടെ സാന്നിധ്യം അനുഭവിക്കുവാന്‍ എന്നെ അനുഗ്രഹിച്ചാലും. ലഭിക്കാത്ത അനുഗ്രഹങ്ങളെ ഓര്‍ത്ത് അങ്ങയെ പഴിക്കാതെ, പിറുപിറുക്കാതെ അങ്ങയുടെ സമയത്തിനായി കാത്തിരിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. കാത്തിരിപ്പിന്റെ നല്ല പാഠങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ എനിക്കായി ഇപ്പോള്‍ പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍.
കെ.ജെ. മാത്യു