രസകരമാക്കാം സണ്‍ഡേ സ്‌കൂള്‍! സ്മാര്‍ട്ട് കാറ്റെക്കിസം മൊബൈല്‍ ആപ്ലിക്കേഷന്‍

സണ്‍ഡേ സ്‌കൂള്‍ പഠനം കൂടുതല്‍ ആകര്‍ഷകമാക്കുക എന്നത് എത്രയോ മനോഹരമായ സ്വപ്‌നമാണ്. ആ സ്വപ്‌നമിതാ യാഥാര്‍ത്ഥ്യമായിരിക്കുന്നു, സ്മാര്‍ട്ട് കാറ്റെക്കിസം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ!
ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഈ ആപ്ലിക്കേഷനില്‍ നല്കിയിരിക്കുന്നു. ഓരോ പാഠപുസ്തകത്തോടുമൊപ്പം അതിലെ പാഠങ്ങളുടെ ക്ലാസിന്റെ ഓഡിയോ വേര്‍ഷനും ലഭ്യം. ഉള്ളടക്കത്തിനു ചേര്‍ന്ന പശ്ചാത്തലം, പവര്‍ പോയിന്റ് പ്രസന്റേഷന്‍, അധ്യാപകസഹായി എന്നിവയും ഈ ആപ്പിലുണ്ട്. ഇതെല്ലാം ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
പഠനസഹായികളും അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകളും സ്മാര്‍ട്ട് കാറ്റെക്കിസം ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠങ്ങളോടു ചേര്‍ന്ന് കുട്ടികള്‍ക്ക് പരിചയപ്പെടുത്താവുന്ന വിശുദ്ധര്‍, പ്രചോദനാത്മകമായ കഥകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ആക്ഷന്‍ സോംഗുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയുടെ ശേഖരവും ഈ ആപ്പിലുണ്ട്.
സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതൊരു സഹായിയായിരിക്കും. സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷനാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ പ്ലേ സ്‌റ്റോറില്‍ നിന്നു സ്മാര്‍ട്ട് കാറ്റക്കിസം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. പാഠഭാഗങ്ങളും പഠനസഹായികളുംമാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സംവിധാനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *