ചൂടുവെള്ളം @ കുമ്പസാരം

വിശുദ്ധ ജര്‍ത്രൂദിന് ഒരുനാള്‍ കുമ്പസാരം വളരെ ക്ലേശകരമായിത്തീര്‍ന്നു. കുമ്പസാരിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ ഭയംമൂലം മനസും ശരീരവും തളരും. ഏറെനാള്‍ ഇതു നീണ്ടപ്പോള്‍, ഈശോയോട് പരാതിപ്പെട്ടു. പെട്ടെന്നായിരുന്നു ഈശോയുടെ മറുചോദ്യം: ”നിന്റെ കഴിവും പരിശ്രമവുംകൊണ്ടുമാത്രം നല്ല കുമ്പസാരം നടത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് നീ എന്നില്‍ ആശ്രയിക്കാത്തതെന്ത്?”
എന്നിട്ട് ഈശോ അവളുടെ പാപങ്ങളെല്ലാം അവളെ കാണിച്ചുകൊടുത്തു. അവളുടെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ മുറിവുകളായിട്ടാണ് അവ കാണപ്പെട്ടത്; മുള്ളുകളാല്‍ കുത്തിക്കീറപ്പെട്ട മുറിവുകള്‍. പരിഭ്രമത്തോടെ ജര്‍ത്രൂദ് ആ മുറിവുകളെല്ലാം ഈശോയ്ക്ക് സമര്‍പ്പിച്ചു. അപ്പോള്‍ അവിടുന്ന് കരുണാര്‍ദ്രനായി പറഞ്ഞു: ‘കുമ്പസാരം ഒരു സ്‌നാനമാണ്-ആത്മാവിനെമാത്രമല്ല, ശരീരം, മനസ്, ഓര്‍മകള്‍, വികാരങ്ങള്‍.. എല്ലാം കഴുകി ശുദ്ധമാക്കുന്ന സമഗ്രമായ കുളി. കുമ്പസാരമാകുന്ന നിന്റെ കുളിവെള്ളത്തെ എന്റെ സ്‌നേഹത്താല്‍ ഞാന്‍ ഊഷ്മളമാക്കാം. അതില്‍ നീ കുളിച്ചാല്‍ നിന്നില്‍ മുറിവിന്റെ അടയാളമോ പാപത്തിന്റെ നിഴല്‍പോലുമോ ഉണ്ടാവുകയില്ല.’ അതുകേട്ടപ്പോള്‍ ആ ദൈവസ്‌നേഹക്കടലിലേക്ക് എടുത്തുചാടാന്‍ അവള്‍ തിടുക്കംകൂട്ടി.
എന്നാല്‍ കുമ്പസാരിക്കേണ്ട സമയമായപ്പോള്‍ അവള്‍ മുമ്പത്തേതിലും പരിക്ഷീണയായി. അവളുടെ പരാതികേട്ട് ഈശോ പറഞ്ഞു: ‘കുളിക്കുമ്പോള്‍ പരുക്കന്‍ ബ്രഷുപയോഗിച്ച് ഉരച്ചുകഴുകിയാല്‍ കൂടുതല്‍ വൃത്തിയാകുമല്ലോ. അതുപോലെ, കുമ്പസാരത്തിനുവേണ്ടി അനുഭവിക്കുന്ന ക്ലേശങ്ങള്‍ കൂടുതല്‍ ശുദ്ധമാകാന്‍ സഹായിക്കും.’ അതിനുശേഷം അതിമനോഹരമായൊരു പൂന്തോട്ടം അവളെ കാണിച്ചു. ഭൂമിയിലില്ലാത്തതും ശോഭയേറിയതും ആകര്‍ഷണീയമായ മധുമണം തൂകുന്നതുമായ വ്യത്യസ്ത പൂക്കളുടെ ആ ആരാമത്തിലേക്ക് ഈശോ അവളെ ക്ഷണിച്ചു. എന്നാല്‍ അതിനടുത്തുവച്ചിരിക്കുന്ന ആവിപറക്കുന്ന ചൂടുവെള്ളത്തില്‍ കുളിച്ചാല്‍മാത്രമേ പൂന്തോട്ടത്തില്‍ പ്രവേശിക്കാന്‍ സാധിക്കൂ. ഉടന്‍ ജര്‍ത്രൂദ്, ക്ലേശങ്ങള്‍ സഹിച്ചും കുമ്പസാരം പൂര്‍ത്തിയാക്കി. അപ്പോള്‍ത്തന്നെ അവള്‍ അവര്‍ണനീയമായ സ്വര്‍ഗീയ സ്‌നേഹത്തിലും ആനന്ദത്തിലും നിമഗ്നയായിക്കഴിഞ്ഞിരുന്നു.
കുമ്പസാരമെന്ന കൂദാശ സ്‌നേഹപൂര്‍ണമായ അനുതാപത്തോടെ സ്വീകരിക്കുന്നവര്‍ക്ക് ദൈവം ഒരുക്കിയിരിക്കുന്ന ആത്മീയ കൃപകളുടെയും ദൈവിക ആനന്ദത്തിന്റെയും സമൃദ്ധിയാണ് ആ പൂന്തോട്ടം. അതിനാല്‍ ക്ലേശങ്ങള്‍ സഹിച്ചും കുമ്പസാരിച്ചാല്‍ നാം അധികം വിശുദ്ധി പ്രാപിക്കുകയും ദൈവിക കൃപകളുടെയും ആനന്ദത്തിന്റെയും സമൃദ്ധിയിലേക്ക് പ്രവേശിക്കുകയും ചെയ്യും എന്ന് ഈശോ ജെര്‍ത്രൂദിലൂടെ വ്യക്തമാക്കുകയാണ്. അത് സംഭവിക്കുന്നത്, ഈശോയില്‍ പൂര്‍ണമായും ആശ്രയിച്ച് കുമ്പസാരത്തിനണയുമ്പോഴാണ് താനും. ”ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല” (യോഹന്നാന്‍ 13:8) എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ.
12-ാം പിയൂസ് പാപ്പായുടെ മിസ്റ്റിക്കല്‍ ബോഡി ഓഫ് ക്രൈസ്റ്റ് എന്ന ചാക്രികലേഖനം പഠിപ്പിക്കുന്നു: 1. കൂടെക്കൂടെയുള്ള കുമ്പസാരം അനുദിനം നമ്മെ പുണ്യത്തില്‍ വളര്‍ത്തും, പാപത്തില്‍നിന്നും തിന്മയില്‍നിന്നും സംരക്ഷിക്കും. 2. എളിമയും ആനന്ദവും ആത്മനിയന്ത്രണവും ആത്മവിശ്വാസവും വര്‍ധിപ്പിക്കും. 3. ദുശീലങ്ങള്‍ പിഴുതെറിയപ്പെടുകയും അലസതയും മന്ദോഷ്ണതയും നീക്കപ്പെടുകയും ചെയ്യും. 4. ദൈവിക പ്രവൃത്തികളും ശക്തിയും നമ്മില്‍ കൂടുതല്‍ പ്രകടമാകും.
കുമ്പസാരമെന്ന കൂദാശയിലൂടെ നമുക്ക് സംലഭ്യമാകുന്ന കൃപകള്‍ അസംഖ്യവും മനുഷ്യന് അഗ്രാഹ്യവുമാണ്. അതുകൊണ്ടാണ് വിശുദ്ധാത്മാക്കള്‍ ദിനവും വിശുദ്ധ കുമ്പസാരം നടത്തിയിരുന്നത്. അത് അവരെ സ്വര്‍ഗത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചുകൊണ്ടിരുന്നു. നമുക്കും അവരെ അനുകരിക്കുന്നവരാകാം.
കര്‍ത്താവേ, സ്‌നേഹത്തോടും അനുതാപത്തോടെയും അനുരഞ്ജനകൂദാശ കൂടെക്കൂടെ സ്വീകരിച്ച് അനന്തമായ കൃപകള്‍ സ്വന്തമാക്കാന്‍ എന്നെ സഹായിക്കണമേ, ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *