വിളിച്ചിട്ടും വരാത്ത പരിശുദ്ധാത്മാവ്?

2019-ലെ പെന്തക്കുസ്താ തിരുനാള്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വ്യത്യസ്തമായിരുന്നു. പ്രത്യേക ഒരുക്കവും പ്രാര്‍ത്ഥനയും ഒരുക്കധ്യാനങ്ങളും നടത്തപ്പെട്ടു. അതിനാനുപാതികമായ ഫലവും പ്രകടമായിരുന്നു. ഏറെപ്പേര്‍ക്കും പുതിയ അഭിഷേകവും പരിശുദ്ധാത്മാവിന്റെ നവമായ ശക്തിയും ലഭ്യമായി.
എന്നാല്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടും പ്രതീക്ഷിച്ചതുപോലൊരു അഭിഷേകം ലഭിച്ചില്ല എന്ന് വിഷമിക്കുന്നവരും ഉണ്ട്. എന്തുകൊണ്ടായിരിക്കാം?
ഈശോ പറഞ്ഞു, ”ആരും പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്ക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിന് പുതിയ തോല്ക്കുടങ്ങള്‍ വേണം” (മര്‍ക്കോസ് 2:22).
പുതുവീഞ്ഞായ പരിശുദ്ധാത്മാവ് നമ്മില്‍ നിറയാന്‍ നാം പുതിയ തോല്ക്കുടങ്ങളായി മാറണം. നവീകരണത്തിലും പ്രാര്‍ത്ഥനാ ജീവിതത്തിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിരവധി ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടും മാറ്റിയെടുക്കാത്ത പല ദുസ്വഭാവങ്ങളും ഇപ്പോഴും നമ്മിലുണ്ട്; അവയൊന്നും അത്ര ഗൗരവമുള്ളതായി ഗണിക്കാറുമില്ല. ‘സാരമില്ല, ഞാന്‍ അങ്ങനെയാ’ എന്നും മറ്റുമുള്ള ന്യായീകരണങ്ങളോടെ അത്തരം പാപങ്ങളുമായി ആജീവനാന്ത സന്ധി ചെയ്തിരിക്കുകയാണ്. മാരകപാപങ്ങളല്ലാത്തവയൊന്നും പാപമല്ലാത്തതുപോലെയാണ് പലര്‍ക്കും.
പരസ്‌നേഹത്തിലെ വീഴ്ചകള്‍ -ചിലരോട് അമിത ഇഷ്ടവും മറ്റു ചിലരോട് അസഹനീയ ദ്വേഷവും ആവര്‍ത്തനംകൊണ്ട് ശ്രദ്ധയില്‍പ്പെടാറില്ല. കുറ്റം പറയുന്നതും കേള്‍ക്കുന്നതുമൊന്നും പാപത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താതെ പോകുന്നു.
മറ്റൊന്ന് സ്വയംസ്‌നേഹമാണ്. എന്റെ ഇഷ്ടം, എന്റെ തീരുമാനം, ഞാന്‍ മാത്രം ശരി, ഞാനില്ലെങ്കില്‍ ഒന്നും ശരിയല്ല, എന്നിങ്ങനെ എല്ലാം സ്വയത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ നാംതന്നെ നമ്മുടെ ദൈവമായിത്തീരുകയാണ്. അങ്ങനെ വിഗ്രഹാരാധന എന്ന തിന്മ സ്ഥിരമായി ചെയ്യുമ്പോഴും അത് തിരിച്ചറിയുന്നില്ലെങ്കില്‍, ഒരു തെറ്റും ചെയ്യാത്തപോലെ, എന്നാല്‍ വലിയ പുണ്യങ്ങള്‍ ചെയ്യുന്നതുപോലെ ജീവിക്കാന്‍ കഴിയും.
ഇവയിലൊന്നും മാറ്റം വരുത്താന്‍ ആഗ്രഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്യാതെ, കൂടെക്കൂടെ കുമ്പസാരിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ഒരുപാട് പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ വിശുദ്ധിയില്‍ അഭിവൃദ്ധി പ്രാപിക്കുകയാണെന്ന മിഥ്യാധാരണയിലായിരിക്കുന്നതല്ലാതെ പുതിയ അഭിഷേകം പ്രാപിക്കാന്‍വിധം പുതിയ പാത്രമാകുന്നില്ല. കൃപകള്‍ പകരപ്പെട്ടാലും പാപങ്ങളാകുന്ന ദുര്‍ബലതകളിലൂടെ ആ പുതുവീഞ്ഞ് ചോര്‍ന്നുപോവുകയും ചെയ്യും.
സ്വയം ഇല്ലാതായി, നമ്മിലെ നമ്മുടേതായതെല്ലാം നീക്കംചെയ്ത് നവീകരിച്ചാല്‍ മാത്രമേ പരിശുദ്ധാത്മാവിന് നമ്മില്‍ നിറയാനും വസിക്കാനും കഴിയൂ.
സ്വന്തം കഴിവുകൊണ്ട് ഇസ്രായേല്യരെ മോചിപ്പിക്കാന്‍ തുനിഞ്ഞ മോശയ്ക്ക് തോറ്റോടേണ്ടി വന്നു. എന്നാല്‍ ആ മോശതന്നെയാണ് ദൈവം വിളിച്ചപ്പോള്‍ തന്റെ നിസാരത മനസിലാക്കി, ‘എനിക്ക് സംസാരിക്കാനുള്ള കഴിവുപോലുമില്ല, മറ്റാരെയെങ്കിലും അയയ്ക്കണമെ’ എന്ന് ദൈവതിരുമുമ്പില്‍ സ്വയം ഒന്നുമല്ലാതായി നില്ക്കുന്നത്. ആ സ്വയംശൂന്യതയിലേക്ക് ദൈവം തന്റെ ആത്മാവിനെ പകര്‍ന്ന് ഇസ്രായേലിന്റെ നേതാവാക്കി. അപ്പോഴേക്കും ആദ്യമുണ്ടായിരുന്ന അമിതാവേശവും തന്നിലൂടെ എല്ലാം ചെയ്യണമെന്ന ആഗ്രഹവും കഴിവിലുള്ള അഹങ്കാരവുമെല്ലാം മാറി പുതിയ വ്യക്തി- പുതിയ തോല്ക്കുടമായിക്കഴിഞ്ഞിരുന്നു. അതിനാല്‍ മോശയില്‍ പകരപ്പെട്ട ആത്മാവ് ചോര്‍ന്നില്ല, നഷ്ടമായില്ല.
നമുക്കിനിയും സമയം വൈകിയിട്ടില്ല. സ്വയം ഒരു ഇളക്കിമറിക്കല്‍, ഉരുക്കിവാര്‍ക്കല്‍ നടത്തണം. കുറവുകള്‍ നീക്കി, പുതിയ പാത്രമായി പുതിയ അഭിഷേകം സ്വന്തമാക്കണം. അതിനായി പ്രാര്‍ത്ഥിക്കാം:
കര്‍ത്താവേ, എന്നിലെ കുറവുകള്‍ നീക്കി പുതുസൃഷ്ടിയാകാനും പുതിയ അഭിഷേകം സ്വീകരിക്കാനും എനിക്ക് കൃപനല്കണമേ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *