ചുരുളുകള്‍ നിവര്‍ത്തപ്പെടുമ്പോള്‍…

പീലിപ്പോസിനോടൊപ്പമുള്ള യാത്രാവേളയിലാണ് നഥാനയേല്‍ ഈശോയെ ആദ്യമായി കാണുന്നത്. എന്നാല്‍ ഈശോ അതിനുമുമ്പേ അയാളെ കണ്ടിരുന്നു. ”പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു” (യോഹന്നാന്‍ 1:48). അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയെന്നാല്‍ ദൈവവചനം വായിക്കുക എന്നും സൂചിതാര്‍ത്ഥമുണ്ട്. യഹൂദറബ്ബിമാര്‍ അത്തിമരത്തിന്റെ ചുവട്ടിലിരുന്നാണ് വചനഗ്രന്ഥം വായിച്ചിരുന്നത്.
ദൈവവചനത്തിന്റെ മുമ്പിലിരിക്കുന്നവരുടെമേല്‍ ദൈവത്തിന്റെ ഒരു പ്രത്യേക നോട്ടം വീഴും. നഥാനയേല്‍ നിഷ്‌കപടനായ ഇസ്രായേല്‍ക്കാരനായിരുന്നല്ലോ. എത്യോപ്യക്കാരനായ ഷണ്ഡന്‍ രഥത്തിലിരുന്ന് ഏശയ്യായുടെ പ്രവചനം വായിച്ചത് സ്വര്‍ഗത്തിലിരുന്ന് ദൈവം കണ്ടു. വചനം വ്യാഖ്യാനിച്ചു കൊടുക്കുവാന്‍ ദൈവം പീലിപ്പോസിനെ രഥത്തിനടുത്തേക്ക് പറഞ്ഞയയ്ക്കുന്നു (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 8:29).
അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയെന്നാല്‍ വചനം വായിക്കുക എന്നാണര്‍ത്ഥമെങ്കില്‍ ഓക്കുമരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയെന്നാല്‍ പ്രാര്‍ത്ഥനാനുഭവത്തില്‍ കഴിയുക എന്നാണര്‍ത്ഥം. അത്തിമരത്തിന്റെ ചുവട്ടിലിരുന്നാല്‍ ഓക്കുമരച്ചുവട്ടിലേക്കുള്ള യാത്ര എളുപ്പമായിരിക്കും. വചനവായനയും വചനധ്യാനവുമില്ലാതെ പ്രാര്‍ത്ഥനാജീവിതത്തില്‍ വളരാനാവില്ലെന്ന ആത്മീയരഹസ്യം മറക്കരുത്.
വചനം വായിക്കുമ്പോള്‍ നാം കേള്‍ക്കുന്നത് ദൈവസ്വരമാണ്. നിരന്തരം വായിച്ചുകൊണ്ടിരുന്നാല്‍ ദൈവശബ്ദം നമുക്ക് വളരെ പരിചിതമാകും. ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോള്‍ പിന്നില്‍നിന്ന് ആ സ്വരം കേള്‍ക്കാന്‍ കഴിയും (ഏശയ്യാ 30:21). അപ്പോള്‍ ഹൃദയം ജ്വലിക്കും, പ്രാര്‍ത്ഥന എളുപ്പമാകും.
ഒരിക്കല്‍ ഒരു പ്രത്യേക നിയോഗത്തിനായി, ലളിതമായ ഏതാനും പരിത്യാഗ പ്രവൃത്തികളോടെ, ദിവസം അരമണിക്കൂര്‍ വചനവായന ഞാന്‍ ആരംഭിച്ചു. ഒരു മാസത്തിനുള്ളില്‍ അസാധ്യമെന്ന് അനേകര്‍ വിധിയെഴുതിയ എന്റെ വ്യക്തിജീവിതത്തിലെ ഒരു വിഷമവൃത്തത്തില്‍ ദൈവം ഇടപെട്ടു. ഈ ദൈവാനുഭവം നന്ദിയോടെ, ജീവന്‍ തുളുമ്പുന്ന ഓര്‍മകളോടെ പങ്കുവയ്ക്കുന്നു. അരമണിക്കൂര്‍ അടുപ്പിച്ച് ദൈവവചനം വായിച്ചാല്‍ പൂര്‍ണദണ്ഡവിമോചനം ലഭിക്കുമെന്ന കാര്യവും ഇതോട് ചേര്‍ത്ത് ഓര്‍ക്കാവുന്നതാണ്.
”സഭ വിശുദ്ധ ഗ്രന്ഥത്തെ കര്‍ത്താവിന്റെ ശരീരത്തെയെന്നപോലെ എക്കാലവും ആദരിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ സ്വര്‍ഗസ്ഥനായ പിതാവ് തന്റെ മക്കളെ സന്ദര്‍ശിക്കാനും അവരോട് സംസാരിക്കാനും വരുന്നു” (സിസിസി 103-104). നിങ്ങളുടെ വീട്ടിലെ പ്രാര്‍ത്ഥനാമുറിയില്‍ ബൈബിള്‍ പ്രതിഷ്ഠിച്ചശേഷം പ്രാര്‍ത്ഥനാപൂര്‍വം വചനം വായിച്ചാല്‍ ഹൃദയം ജ്വലിക്കുന്നതും വീട്ടില്‍ ദൈവസാന്നിധ്യം നിറയുന്നതും തിരിച്ചറിയാന്‍ കഴിയും. വിശുദ്ധ കുര്‍ബാനയെ ആരാധിക്കുകയും വേദപുസ്തകത്തെ വണങ്ങുകയും ചെയ്യുന്നുവെന്നുള്ള വ്യത്യാസം മാത്രമേ ഇവിടെയുള്ളൂ.
വിശുദ്ധ അംബ്രോസ് പറയുന്നു: ”നമുക്ക് ലഭിച്ചിട്ടുള്ള വിശുദ്ധ ഗ്രന്ഥം പുത്രന്റെ ശരീരമാണ്.” ഒപ്പം, ദൈവാലയത്തിന്റെ വിശുദ്ധിക്ക് ചേരാത്തതൊന്നും വീട്ടിലോ മുറിയിലോ ഹൃദയത്തിലോ ഉണ്ടാകരുതെന്ന കാര്യം മറക്കുകയുമരുത്. ബൈബിള്‍ വായിക്കുമ്പോള്‍ ഉറക്കവും വിരസതയും വരുന്നതിന്റെയും ഏകാഗ്രത നഷ്ടപ്പെടുന്നതിന്റെയും പ്രധാന കാരണം ഹൃദയവിശുദ്ധിയുടെ കുറവല്ലേയെന്ന് ആത്മാര്‍ത്ഥമായി ആത്മശോധന ചെയ്യുക. നല്ല നിലത്ത് വീഴുമ്പോഴാണല്ലോ വചനം ഫലം പുറപ്പെടുവിക്കുന്നത്.
”വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്” (2 തിമോത്തിയോസ് 3:16). വിശുദ്ധ ഗ്രന്ഥകര്‍ത്താക്കള്‍ക്ക് തെറ്റു പറ്റാതിരിക്കാനായി രചനാനിമിഷങ്ങളില്‍ പരിശുദ്ധാത്മാവ് അവരില്‍ നിറഞ്ഞിരുന്നു. അന്ന് രചയിതാക്കളില്‍ നിറഞ്ഞ അതേ പരിശുദ്ധാത്മാവ് ഇന്ന് പ്രാര്‍ത്ഥനാപൂര്‍വം അവ വായിക്കുന്നവരിലും നിറയും. വചനവായന ആരംഭിക്കുന്നതിനുമുമ്പ് ഒരു നിമിഷം സഹായകനായ പരിശുദ്ധാത്മാവിനെ വിളിച്ച് പ്രാര്‍ത്ഥിക്കണം. വചനത്തെ ഉദരത്തില്‍ വഹിച്ച കന്യകാമറിയത്തെ ഒരു വശത്തും നിങ്ങളുടെ കാവല്‍മാലാഖയെ മറുവശത്തും നിര്‍ത്തിയശേഷം വിശുദ്ധിയോടും വിനയത്തോടുംകൂടി വചനം വായിച്ചാല്‍ നിങ്ങള്‍ വിജയിക്കും.
വായന മുമ്പോട്ടു പോകുന്നതനുസരിച്ച് നിങ്ങളുടെ ഉള്ളില്‍ ആന്തരികസന്തോഷം നിറയുന്നത് തിരിച്ചറിയാന്‍ കഴിയും. ആനന്ദം പരിശുദ്ധാത്മാവിന്റെ സമ്മാനമാണ്. നിങ്ങളുടെ തകര്‍ച്ചകളോര്‍ത്ത് പ്രിയപ്പെട്ടവര്‍ കരയുമ്പോഴും വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഉള്ളില്‍ ഒരു ആന്തരികാനന്ദം ഉണ്ടാകും. എടുത്താല്‍ പൊങ്ങാത്ത ജീവിതഭാരവുമായി നടന്നപ്പോള്‍ വിശുദ്ധനായ ഒരു ധ്യാനഗുരു പറഞ്ഞത് എന്റെ ഹൃദയത്തില്‍ നിറഞ്ഞു: സഹനകാലം വചനകാലമായി മാറണം. സങ്കീര്‍ത്തനപുസ്തകം ഒറ്റയിരിപ്പിന് വായിച്ചു. അതോടെ വചനത്തിന്‍ രുചി നിറഞ്ഞു. തുടര്‍ന്ന് ‘പരിശുദ്ധാത്മാവിന്റെ സുവിശേഷ’മെന്ന് അറിയപ്പെടുന്ന അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ വായിച്ചതോടെ പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ അനുഭവിച്ചറിയാനും സ്വരം കേള്‍ക്കാനും തുടങ്ങി. പിന്നെ സുവിശേഷങ്ങളും ലേഖനങ്ങളും വായിച്ചു. ലേഖനങ്ങള്‍ പലവട്ടം തുടര്‍ച്ചയായി വായിച്ചു. അവസാനമാണ് പഴയനിയമത്തിലേക്ക് കടന്നത്. ആരംഭകര്‍ക്ക് ഈ ക്രമം വേണമെങ്കില്‍ തുടരാം.
ഏതാണ്ട് 80 വയസുള്ള ഒരു സമര്‍പ്പിത പ്രാര്‍ത്ഥിക്കാന്‍ വന്നതോര്‍ക്കുന്നു. കടുത്ത ഒറ്റപ്പെടലിന്റെ വേദനയില്‍ തകര്‍ന്നിരുന്നു ആ വയോധിക. ശിരസില്‍ കരങ്ങള്‍ വച്ച് പ്രാര്‍ത്ഥിച്ചശേഷം നിരന്തരം വചനം വായിക്കണമെന്ന് പറഞ്ഞുകൊടുത്തു. ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5:5) എന്ന വചനം ആന്റിബയോട്ടിക് കഴിക്കുന്നതുപോലെ കോഴ്‌സ് മുടങ്ങാതെ ഉരുവിടണമെന്നും പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശുദ്ധാത്മാവും അതുവഴി സ്വര്‍ഗീയാനന്ദവും അമ്മയുടെ ഉള്ളില്‍ നിറഞ്ഞു. ഇപ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ഇതു വായിക്കുന്നവരെ അവര്‍ അനുഗ്രഹിക്കുന്നുണ്ടാകും.
വചനവായനയിലൂടെ നമ്മില്‍ ശുദ്ധീകരണം സംഭവിക്കുന്നത് നാംപോലും അറിയണമെന്നില്ല. ”ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു” (യോഹന്നാന്‍ 15:3). പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളില്‍ കയറുന്ന അശുദ്ധിയുടെ ഇരുട്ട് വചനവായനയിലൂടെ വെളിച്ചമായി മാറും. ”അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 119:130). ഒരു വചനം പ്രാര്‍ത്ഥനാപൂര്‍വം പലവട്ടം ഉരുവിടുമ്പോള്‍ അതു നമ്മില്‍ നിറയുകയും ആവശ്യനേരത്ത് ആയുധമായി മാറുകയും ചെയ്യും. ”നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍. അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്” (റോമാ 12:14) എന്ന വചനം പല പ്രാവശ്യം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ പ്രകോപിതരാകേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഈ വചനം ദേഷ്യത്തെ അമര്‍ച്ച ചെയ്തുകൊള്ളും.
ദൈവവചനം സജീവവും ഊര്‍ജസ്വലവുമാണ് (ഹെബ്രായര്‍ 4:12). ഓരോ വചനത്തിലും ദൈവികജീവന്റെ തുടിപ്പുണ്ട്. ശരീരത്തിലും മനസിലും ആത്മാവിലും തുളച്ചു കയറി സൗഖ്യവും മാനസാന്തരവും ഉണ്ടാക്കും. ”അവിടുന്ന് തന്റെ വചനമയച്ച് അവരെ സൗഖ്യമാക്കി. വിനാശത്തില്‍നിന്ന് വിടുവിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 107:20). പ്രശസ്ത വര്‍ഷിപ്പ് ഗായിക ഷേച്ച് ഡാര്‍ലിന് സ്തനാര്‍ബുദം വന്നത് കൗമാരത്തിലായിരുന്നു. അവള്‍ മരുന്നും ദൈവവചനവും ഒരുപോലെ കഴിച്ചു. കീമോതെറാപ്പിയോടൊപ്പം 91-ാം സങ്കീര്‍ത്തനവും അവള്‍ ഉരുവിട്ടപ്പോള്‍ പൂര്‍ണസൗഖ്യം ലഭിച്ചു. വൈദ്യശാസ്ത്രത്തിന് ഭേദമായി എന്നേ പറയാനാവൂ. സൗഖ്യമാവാന്‍ ദൈവവും ദൈവവചനവും വേണം.
വചനത്തില്‍ ദൈവികജീവന്‍ ഉള്ളതുകൊണ്ടാണ് വചനം കേള്‍ക്കുമ്പോള്‍ പ്രലോഭകന്‍ ഓടുന്നത്. ഈശോ പ്രലോഭനങ്ങളെ അതിജീവിച്ചതും ദൈവവചനം ഉദ്ധരിച്ചുകൊണ്ടാണല്ലോ. ശുദ്ധിയില്ലാത്ത ചിന്ത കടന്നുവരുമ്പോള്‍ ”അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” (1 തെസലോനിക്കാ 4:7) എന്ന വചനം ഏതാനും വട്ടം ഉരുവിടുകയും അവകാശത്തോടും അധികാരത്തോടുംകൂടെ ഏറ്റുപറയുകയും ചെയ്താല്‍ പ്രലോഭകന്‍ വിട്ടുപൊയ്‌ക്കൊള്ളും. ഒപ്പം വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും വേണം.
വചനം വായിക്കുമ്പോള്‍ നിങ്ങളെ സ്പര്‍ശിക്കുന്ന വചനഭാഗങ്ങളില്‍ അടിവരയിടുക. അതാണ് നിങ്ങളുടെ സുവിശേഷം. അതില്‍ കരങ്ങള്‍ കമിഴ്ത്തിവച്ച് പ്രിയപ്പെട്ടവരുടെ പേരു പറഞ്ഞ് അവര്‍ക്കായി ആ വചനം ആവര്‍ത്തിക്കുക. സാഹചര്യം അനുകൂലമെങ്കില്‍ ചുണ്ടുകളനക്കി അല്പം ശബ്ദത്തില്‍ വായിക്കുക. സമര്‍പ്പിതരും വീട്ടിലുള്ളവരും ഒന്നിച്ചിരുന്ന് ഒരേ ഭാഗം ഉറക്കെ വായിച്ചാല്‍ ഒരു പ്രത്യേക അഭിഷേകം നിറയും. വചനം വായിച്ചിട്ടേ ഉറങ്ങാന്‍ പോകാവൂ. യാത്രയ്ക്കായി ബാഗ് ഒരുക്കുമ്പോള്‍ ഒരു കൊച്ചു ബൈബിളെങ്കിലും കൂടെ വയ്ക്കുവാന്‍ ശീലിക്കുക.
വചനവായനക്കെതിരെ സാത്താനൊരുക്കുന്ന കെണികളെ തകര്‍ക്കാനുള്ള ഒരു കുറുക്കുവഴികൂടി പങ്കുവയ്ക്കുന്നു. 119-ാം സങ്കീര്‍ത്തനം പ്രാര്‍ത്ഥനാപൂര്‍വം ഒരാവര്‍ത്തി അല്പം ശബ്ദത്തില്‍ വായിക്കുക. അതില്‍ കാണുന്ന വചനം, പ്രമാണം, നിയമം, കല്പന, ചട്ടം എന്നീ വാക്കുകള്‍ ഉരുവിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. മാസത്തിലൊരിക്കല്‍ ഈ ശീലം തുടര്‍ന്നാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനാജീവിതം വളരും. വചനത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ ആത്മാവ് നിങ്ങള്‍ക്ക് പറഞ്ഞുതരും.
ദൈവമേ, അത്തിമരത്തിന്റെ ചുവട്ടില്‍ ധ്യാനപൂര്‍വം ഇരിക്കുവാനും അവിടെനിന്നും ഓക്കുമരത്തിന്റെ ചുവട്ടിലേക്ക് യാത്ര ചെയ്യുവാനും എന്നെ സഹായിക്കണമേ. അങ്ങനെ സ്വര്‍ഗത്തിലെത്താന്‍ എന്നെ അനുഗ്രഹിക്കണമേ.


ഫാ. ജോസ് പൂത്തൃക്കയില്‍

Leave a Reply

Your email address will not be published. Required fields are marked *