എന്തു രസം ഈ വര്‍ത്തമാനം!

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ കഥയാണ് അന്ന് സിയക്കുട്ടി വായിച്ചത്. മറിയം ത്രേസ്യ ചെറുപ്പത്തിലേതന്നെ ഈശോയോടും മാതാവിനോടും സംസാരിച്ചിരുന്നതിനെക്കുറിച്ചും ഈശോ അവളുടെകൂടെ കളിച്ചതിനെക്കുറിച്ചുമൊക്കെ കേട്ടപ്പോള്‍ അവള്‍ക്ക് നല്ല രസം തോന്നി. ഈശോയോട് അതുപോലെ കൂട്ടുകൂടണം. മാതാവിനോട് എപ്പോഴും സഹായിക്കാന്‍ പറയണം, സിയക്കുട്ടി തീരുമാനിച്ചു.
അന്നു രാത്രി വീട്ടില്‍ എല്ലാവരും ജപമാല ചൊല്ലിക്കഴിഞ്ഞ് എഴുന്നേറ്റുപോയിട്ടും സിയക്കുട്ടി ഈശോയോട് കുറച്ചുകൂടി വര്‍ത്തമാനം പറയാനായി അവിടെത്തന്നെ ഇരുന്നു. വീട്ടിലെ ഹാളിലിരുന്നാണ് അവരുടെ കുടുംബപ്രാര്‍ത്ഥന. അവിടെ ഈശോയുടെ ഒരു നല്ല ചിത്രമുണ്ട്. അതിലേക്ക് നോക്കി ഈശോയോട് വര്‍ത്തമാനം പറയാന്‍ നല്ല രസം. സ്‌കൂളില്‍ അന്നുണ്ടായ കാര്യങ്ങളെല്ലാം അവള്‍ പറഞ്ഞു. സയന്‍സ് പഠിച്ചിട്ട് മനസ്സിലാവാത്തതിന്റെ സങ്കടവും പങ്കുവച്ചു.
അപ്പോഴാണ് ഓര്‍ത്തത് ഇത്ര നേരം ഈശോയോട് വിശേഷം പറഞ്ഞതല്ലാതെ ഈശോക്ക് ഇങ്ങോട്ട് പറയാനുള്ളതൊന്നും കേട്ടില്ലല്ലോ എന്ന്. പെട്ടെന്നുതന്നെ സിയക്കുട്ടി ചോദിച്ചു, ”ഇനി പറയ്, എന്തൊക്കെയാണ് ഈശോയുടെ വിശേഷങ്ങള്‍?”
ഇങ്ങനെ ചോദിച്ച് കുറച്ചുനേരം സിയക്കുട്ടി ഈശോയുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. പിന്നെ പാതിമയക്കത്തിലേക്ക് വഴുതിവീണു.
നല്ല ഭംഗിയുള്ള ഒരു പൂന്തോട്ടം. അവടെ ഈശോ നടക്കുകയാണ്, ആ കൈകളില്‍ തൂങ്ങി ഒരു പെണ്‍കുട്ടിയും നടക്കുന്നുണ്ട്. അവരങ്ങനെ നടന്നു മുന്നോട്ടു വന്നു. പെട്ടെന്ന് സിയക്കുട്ടിയുടെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു. കാരണം, ഈശോയുടെ കൈയില്‍ തൂങ്ങി നടക്കുന്നത് മറ്റാരുമല്ല, സിയക്കുട്ടിതന്നെ!
അടുത്ത നിമിഷത്തില്‍ അനിയന്‍കുട്ടന്‍ വന്ന് മടിയിലിരുന്നതോടെ സിയക്കുട്ടി ഉണര്‍ന്നു. സ്വപ്നത്തിലൂടെ ഈശോ തന്നോട് വിശേഷം പറഞ്ഞതിന്റെ സന്തോഷമായിരുന്നു അപ്പോള്‍ മനസ്സില്‍ നിറയെ. ഈശോയോട് വീണ്ടും സംസാരിക്കാന്‍ അവള്‍ക്ക് കൊതി തോന്നി.

Leave a Reply

Your email address will not be published. Required fields are marked *