അമലിന്റെ ഐഡിയ

സ്‌കൂള്‍മുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ അമല്‍ കല്ലില്‍ തട്ടിവീണു. കാല്‍മുട്ട് പൊട്ടി ചോര വരുന്നതു കണ്ടപ്പോള്‍ അവന് പെട്ടെന്ന് പേടി തോന്നി. വീട്ടിലായിരുന്നെങ്കില്‍ അമ്മ കഴുകിത്തുടച്ച് മുറിവെണ്ണ പുരട്ടിത്തന്നേനേ. ഇതിപ്പോള്‍ എന്തു ചെയ്യും?
പെട്ടെന്ന് അവന് ഒരു കാര്യം ഓര്‍മ്മ വന്നു. കുഞ്ഞാവ കഴിഞ്ഞ ദിവസം വീണ് ശ്വാസം കിട്ടാത്തതുപോലെയായപ്പോള്‍ അമ്മ അവളെ വാരിയെടുത്ത് ഉണ്ണീശോയെയും കൈയിലെടുത്തിരിക്കുന്ന മാതാവിന്റെ ചിത്രത്തിനു മുന്നിലേക്ക് ഓടി. മാതാവേ എന്ന് അമ്മ വിളിച്ച് നിമിഷനേരംകൊണ്ട് കുഞ്ഞാവ കരഞ്ഞു. അപ്പോള്‍ അമ്മ അവളെ ആ ചിത്രം കാണിച്ചുകൊടുത്തു. എന്നിട്ട് അവള്‍ കേള്‍ക്കേ ഇങ്ങനെ പറഞ്ഞു, ”മാതാവേ, ഈ കുഞ്ഞിന്റെ വേദനയും സങ്കടവുമെല്ലാം മാറ്റിക്കൊടുത്തേക്കണേ.”
അതു പറഞ്ഞപ്പോള്‍ കുഞ്ഞാവ അമ്മയെയും നോക്കി. പിന്നെ പതുക്കെ അവള്‍ കരച്ചില്‍ നിര്‍ത്തി. അല്പം കഴിഞ്ഞപ്പോഴേക്കും അവള്‍ ചിരിച്ചു, സാവധാനം കളിക്കാനും തുടങ്ങി.
ഇതോര്‍ത്തയുടനെ അമല്‍ ക്ലാസിലേക്ക് ഓടി. ഇംഗ്ലീഷ് ടെക്സ്റ്റിന്റെ പുറത്ത് ഒട്ടിച്ചിരിക്കുന്ന നെയിംസ്ലിപ്പില്‍ മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രമുണ്ട്. അതില്‍ നോക്കിക്കൊണ്ട് അവനിങ്ങനെ പ്രാര്‍ത്ഥിച്ചു, ”അമ്മേ, മാതാവേ, കാലില്‍ വലിയ മുറിവാകാതെ കാത്തോളണേ…” പ്രാര്‍ത്ഥന കഴിഞ്ഞപ്പോഴേ അമലിന് ധൈര്യവും ആശ്വാസവും തോന്നി.
അവന്‍ പതുക്കെ കാല്‍മുട്ടിലേക്ക് നോക്കി. ചോര നിന്നിട്ടുണ്ട്, വലിയ മുറിവൊന്നും കാണുന്നില്ല. എഴുന്നേറ്റ് ടാപ്പിനടുത്തേക്ക് പോയ അമല്‍ സ്വയം മുറിവു കഴുകി, ടവലെടുത്ത് തുടച്ചു. അല്പം നീറ്റലുണ്ട്, എന്നാലും സാരമില്ല. അറിയാതെ ‘മാതാവേ, താങ്ക് യു’ എന്ന് കുറച്ച് ഉറക്കെത്തന്നെ അമല്‍ പറഞ്ഞുപോയി. ഇതെല്ലാം ശ്രദ്ധിച്ച് ആര്യന്‍ അമലിന്റെകൂടെ നടക്കുന്നുണ്ടായിരുന്നു. മുറിവ് പറ്റിയാല്‍ ഇനി അമലിന്റെ ഐഡിയ പരീക്ഷിക്കാമല്ലോ എന്ന് അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *