ഇറ്റലിയില്‍ മദ്ധ്യയുഗം മുതല്‍ പ്രചരിച്ചിട്ടുള്ള ഒരു വിശ്വാസമുണ്ട്. മാതാവായ മറിയത്തിന്റെ നസ്രത്തിലെ ഭവനം മാലാഖമാര്‍ കൊണ്ടുവന്ന് ലൊറെറ്റൊയില്‍ സ്ഥാപിച്ചുവത്രേ! റോമില്‍ നിന്നും 280 കിലോമീറ്റര്‍ ദൂരെയുള്ള ഈ വിഖ്യാത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചാണ് 2019 മാര്‍ച്ച് 25- മംഗലവാര്‍ത്താ തിരുനാള്‍ദിനത്തില്‍- പാപ്പാ യുവജനങ്ങള്‍ക്കായുള്ള ‘ക്രിസ്തൂസ് വീവിത്’ ഒപ്പുവച്ചത്. മകന്റെ ഉത്ഥാനത്തില്‍ മതിമറന്നാഹ്ലാദിച്ച മറിയത്തിന്റെ ഹൃദയത്തില്‍ നമുക്കെല്ലാം ഒരിടമുണ്ട്! അവള്‍ ഒപ്പമുണ്ടെങ്കില്‍ അവന്റെ സമയത്തിനും മുമ്പേ നമ്മുടെ പ്രാര്‍ത്ഥനകള്‍ പുഷ്പിക്കും. ആഘോഷത്തിന്റെ പുതുവീഞ്ഞ് ഹൃദയഭരണികളില്‍ നിറച്ചുതരും എപ്പോഴുമവന്‍.
ലളിതവും ഏറെ ആകര്‍ഷണീയവുമായ ‘ക്രിസ്തൂസ് വീവിത്’ എന്ന അപ്പസ്‌തോലിക ആഹ്വാനത്തിന്റെ ആമുഖത്തില്‍ പാപ്പാ യുവാക്കളെ ഓര്‍മിപ്പിക്കുന്നു: ക്രിസ്തു നമ്മെ അതിശയിപ്പിക്കുന്ന വിധത്തില്‍ നമ്മുടെ ലോകത്തിന് യുവത്വം കൊണ്ടുവരുന്നു. അവന്‍ സ്പര്‍ശിക്കുന്നതെല്ലാം യുവത്വം കൊണ്ടും പുതുമയിലും ജീവന്‍ തുടിക്കുന്നവിധത്തിലും ആയിത്തീരുന്നു!
ഫ്രാന്‍സിസ് പാപ്പാ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു: ക്രിസ്തു ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ല. നീ അവനില്‍നിന്ന് എത്ര അകലെ അലഞ്ഞാലും ഉത്ഥിതന്‍ നിന്നോടൊപ്പം എപ്പോഴും ഉണ്ടാകും. കരുതലോടെ അവന്‍ കാത്തിരിക്കയും തിരികെയെത്തി വീണ്ടും അവനോടൊപ്പം യാത്ര തുടരാന്‍ നിന്നെ വിളിക്കയും ചെയ്യും. ഭയം, വെറുപ്പ്, സങ്കടം, സന്ദേഹം, തോല്‍വി എന്നിവയാല്‍ നീ പ്രായമായെന്ന് നിനക്ക് തോന്നുമ്പോള്‍, നിന്റെ ശക്തിയും പ്രത്യാശയും വീണ്ടെടുക്കുവാന്‍ അവന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. യുവത്വം വെറുമൊരു കാലഘട്ടം എന്നതിനെക്കാള്‍ മനസ്സിന്റെ അവസ്ഥയാണ്.
കാറ്റില്‍ വീഴാത്ത മരങ്ങള്‍
പാപ്പാ തുടരുന്നു, മനോഹരമായ ഇളം മരങ്ങള്‍ ചിലപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആകാശം മുട്ടുന്ന ശിഖരങ്ങളോടെ, ചിലപ്പോള്‍ അതിനപ്പുറവും, പ്രത്യാശയുടെ ഗാനം പോലെ ആടിയുലഞ്ഞ് നില്‍ക്കും. പിന്നീട്, ഒരു കൊടുങ്കാറ്റിനുശേഷം അവ കടപുഴകി, ജീവനറ്റ് കിടക്കുന്നതും കണ്ടിട്ടുണ്ട്. ആഴത്തിലേക്ക് അവയ്ക്ക് വേരുകള്‍ ഉണ്ടായിരുന്നില്ല. ശാഖകള്‍ വിടര്‍ത്തിയത്, വേരുറപ്പിക്കാതെയായിരുന്നു! പ്രകൃതി താണ്ഡവനൃത്തമാടിയപ്പോള്‍ അവ തളര്‍ന്നുവീണു. അതുകൊണ്ടാണ് വേരുകളില്ലാതെ യുവജനങ്ങള്‍ ഭാവി പണിതുയര്‍ത്തുമ്പോള്‍ ഞാന്‍ ഏറെ നൊമ്പരപ്പെടുന്നത്! അതിനാല്‍ ഞാന്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന ആദ്യത്തെ സത്യമിതാണ്, ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു. രണ്ടാമത്തെ വലിയ സത്യമിതാണ്. സ്‌നേഹത്തെപ്രതി, നിന്നെ രക്ഷിക്കാന്‍ ക്രിസ്തു തന്നെത്തന്നെ പൂര്‍ണ്ണമായി ബലിയര്‍പ്പിച്ചു. അവസാനമായി, ക്രിസ്തു ജീവിക്കുന്നു. നമ്മെ കൃപകളില്‍ നിറയ്ക്കുന്നവന്‍, വിമോചിപ്പിക്കുന്നവന്‍, നമ്മെ മാറ്റിയെടുക്കുന്നവന്‍, സുഖപ്പെടുത്തുന്നവന്‍, ആശ്വസിപ്പിക്കുന്നവന്‍ പൂര്‍ണ്ണതയില്‍ ജീവിക്കുന്നു. അവനാണ് ക്രിസ്തു. യേശുവിനോടുള്ള സുഹൃദ്ബന്ധം വിഛേദിക്കാനാവില്ല. അവന്‍ നിശ്ശബ്ദനായിരിക്കുന്നുവെന്ന് ചിലപ്പോള്‍ തോന്നാമെങ്കിലും അവന്‍ നമ്മെ ഒരിക്കലും വിട്ടുപിരിയുന്നില്ല.
പ്രിയ യുവജനങ്ങളേ, നിങ്ങളെ ഏറെ സ്‌നേഹിക്കുന്ന ക്രിസ്തുവിന്റെ മുഖത്താല്‍ ആകര്‍ഷിക്കപ്പെട്ട് നിങ്ങളുടെ ഓട്ടം തുടരുക. ഞങ്ങള്‍ ഇതുവരെ എത്താത്തിടത്ത് നിങ്ങള്‍ എത്തിച്ചേരുമ്പോള്‍ ക്ഷമയോടെ, ഞങ്ങള്‍ക്കായി കാത്തിരിക്കണേ! – എന്ന് പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
സമാധാനം സംസ്ഥാപിച്ച ധീര യുവാക്കള്‍
എത്രയോ യുവതീയുവാക്കളാണ് വിശുദ്ധ ഗ്രന്ഥത്തില്‍ പ്രചോദനമായി നമുക്കു മുന്‍പിലുള്ളത്. ഉല്‍പത്തി പുസ്തകത്തിലെ ജോസഫിന് ദൈവം സ്വപ്‌നങ്ങളിലൂടെ മഹത്തായ കാര്യങ്ങള്‍ കാണിച്ചുകൊടുത്തിരുന്നു. ഇരുപതാം വയസ്സില്‍ അവന് മറ്റ് സഹോദരന്മാരെക്കാള്‍ ഉന്നത മേഖലകളില്‍ കടന്നുവരാനായത് പ്രതിസന്ധിയിലും നീതിയില്‍ നടന്നതിനാലും ദൈവം അവനെ കടാക്ഷിച്ചതിനാലുമാണ്, പാപ്പാ ചൂണ്ടിക്കാട്ടുന്നു.
പഞ്ചസാരപുരട്ടി മധുരവാക്കുകളിലൂടെ മിനുക്കി പറയാതെ, കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന യുവാവാണ് ഗിദെയോന്‍. കര്‍ത്താവിന്റെ ദൂതന്‍ അവന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ‘ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടു കൂടെ’! ഗിദെയോന്‍ ചോദിച്ചു: ‘പ്രഭോ, കര്‍ത്താവ് ഞങ്ങളോടുകൂടെ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം ഞങ്ങള്‍ക്ക് സംഭവിക്കുന്നത്?’ (ന്യായാധിപന്‍ 6:13). മറുതല പറഞ്ഞവനോട് കര്‍ത്താവിന് ഇഷ്ടക്കേടൊന്നും തോന്നിയില്ല. പ്രത്യുത, മിദിയാന്‍കാരെ വിമോചിപ്പിക്കാനായി കരുത്തുനല്‍കി കര്‍ത്താവ് അവനെ അയച്ചു (ന്യായാധിപന്‍ 6:14).
ദൈവം വിളിച്ചപ്പോള്‍ സാമുവല്‍ കേവലം ബാലനായിരുന്നില്ലേ? ദൈവത്തെ ശ്രവിച്ച അവനെ ദൈവം രാഷ്ട്രത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഇടപെട്ട വലിയ പ്രവാചകനാക്കി ഉയര്‍ത്തി. വെറും ഇടയചെറുക്കനായ ദാവീദിനെയാണല്ലോ ദൈവം രാജാവാക്കിയത്. ”മനുഷ്യന്‍ കാണുന്നതല്ല, ദൈവം കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു. കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും!’ (1 സാമുവല്‍ 16:7). വെറും പുറം മോടിയെയും കായിക ബലത്തെയുംകാള്‍ യുവത്വത്തിന്റെ മഹത്വം ഹൃദയത്തിലാണ്, ഫ്രാന്‍സിസ് പാപ്പാ വിവരിക്കുന്നു.
സോളമന്റെ യുവത്വത്തിന്റെ ധൈര്യം ജ്ഞാനം ചോദിക്കാന്‍ പ്രചോദിപ്പിച്ചു. യുവത്വത്തിന്റെ തീക്ഷ്ണതയോട് ദൈവത്തിന്റെ കരുത്ത് ചേരുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് ജറെമിയായെ നോക്കിയാല്‍ മതിയാകും. പ്രചോദനത്തിന്റെ മാതൃകകള്‍ നിരത്തി, ക്രിയാത്മകമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ യുവതയെ വെല്ലുവിളിക്കയാണ് പാപ്പാ.
നിത്യയൗവനത്തിന് യേശുമരുന്ന്
യുവതയുടെ യുവത്വമാണ് യേശു. കാല്‍വരിയിലെ കുരിശില്‍ ജീവന്‍ വെടിയുമ്പോള്‍’ (മത്തായി 27:50) ക്രിസ്തുവിന് 30 വയസ്സിനുമേല്‍ മാത്രമാണ് പ്രായം. രോഗികളോടും പാപികളോടും പാവങ്ങളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും അഗാധമായ അനുകമ്പ കാണിച്ച യേശുവില്‍ എല്ലാ യുവജനങ്ങള്‍ക്കും തങ്ങളെത്തന്നെ ദര്‍ശിക്കാനാവും.
മറ്റ് യുവജനങ്ങളുടെ ഇരുണ്ട രാത്രികളില്‍ പാതിരാ നക്ഷത്രങ്ങളായി പ്രശോഭിക്കാന്‍ കര്‍ത്താവ് നമ്മെ വിളിക്കുന്നു. ക്രിസ്തുവാണ് ‘പ്രഭാതതാരകം’ (വെളിപാട് 22:16). അവനാണ് നമ്മുടെ വഴികാട്ടിയും പ്രത്യാശയുടെ വന്‍ പ്രകാശവും. ഒട്ടേറെ യുവാക്കള്‍ക്ക് മതവും സഭയുമൊക്കെ പൊള്ളയായ വാക്കുകളായി തോന്നാമെങ്കിലും ക്രിസ്തുവിന്റെ ആ ധന്യ ജീവിതം അതിന്റെ മനോഹാരിതയില്‍ അവതരിപ്പിക്കപ്പെട്ടാല്‍, ആ വ്യക്തിത്വം ഏറെ വൈകാരിക അടുപ്പം തോന്നുന്ന ഒരു ജീവിതമായി അനുഭവപ്പെടും.
യുവവിശുദ്ധര്‍ -സഭയുടെ തുടിക്കുന്ന ഹൃദയങ്ങള്‍
ക്രിസ്തുവിന്റെ ജീവിതത്തോട് അനുരൂപരായി മാറിയ ധാരാളം യുവ വിശുദ്ധര്‍ സഭാഹൃദയത്തിലുണ്ട്. വളരെയധികം പേര്‍ രക്തസാക്ഷിത്വം വരിച്ച് മരണം പുല്‍കിയവരാണ്. മൂന്നാം നൂറ്റാണ്ടില്‍ റോമന്‍ പ്രത്തോറിയത്തിലെ അംഗരക്ഷകരുടെ തലവനായിരുന്ന വിശുദ്ധ സെബസ്ത്യാനോസ് വെല്ലുവിളികള്‍ ഉണ്ടായിട്ടും തന്റെ സഹപ്രവര്‍ത്തകരോട് വിശ്വാസം പങ്കിടാന്‍ പരിശ്രമിച്ചു. ക്രിസ്തുവിനുവേണ്ടി മടികൂടാതെ മരണം സ്വീകരിച്ചു.
വലിയ സ്വപ്‌നങ്ങളുമായി ജീവിച്ച അസ്സീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ്, സന്തോഷത്തോടെ എല്ലാം ഉപേക്ഷിച്ചു. ക്രിസ്തുവിനെപ്പോലെ ദരിദ്രനായി. തന്റെ സാക്ഷ്യം വഴി സഭയെ പടുത്തുയര്‍ത്താന്‍ ജീവിതം സമര്‍പ്പിച്ചു. ഫ്രാന്‍സിനെ രക്ഷിക്കാനായി ജീവിതം സമര്‍പ്പിച്ച ജൊവാന്‍ ഓഫ് ആര്‍ക്, മിഷണറിമാരെ സഹായിച്ച്, മറ്റുള്ളവര്‍ക്ക് വിശ്വാസം പകര്‍ന്നു ജീവിച്ച്, തടവിലാവുകയും ജയിലില്‍ മരണപ്പെടുകയും ചെയ്ത വിയറ്റ്‌നാമിലെ വാഴ്ത്തപ്പെട്ട ആന്‍ഡ്രൂ ഫു യെന്‍, വിശുദ്ധ ഡൊമിനിക് സാവിയോ, ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ, 1990-ല്‍ മരണമടഞ്ഞ വാഴ്ത്തപ്പെട്ട ക്ലാര ബദാനോ…… അങ്ങനെ നിരവധി യുവാക്കളായ വിശുദ്ധര്‍ സുവിശേഷം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കാനും ലോകത്തില്‍ വിശുദ്ധിയുടെ സാക്ഷികളായിത്തീരാനും ഇന്ന് പ്രചോദിപ്പിക്കുന്നു.
ബിഷപ് ഡോ. അലക്‌സ് വടക്കുംതല