ക്രൈസ്തവവിശ്വാസിനിയായ ബാലിക ഫൗസ്തയെ വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എവിലാസിയസിന്റെ പക്കലേക്ക് അയച്ചത്. വിജാതീയ പുരോഹിതനായിരുന്നു അയാള്‍. എന്നാല്‍ എവിലാസിയസിന്റെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ഫൗസ്ത തയാറായില്ല. ആ പെണ്‍കുട്ടിയുടെ ധീരത 80 വയസ് പ്രായമുണ്ടായിരുന്ന എവിലാസിയസിന്റെ ഹൃദയത്തെ ചലിപ്പിച്ചു. ഫൗസ്തയെ തടികൊണ്ട് ഉണ്ടാക്കിയ കൂട്ടിലടച്ച് ആ കൂട് കത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമാകുന്നതു കൂടി കണ്ടപ്പോള്‍ എവിലാസിയസിന്റെ ഹൃദയം ക്രിസ്തുവിലേക്ക് തിരിഞ്ഞു.
എവിലാസിയസിന്റെ മനംമാറ്റത്തെക്കുറിച്ച് ചക്രവര്‍ത്തിയും കേട്ടു. അതേക്കുറിച്ച് അന്വേഷിക്കുന്നതിനായി ചക്രവര്‍ത്തി മാക്‌സിമസ് എന്ന മജിസ്‌ട്രേറ്റിനെ നിയോഗിച്ചു. അന്വേഷണങ്ങളില്‍നിന്ന് എവിലാസിയസ് ക്രിസ്ത്യാനിയായി മാറിയെന്ന കാര്യം ബോധ്യമായി. അതോടെ മാക്‌സിമസ് അദ്ദേഹത്തെയും പീഡിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ പീഡനങ്ങളുടെ മധ്യത്തിലും ക്രിസ്തുവിശ്വാസത്തില്‍ എവിലാസിയസ് ഉറച്ചുനിന്നു. ഫൗസ്തയുടെ പ്രാര്‍ത്ഥനകളാണ് അദ്ദേഹത്തെ ബലപ്പെടുത്തിയത്.
ഇതില്‍ പ്രകോപിതനായ മാക്‌സിമസ് കഴുകന്‍മാര്‍ക്ക് ഭക്ഷണമായി ഫൗസ്തയെ നല്‍കിയെങ്കിലും അവളെ തൊടാന്‍പോലും കഴുകന്‍മാര്‍ കൂട്ടാക്കിയില്ല. ശരീരം മുഴുവന്‍ ഇരുമ്പാണികള്‍ അടിച്ചുകയറ്റിയുള്ള പീഡനത്തിനാണ് മാക്‌സിമസ് പിന്നീട് ഉത്തരവിട്ടത്. എന്നാല്‍ ശിരസ്സ് മുതല്‍ പാദം വരെ ആണികള്‍ അടിച്ചുകയറ്റിയിട്ടും ഇളകാതെ നിന്ന ഫൗസ്തയുടെ വിശ്വാസം അടുത്ത മാനസാന്തരത്തിന് വഴിമരുന്നിടുകയായിരുന്നു. മാക്‌സിമസിന്റെ കല്ലുപോലെയുള്ള ഹൃദയത്തില്‍ ഫൗസ്തയുടെ വിശ്വാസധീരത പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു.
ഫൗസ്തയുടെയും എവിലാസിയസിന്റെയും വിശ്വാസവും സ്വര്‍ഗം അവര്‍ക്ക് നല്‍കുന്ന പ്രത്യേക സംരക്ഷണവും മാക്‌സിമസ് നേരിട്ട് കണ്ട് മനസിലാക്കി. എങ്കിലും മനസില്ലാമനസോടെ അവരെ തിളയ്ക്കുന്ന വെള്ളം നിറച്ച പാത്രത്തിലേക്ക് എറിഞ്ഞ് കൊല്ലാനുത്തരവിട്ടു. നിമിഷങ്ങള്‍ക്കകം മരിക്കുമെന്ന് ഉറപ്പായ സമയത്ത് ആ വിശുദ്ധരെ മാക്‌സിമസിന് നോക്കാതിരിക്കാനാവുമായിരുന്നില്ല. ആ തിളയ്ക്കുന്ന വെള്ളത്തിലും വിശ്വാസവും ആനന്ദവും പ്രകടമാക്കുന്ന ഫൗസ്തയും എവിലാസിയസും! ആ ദൃശ്യം മാക്‌സിമസിന്റെ മാനസാന്തരം പൂര്‍ണമാക്കി. തിളയ്ക്കുന്ന വെള്ളം നിറച്ച പാത്രത്തിലെ മൂന്നാമനായി അദ്ദേഹവും രക്തസാക്ഷിത്വം വരിച്ചെന്ന് പാരമ്പര്യം സാക്ഷിക്കുന്നു. പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ട് രക്തസാക്ഷിത്വത്തിന്റെ കിരീടമണിഞ്ഞ മൂവരെയും തിരുസ്സഭ വിശുദ്ധരായി വണങ്ങുന്നു.
ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതര്‍ദ്ദന കാലഘട്ടത്തിലാണ് (എഡി 305-311) ഇവര്‍ രക്തസാക്ഷിത്വം വരിച്ചത്. പതിമൂന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫൗസ്ത എന്ന പെണ്‍കുട്ടിയുടെ ധീരമായ ക്രിസ്തുസാക്ഷ്യവും രക്തസാക്ഷിത്വവുമാണ് എവിലാസിയസ്, മാക്‌സിമസ് എന്നീ വിജാതീയരുടെ മാനസാന്തരത്തിനും രക്തസാക്ഷിത്വത്തിനും വിശുദ്ധപദവിക്കും കാരണമായത്.
രഞ്ജിത് ലോറന്‍സ്