നഴ്സായി ജോലി ചെയ്യുന്ന ഞാന്‍ ഒരു ദിവസം ബസ് കാത്തുനില്ക്കുകയായിരുന്നു. ആ സമയത്ത് 35 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ ‘ഇതാ സിസ്റ്ററുടെ മകന്’ എന്നു പറഞ്ഞ് മൂന്നോ നാലോ വയസുള്ള ഒരാണ്‍കുട്ടിയെ എന്റെ കൈയിലേക്ക് തന്നു. എനിക്കൊന്നും മനസിലായില്ല, ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു.
”സിസ്റ്റര്‍ക്ക് മനസിലായില്ല അല്ലേ?” ആ സ്ത്രീ പറഞ്ഞുതുടങ്ങി. ”രണ്ട് പെണ്‍കുട്ടികള്‍ക്കുശേഷം ഞാന്‍ ഗര്‍ഭിണിയായപ്പോള്‍ അതും പെണ്കുട്ടിയാകുമെന്നു പറഞ്ഞ് അബോര്ഷന് ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. അന്യനാട്ടില്‍ ജോലി ചെയ്യുന്ന അദ്ദേഹം നാട്ടില്‍ വരുന്നതിനു മുമ്പു ചെയ്യാനും പറഞ്ഞു. അതിന് സഹായം ചോദിച്ചാണ് അന്ന് ഞാന്‍ സിസ്റ്ററിന്റെ അടുത്ത് വന്നത്.”
ഇതു കേട്ടപ്പോള്‍ എനിക്ക് അവരെ ഓര്‍മ്മവന്നു. അന്ന് അവരോട് ഇങ്ങനെയാണ് പറഞ്ഞത്: ”ഭര്‍ത്താവ് കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ചാടുമോ? ഭര്‍ത്താവിനോട് ധൈര്യമായി പറയണം- വേറെ എന്ത് പറഞ്ഞാലും ചെയ്യാം. ഇത് മാത്രം ഞാന്‍ ചെയ്യില്ല എന്ന്.” എന്റെ വാക്കുകള്‍ കേട്ട് അവള് ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു: ”ഞാന്‍ എന്റെ കുഞ്ഞിനെ കൊല്ലില്ല.”
ഞാന്‍ എന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കും, നിന്റെ ഉദരത്തിലുള്ളത് ഒരാണ്കുട്ടിതന്നെയായിരിക്കുമെന്നു പറഞ്ഞാണ് അന്ന് അവളെ വിട്ടത്.
അവള് പ്രസവിച്ചു, അത് ആണ്കുട്ടിതന്നെയായിരുന്നു. ആ കുഞ്ഞിനെയാണ് അവള് എന്റെ കൈയില്‍ വച്ചുതന്നിരിക്കുന്നത്!
ആനി ജോസ്, മുല്ലശേരി, തൃശൂര്‍