കാഴ്ച പരിശോധിക്കാം

ഇടവക ദൈവാലയത്തില്‍ ധ്യാനം നടക്കുകയായിരുന്നു. മാമ്മോദീസാത്തൊട്ടിയോടു ചേര്‍ന്നാണ് ഇരിക്കാന്‍ സ്ഥലം കിട്ടിയത്. ഇടയ്ക്ക് മാമ്മോദീസാത്തൊട്ടിയിലേക്ക് ശ്രദ്ധ പാളി. നല്ല വലുപ്പമുള്ള, മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മാമ്മോദീസാത്തൊട്ടി. എന്നാല്‍, അതില്‍ ചില ഭാഗങ്ങള്‍ പൊങ്ങിയും താണും ഒരു ഫിനിഷിങ് ഇല്ലാത്തതു പോലെ….
ഉള്ളില്‍ വിചാരിച്ചു, ഇത്രയും നല്ലൊരു മാമ്മോദീസത്തൊട്ടി എന്താണ് ഈ രീതിയില്‍ സൂക്ഷിച്ചിരിക്കുന്നത്? അത് ശരിയായ രീതിയില്‍ പൂര്‍ത്തീകരിക്കാത്തത് എന്തുകൊണ്ടാണ്? ഇങ്ങനെ നിരവധി ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി. ഇടവേളക്ക് പുറത്തു പോയി വന്നപ്പോള്‍ ദൂരെ നിന്ന് മാമ്മോദീസാത്തൊട്ടി ശ്രദ്ധിച്ചു. അപ്പോഴാണ് മനസ്സിലായത്, അതില്‍ അപൂര്‍ണതയോ അഭംഗിയോ ഇല്ലെന്ന്!!
ഈശോയുടെ ജോര്‍ദാനിലെ മാമ്മോദീസയും, ഒരു ലില്ലിപ്പൂവിന്റെ ചിത്രവുമായിരുന്നു മാര്‍ബിളിന് പുറമേ ചിത്രീകരിച്ചിരുന്നത്. തൊട്ടടുത്തിരുന്ന് നോക്കിയതിനാല്‍ ചിത്രീകരിച്ചിരുന്ന ഭാഗത്തിലെ ഏതാനും ചില വശങ്ങള്‍ മാത്രമേ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ. അതുകൊണ്ടാണ് അത് കുറവുകള്‍ ആണെന്ന് എനിക്ക് തോന്നാന്‍ ഇടയായത്. എന്നാല്‍ കുറച്ച് മാറിനിന്ന് നോക്കിയ സമയത്ത് ചിത്രം മുഴുവനായി കണ്ടപ്പോഴാണ് എത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും അത് ആ മാമ്മോദീസത്തൊട്ടിയെ എത്രമാത്രം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു എന്നും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
ഈ മാമ്മോദീസത്തൊട്ടി ഒരു മനുഷ്യന്റെ പ്രതീകമാണ്. പലപ്പോഴും മനുഷ്യരെ അടുത്തുനിന്ന് കാണുമ്പോള്‍ അവരില്‍ മുഴച്ചുനില്‍ക്കുന്ന, സ്വഭാവത്തിലെ പ്രത്യേകതകളും താഴ്ന്നു കിടക്കുന്ന ചില ബലഹീനതകളും നാം ശ്രദ്ധിക്കുകയും അതേപ്പറ്റി കുറ്റം വിധിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ പലപ്പോഴും അവരുടെ വ്യക്തിത്വത്തെ മുഴുവനായി കാണാതെ ചില ഭാഗങ്ങള്‍ മാത്രം കാണുന്നതുകൊണ്ടാണ് നാം ഇങ്ങനെ ചിന്തിക്കുകയോ കുറ്റം വിധിക്കുകയോ ചെയ്യാന്‍ ഇടയാകുന്നത്.
ദൈവം അവരുടെ വ്യക്തിത്വത്തെ മുഴുവനായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രം കണ്ട് അവരെ വിധിക്കുന്നത്, ഞാന്‍ മാമ്മോദീസത്തൊട്ടിയെ തൊട്ടടുത്തുനിന്ന്, മുഴുവനായും കാണാതെ അതിനെ മനസ്സിലാക്കിയത് പോലെ സംഭവിക്കും. അപ്പോള്‍ നമുക്ക് തെറ്റാനുള്ള സാധ്യത വളരെ ഏറെയാണ്. കുറച്ചു കാത്തിരിക്കുകയോ, കുറച്ച് മാറിനിന്ന് കാണുകയോ ചെയ്താല്‍ കൂടുതല്‍ ശരിയായ ഒരു കാഴ്ചയിലേക്ക് നമുക്ക് എത്തിച്ചേരാന്‍ സാധിച്ചേക്കും.
ദൈവം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഓരോ മനുഷ്യനും. ചിത്രീകരണം എന്ന് പൂര്‍ത്തിയാകുമെന്ന് നമുക്കൊരിക്കലും അറിഞ്ഞുകൂടാ. അതുകൊണ്ടുതന്നെ പൂര്‍ത്തിയാകാത്ത ഒരു ചിത്രത്തെപ്പറ്റി, ചിത്രീകരണത്തെപ്പറ്റി അഭിപ്രായം പറയുന്നത് ദൈവത്തോടുതന്നെയുള്ള ഒരു വെല്ലുവിളിയായി മാറാം. അതുകൊണ്ട് അല്പംകൂടി മറ്റുള്ളവരുടെ വ്യക്തിത്വത്തെ മുഴുവനായും കാണുന്ന രീതിയിലുള്ള ഒരു മനോഭാവത്തിനും കാഴ്ചപ്പാടിനും നമുക്ക് രൂപം കൊടുക്കാം. അങ്ങനെ, നമ്മോട് തന്നെയും മറ്റുള്ളവരോടും സമാധാനത്തില്‍ വര്‍ത്തിക്കുന്നവരായി തീരുകയും ചെയ്യാം.
ചിലര്‍ വളരെ പെട്ടെന്ന് പൂര്‍ണതയിലേക്ക് എത്തും. മറ്റു ചിലര്‍ക്കാവട്ടെ ജീവിതകാലം മുഴുവന്‍ അതിനുവേണ്ടി അധ്വാനിക്കേണ്ടി വരാം. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: ”വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.”


സോണി ജോണ്‍


Notice: compact(): Undefined variable: limits in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Notice: compact(): Undefined variable: groupby in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Leave a Reply

Your email address will not be published. Required fields are marked *