ആരോടാണ് കൂടുതല്‍ ഇഷ്ടം?

കുഞ്ഞുങ്ങളോട് പൊതുവേ മാതാപിതാക്കള്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്, ”അപ്പനോടാണോ അമ്മയോടാണോ കൂടുതല്‍ ഇഷ്ടം?”
”ഈശോയോടു മതി കൂടുതല്‍ സ്‌നേഹം. അതു കഴിഞ്ഞുമതി അപ്പനോടും അമ്മയോടും.” ചോദ്യത്തോടൊപ്പം ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. ഒരമ്മയെപ്പറ്റി കേട്ടതോര്‍ക്കുന്നു, അവര്‍ കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുത്തു, പരിശുദ്ധ മാതാവാണ് നിങ്ങളുടെ അമ്മ. ഞാന്‍ നിങ്ങളുടെ രണ്ടാമത്തെ അമ്മയാണെന്ന്. ആ മക്കള്‍ ദൈവമാതാവിനോടുള്ള ഭക്തി എത്രമാത്രം കാത്തുസൂക്ഷിക്കും!
ദൈവം നമുക്ക് തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍, സ്‌നേഹിക്കാന്‍ തന്നിരിക്കുന്ന വ്യക്തികള്‍- എല്ലാം നമുക്ക് ഒരു ബന്ധനമാകാനിടയുണ്ട്. ദൈവത്തെക്കാളുപരി മറ്റെന്തിനെയെങ്കിലും -വ്യക്തികളെയോ വസ്തുക്കളെയോ സമ്പത്തിനെയോ- സ്‌നേഹിച്ചാല്‍ അത് ബന്ധനമാണ്. നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പനയുടെ ലംഘനമാണ് അത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്നുണ്ടോ എന്നു നമുക്ക് പരിശോധിക്കാം.
ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണമെന്ന് തിരുവചനം പറയുന്നു. അതുകൊണ്ടുതന്നെയല്ലേ ധാരാളം ഭൗതികസമ്പത്തുണ്ടായിരുന്ന വിശുദ്ധര്‍ അതെല്ലാം വിറ്റ് ആവശ്യക്കാര്‍ക്കായി പങ്കുവച്ചുനല്കിയത്. കാരണം ഏറ്റവും വലിയ സമ്പത്ത് യേശുവാണെന്ന് അവര്‍ക്ക് ബോധ്യം ലഭിച്ചു. സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിഞ്ഞിരിക്കുന്ന നിധിക്കു തുല്യം. അത് കണ്ടെത്തുന്നവന്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുന്നുവെന്ന് ഈശോ പറഞ്ഞത് അതുകൊണ്ടല്ലേ. മറ്റുള്ളവര്‍ക്കു മുഴുവന്‍ അത് വിഡ്ഢിത്തമായി തോന്നിയാലും അതാണ് ഏറ്റവും ബുദ്ധിപൂര്‍വ്വമായ പ്രവൃത്തി എന്ന് ചെയ്യുന്നയാള്‍ക്ക് അറിയാം.
ഞങ്ങളുടെ അമ്മച്ചി ഇപ്രകാരമുള്ള മാതൃക ഞങ്ങള്‍ക്ക് കാണിച്ചുതന്നു. സമ്പത്തിനോട് മമത കാണിച്ചില്ല. നവീകരണധ്യാനങ്ങളില്‍ പങ്കെടുത്ത് തിരുവചനങ്ങള്‍ പാലിച്ച് അമ്മച്ചി ജീവിക്കാന്‍ ശ്രമിച്ചു. ആത്മീയജീവിതത്തിന് സഹായമാകാന്‍ അമ്മച്ചിയുടെ ആഗ്രഹമനുസരിച്ച് ശാലോം ടൈംസ് മാസികയുടെ ആരംഭം മുതലുള്ള കോപ്പികള്‍ വാങ്ങിക്കൊടുത്തു. ഇപ്രകാരം ജീവിച്ചിരുന്നതിനാല്‍ പെട്ടെന്ന് മരണം സംഭവിച്ചപ്പോഴും ഒരുക്കത്തോടെ മരിക്കാന്‍ സാധിച്ചു. 73-ാം വയസില്‍ പെട്ടെന്നുണ്ടായ ശാരീരികപ്രശ്‌നങ്ങളാലാണ് 1995 സെപ്റ്റംബര്‍ രണ്ടിന് അമ്മച്ചി മരിച്ചത്. അതിന് അല്പം മുമ്പ് പലര്‍ക്കും കത്തുകള്‍ എഴുതി പോസ്റ്റ് ചെയ്തിരുന്നു. ജൂലൈ അവസാനം എഴുതി പോസ്റ്റ് ചെയ്തിരുന്ന ആ കത്തുകള്‍ ആഗസ്റ്റ് മാസം ആദ്യത്തില്‍ത്തന്നെ എല്ലാവര്‍ക്കും കിട്ടി. ഒരു ദിവസംമാത്രം ആശുപത്രിയില്‍ കിടന്ന അമ്മച്ചി മരിച്ചെന്നു കേട്ടപ്പോഴേ കത്തുകള്‍ കിട്ടിയവരെല്ലാം ഓടി വന്നു.
ആത്മരക്ഷയ്ക്കുതകുന്ന കാര്യങ്ങള്‍ എഴുതിയിരുന്ന ആ കത്തുകള്‍ അവര്‍ക്കെല്ലാം അനുഗ്രഹമായി എന്ന് അവര്‍ പറഞ്ഞു. കുടുംബത്തിലുണ്ടായിരുന്ന വഴക്കുകള്‍ക്ക് പരിഹാരമായതായി ചിലര്‍ സാക്ഷ്യപ്പെടുത്തി. ആരെങ്കിലും തമ്മില്‍ത്തമ്മില്‍ പ്രശ്‌നമുണ്ടെന്ന് അറിഞ്ഞാല്‍ അവരോട് കത്തിലൂടെയോ നേരിട്ടോ സംസാരിക്കാനും അതിന് പരിഹാരമുണ്ടാക്കാനും അമ്മച്ചി ശ്രദ്ധിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ പലതും അമ്മച്ചിയുടെ മരണശേഷമാണ് ഞങ്ങള്‍ അറിഞ്ഞതുതന്നെ.
അമ്മച്ചി ഈശോയെ കണ്ടെത്തിപ്പോള്‍ മുതല്‍ സകലതിലുമുപരി ഈശോയെ സ്‌നേഹിച്ചതിന്റെ പ്രതിഫലനമായിരുന്നു ഇതെല്ലാം. മക്കളെയും ഈശോയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു. എപ്പോഴും അനുതപിക്കണമെന്നാണ് പറഞ്ഞുതന്നിട്ടുള്ളത്. അമ്മച്ചി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും എന്റെ സങ്കടം മാറിയില്ല. ഇതുകണ്ട് ഒരിക്കല്‍ എന്റെ മൂന്നാം ക്ലാസുകാരനായ മകന്‍ പറഞ്ഞു. ”അമ്മച്ചി ഇപ്പോഴും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്. അമ്മ ഈ കരച്ചില്‍ നിര്‍ത്തിയാല്‍ മതി.” നല്ല മനുഷ്യര്‍ മരിച്ചുപോകുമ്പോള്‍ പത്രങ്ങളില്‍നിന്ന് അവന്‍ വായിച്ചിട്ടുള്ള വാക്കുകളാണ് അത്. അവന്‍ പതിവായി പത്രം വായിക്കാറുണ്ട്. ആ വാക്കുകള്‍ എനിക്ക് വളരെയധികം ആശ്വാസം നല്കി.
ഈശോയെ സര്‍വതിലുമുപരി സ്‌നേഹിച്ചവരുടെ ജീവിതം എങ്ങനെയാകുമെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയായിരുന്നു അതെനിക്ക്. ഈശോയെ സ്‌നേഹിക്കുന്നവര്‍ അവിടുത്തേക്ക് പ്രിയപ്പെട്ട മനുഷ്യാത്മാക്കളെയും സ്‌നേഹിക്കും. ആത്മാക്കളോടുള്ള ആ സ്‌നേഹം അവരെ പ്രവര്‍ത്തനനിരതരാക്കുന്നു. അതിനാല്‍ത്തന്നെ അവര്‍ ‘ഹൃദയങ്ങളില്‍’ വസിക്കും. നമുക്കും ഈശോയെ കൂടുതലായി സ്‌നേഹിക്കാം, ഹൃദയങ്ങളില്‍ വസിക്കുന്നവരാകാം.


റോസമ്മ ജോസഫ് പുല്‍പ്പേല്‍

Leave a Reply

Your email address will not be published. Required fields are marked *