എന്റെ ഈ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടിയില്ലല്ലോ എന്ന ചിന്ത ഒരിക്കലെങ്കിലും മനസ്സിനെ മഥിച്ചില്ലാത്ത ആരും കാണുകയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വാസ്തവത്തില്‍ ഉത്തരം കിട്ടാത്ത പ്രാര്ത്ഥനയുണ്ടാകുമോ? ധന്യന്‍ ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഇതേപ്പറ്റി നമുക്ക് പറഞ്ഞുതരുന്നുണ്ട്.
ഒരു ചെറിയ കുട്ടിയുടെ കാര്യം പരിഗണിക്കുക. അവനു ഗുണകരമല്ലാത്തത് ചിലപ്പോള്‍ അവന് പിതാവിനോടു ചോദിച്ചേക്കാം. ഉദാഹരണത്തിന്, ഒരു തോക്ക്. പിതാവ് അത് നിരസിക്കുമെങ്കിലും അവനെ കരങ്ങളില്‍ എടുത്തുകൊണ്ട് ആശ്വസിപ്പിക്കും. അതായത് അവന്റെ അഭ്യര്‍ത്ഥന നിരസിക്കുമ്പോഴും അവനു പിതാവ് സ്നേഹം കൊടുക്കുന്നു. പിതാവിന്റെ ആലിംഗനത്തില്‍ ആ കുട്ടി ചോദിച്ച കാര്യംപോലും പാടെ മറന്നെന്നിരിക്കും. അതുപോലെതന്നെ പ്രാര്‍ത്ഥനയില്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളത് കിട്ടിക്കഴിയുമ്പോള്‍ ആവശ്യപ്പെട്ടത് നാം മറന്നുപോകും.
ആഗ്രഹിക്കുന്നതെല്ലാം ദൈവം തന്നില്ലെങ്കിലും ഒരര്‍ത്ഥത്തില്‍ ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥന ഇല്ലെന്നു മനസ്സിലാക്കുക. ദൈവവുമായുള്ള ആത്മീയസൗഹൃദത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രാര്‍ത്ഥനയ്ക്ക് ‘ഉവ്വ്’ അല്ലെങ്കില്‍ ‘ഇല്ല’ എന്നീ രണ്ട് ഉത്തരങ്ങള്മാത്രമല്ല ഉള്ളത്. മൂന്നാമതൊരു ഉത്തരംകൂടിയുണ്ട്. ‘കാത്തിരിക്കുക’ എന്നുള്ളതാണ് അത്. അതിനാല്‍ വീണ്ടും അടിവരയിട്ട് ഓര്‍ക്കാം, ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനയില്ല.
ധന്യന്‍ ഫുള്‍ട്ടന്‍ ജെ. ഷീന്‍