മനോഹരമായ ആ കിരീടങ്ങള്‍ക്കായി…

ഓഷ്‌വിറ്റ്‌സ് നാസി ക്യാംപില്‍നിന്ന് രക്ഷപ്പെട്ട ഒരാള്‍ക്കു പകരം 10 പേരെ കൊല്ലാന്‍ തീരുമാനമായ സമയം. പത്താമനായി തെരഞ്ഞെടുക്കപ്പെട്ട ഒരു സാധുവിനു പകരക്കാരനായി മാക്‌സ്മില്യന്‍ കോള്‍ബെ എന്ന വൈദികന്‍ മരണം സ്വീകരിക്കാന്‍ തയാറായി. അങ്ങനെ അദ്ദേഹമുള്‍പ്പെടെ പത്തു പേരെ പട്ടിണിനിമിത്തം മരിക്കുന്നതിനായി മുറിയില്‍ പൂട്ടിയിട്ടു. അവിടെയും കോള്‍ബെ ദൈവത്തെ സ്തുതിച്ചു. രണ്ടാഴ്ചയ്ക്കകം ആറു പേര്‍ മരിച്ചു. ബാക്കിയുള്ളവരെ ഓരോ ദിവസമായി വിഷം കുത്തിവച്ച് കൊല്ലാനായിരുന്നു അധികാരികള്‍ തീരുമാനിച്ചത്. മൂന്നു പേരുടെ ഊഴം കഴിഞ്ഞ ദിവസം.
അന്നു രാത്രി കോള്‍ബെ തന്റെ വലതുകൈ ശ്രദ്ധിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് റോമില്‍ പഠിച്ചുകൊണ്ടിരിക്കേ ആ കൈയില്‍ നീരും വ്രണവും നിമിത്തം ചികിത്സകളൊന്നും ഫലിക്കാതിരുന്ന സംഭവം അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ വന്നു. അന്ന് ലൂര്‍ദ്ദിലെ അത്ഭുത തീര്‍ത്ഥജലംകൊണ്ട് പരിശുദ്ധ മാതാവ് സൗഖ്യം നല്കിയ വലതുകൈ. പിറ്റേന്നത്തെ രക്തസാക്ഷിത്വത്തിനായിട്ടായിരുന്നു അത് സൂക്ഷിക്കപ്പെട്ടത് എന്ന് അദ്ദേഹത്തിന് മനസ്സിലായി. കുട്ടിക്കാലത്ത് വെളുത്തതും ചുവന്നതുമായ റോസാപ്പൂക്കളാല്‍ തീര്‍ത്ത രണ്ട് മനോഹരകിരീടങ്ങള്‍ മാതാവ് നല്കിയതിന്റെ ഓര്‍മ്മ കോള്‍ബെയെ ആനന്ദത്താല്‍ നിറച്ചു. പിറ്റേന്ന് ലീതല്‍ ആസിഡ് സിറിഞ്ചുമായെത്തിയയാള്‍ക്ക് സന്തോഷപൂര്‍വം തന്റെ കൈ നീട്ടിക്കൊടുത്തപ്പോള്‍ ആ മുഖത്ത് തെല്ലും സങ്കടമില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *