ധൂര്ത്തപുത്രന് പിതാവിനരികിലേക്ക് പോയത് അവന്റെ ചുമതല നല്കപ്പെട്ടിരുന്ന പിശാചിന് വലിയ നാണക്കേടുണ്ടാക്കി. അതിനാല്‍ അവന് തന്റെ തലവന്റെയടുത്തെത്തി അപേക്ഷിച്ചു, ”എനിക്ക് രണ്ടാമതൊരു അവസരം തരണം.”
പിശാചുക്കളുടെ തലവന്‍ ഈ അപേക്ഷ അനുവദിച്ചു. അതോടെ ഈ പിശാച് വീണ്ടും ഭൂമിയിലേക്ക് യാത്രയായി. ഭാവിയെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങള്‍ നല്കിയാണല്ലോ മുമ്പ് പിതാവില്‍നിന്നും മകനെ അകറ്റിയത്. ഇത്തവണ അനുതാപത്തിന്റെ മറവില്‍ അവനെ പിടികൂടാം. ”ഇത്ര നല്ല പിതാവിനെ ഉപദ്രവിച്ചിട്ട് വീണ്ടും അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാന്‍ നിനക്ക് ലജ്ജയില്ലേ? നീ ചെയ്തുകൂട്ടിയ ഹീനകൃത്യങ്ങള്‍ എത്രയധികമാണ്… ചിന്തിക്കുമ്പോള്‍ അറപ്പ് തോന്നുന്നില്ലേ?”
ഈ സ്വരം കേട്ട മകന് തന്റെ കഴിഞ്ഞ കാല പാപങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിച്ചു. അതേപ്പറ്റി ഓര്‍ക്കാനും എന്തോ രസമുള്ളതുപോലെ… പ്രലോഭനത്തില്‍ സമനില തെറ്റുമെന്ന് തോന്നിയപ്പോള്‍ അവന് ചിന്തിച്ചു, ‘പണ്ട് പിതാവിനോട് ഒന്നാലോചിക്കാന്പോലും നില്‍ക്കാതെയല്ലേ ഇറങ്ങിപ്പുറപ്പെട്ടത്. ഇത്തവണ എന്റെ മാനസികാവസ്ഥ പിതാവിനോട് തുറന്നു പറയാം.’
അങ്ങനെ പിതാവിനടുത്തെത്തി കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ പിതാവ് മകനെ ധൈര്യപ്പെടുത്തി, ”മകനേ, ഇത് ആദ്യത്തേതിനെക്കാള്‍ വലിയ പ്രലോഭനമാണ്. അനുതാപത്തിന്റെ മധുരം പുരട്ടിയ പ്രലോഭനത്തിന്റെ വിഷമാണിത്. നിന്നില്‍ ആത്മനിന്ദ ഉണര്‍ത്തി പിതാവിന്റെ കരുണയും സ്നേഹവും മറക്കാന്‍ നിന്നെ പ്രേരിപ്പിക്കുകയാണ് പിശാച്. അങ്ങനെ നിന്നെ ഇവിടെനിന്ന് അകറ്റാനാണ് അവന്റെ ശ്രമം. എന്നാല്‍ നീ നിന്റെ അന്തസിന് ചേര്‍ന്ന വിധം ജീവിക്കുക. നീ അനുതപിച്ച് ഏറ്റുപറഞ്ഞ പാപമോര്‍ത്ത് ഇനിയും അനുതപിക്കേണ്ടതില്ല.”
മകന് എളിമയോടെ പിതാവിന്റെ വാക്കുകള്‍ അനുസരിച്ചു. പിശാച് വീണ്ടും ലജ്ജിതനായി.