സ്വപ്നങ്ങള്‍ അവിടുന്ന് തിരികെ തരും!

ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറാത്ത അനുഭവം ഇല്ലാത്തവര്‍ ആരുണ്ട്? ആഗ്രഹിച്ചത് സംഭവിച്ചില്ലെന്ന് മാത്രമല്ല ആഗ്രഹിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. തകര്‍ന്നുവീണ സ്വപ്നകൊട്ടാരത്തിന്റെ മുമ്പില്‍ പലപ്പോഴും നമ്മള്‍ തളര്‍ന്നിരുന്നിട്ടുണ്ട്. മുന്നോട്ട് പോകുവാന്‍ ഒരു വഴിയും കാണാത്ത അവസ്ഥ. വഴി പൂര്‍ണമായും അടഞ്ഞിരിക്കുന്നു. ഇനി എങ്ങനെയെങ്കിലും ജീവിതം തള്ളിനീക്കുകയേ വഴിയുള്ളൂ എന്ന് നിരാശപ്പെടുന്ന നിമിഷങ്ങള്‍. സഹായിക്കുവാന്‍ ആരുമില്ല. അല്ലെങ്കില്‍ത്തന്നെ മാനുഷികമായ ഒരു സഹായംകൊണ്ട് രക്ഷപ്പെടുന്ന ഒരു സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ദൈവം വിജയം നേടുന്നവന്റെ ദൈവം മാത്രമല്ല, പരാജയപ്പെട്ടവന്റെയും ദൈവമാണ്.
ഇതിന് നല്ലൊരു ഉദാഹരണം മോശയുടെ ജീവിതമാണ്. തികച്ചും നിസ്വാര്‍ത്ഥനായ ഒരു വ്യക്തിയായിരുന്നു മോശ. അദ്ദേഹം സ്വപ്നങ്ങള്‍ നെയ്തത് തനിക്കുവേണ്ടിയല്ല തന്റെ ജനത്തിനുവേണ്ടിയാണ്. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്‍ക്കാരുടെ വിമോചനം അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ അത് ഒരു വിപ്ലവമാര്‍ഗത്തിലൂടെ, അക്രമമാര്‍ഗത്തിലൂടെ നേടിയെടുക്കാമെന്ന് അദ്ദേഹം വ്യാമോഹിച്ചു. ഒരു ഈജിപ്തുകാരന്‍ ഒരു ഹെബ്രായനെ പ്രഹരിക്കുന്നത് കണ്ടപ്പോള്‍ മോശയുടെ രക്തം തിളച്ചു. ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവു ചെയ്തു. അദ്ദേഹം രഹസ്യമായി ചെയ്ത ഇക്കാര്യം പരസ്യമായി, അത് ഫറവോയുടെ ചെവിയില്‍ എത്തി. തന്റെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ മോശ നാട്ടില്‍നിന്ന് ഒളിച്ചോടി.
മിദിയാനിലെത്തിയ മോശ അവിടുത്തെ പുരോഹിതനായ ജത്രോയുടെ കുടുംബവുമായി പരിചയപ്പെടുവാന്‍ ഇടവരുന്നു. അദ്ദേഹത്തിന്റെ മകള്‍ സിപ്പോറയെ മോശ വിവാഹം ചെയ്തു. അമ്മായിയപ്പന്റെ ആടുകളെ മേയ്ക്കുക എന്നതാണ് മോശയുടെ ഇപ്പോഴത്തെ ജോലി. സ്വന്തം ജനതയുടെ വിമോചകന്‍ ആകുവാന്‍ ആഗ്രഹിച്ചിരുന്ന മോശയുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. ‘ഇനി ജീവിതകാലം മുഴുവനും ഞാന്‍ ഈ ആടുകളെ മേയ്ക്കുന്ന ജോലി ചെയ്യണം’, ആടുകളെ മേയ്ക്കുവാന്‍ വിട്ട് പല മരത്തണലുകളിലുമിരുന്ന് നിരാശയുടെ ഈ ചിന്തകള്‍ പേറി മോശ ദിവസങ്ങള്‍ തള്ളിനീക്കി.
എന്നാല്‍ എല്ലാം കാണുന്ന ദൈവം (എല്‍റോയ്) മോശയെയും കാണുന്നുണ്ടായിരുന്നു. ദൈവം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു പരാജയം അനുവദിക്കുന്നത്, അല്ലെങ്കില്‍ അയാള്‍ പോകുന്ന വഴി അടയ്ക്കുന്നത്, അയാളെ തകര്‍ക്കുവാന്‍വേണ്ടിയല്ല, പ്രത്യുത ദൈവികമാര്‍ഗത്തിലൂടെ അയാളെ വീണ്ടെടുത്ത് ഉപയോഗിക്കുവാന്‍വേണ്ടിയാണ്.
അതിനാല്‍ പോകുവാന്‍ ആഗ്രഹിച്ച വഴി അടഞ്ഞാല്‍പ്പോലും നിരാശപ്പെടേണ്ട ആവശ്യമില്ല. നിനക്കായി അനുഗ്രഹത്തിന്റെ മറ്റൊരു സുവര്‍ണപാത തുറക്കുവാന്‍ സാധിക്കുന്ന സര്‍വശക്തനായ ദൈവത്തിനുവേണ്ടി കാത്തിരിക്കുക. അവിടുന്ന് നിന്നെ അന്വേഷിച്ച് നിശ്ചയമായും കടന്നുവരും.
മോശയുടെ കാര്യത്തില്‍ അതുതന്നെ സംഭവിച്ചു. ഒരുനാള്‍ ദൈവം മോശയെ അന്വേഷിച്ചു കണ്ടെത്തി. ആടുകളെ മേയിച്ച് ഹോറെബ് മലയില്‍ മോശ എത്തി. ഹോറെബിന് ഒരു വിശേഷണം വിശുദ്ധ ഗ്രന്ഥം നല്കുന്നുണ്ട്. അത് ദൈവത്തിന്റെ മലയാണ്. നിന്റെ ജീവിതത്തില്‍ എത്ര വലിയ പരാജയം വന്നാലും നീ എപ്പോഴും ദൈവത്തോട് കൂടെയായിരിക്കണം എന്ന സന്ദേശം ഹോറെബ് നല്കുന്നുണ്ട്. മാത്രവുമല്ല ദൈവം നിന്നെ ആക്കിയിരിക്കുന്ന സാഹചര്യത്തില്‍നിന്ന് പിന്മാറരുത്. ആടുകളെ മേയ്ക്കുന്ന ജോലി മടുത്തു എന്ന് പറഞ്ഞ് മോശ ആ ജോലി ഉപേക്ഷിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ഹോറെബില്‍ എത്തുവാന്‍ സാധിക്കുകയില്ലായിരുന്നു.
ദൈവം മോശയെ തേടി വന്നത് മോശയുടെ നഷ്ടപ്പെട്ട സ്വപ്നം പുതിയ രൂപത്തില്‍ തിരിച്ചുനല്കുവാന്‍ വേണ്ടിയായിരുന്നു. ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ഇസ്രായേല്‍ക്കാരെ മോചിപ്പിക്കുവാനുള്ള ദൗത്യം അവിടുന്ന് മോശയ്ക്ക് നല്കുന്നു. ഇപ്രാവശ്യം സ്വന്തം സ്വപ്നങ്ങള്‍ തന്റേതായ വഴിയില്‍ നിറവേറ്റുന്ന ഒരു നേതാവല്ല മോശ. ദൈവത്തിന്റെ സ്വപ്നങ്ങള്‍ നിറവേറ്റുന്ന ഉന്നതനായ ഒരു നേതാവും പ്രവാചകനുമായി മോശ ഇവിടെ ഉയര്‍ത്തപ്പെടുന്നു.
ഇത് എന്റെയും ഒരു ജീവിതാനുഭവമാണ്. 1983-ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയപ്പോള്‍ എനിക്കൊരു സ്വപ്നമുണ്ടായിരുന്നു- ഒരു കോളജ് അധ്യാപകനാകുക. അതിനുള്ള അവസരം കൈയിലെത്തിയതായിരുന്നു. പക്ഷേ പോകുവാന്‍ സാധിച്ചില്ല, അല്ലെങ്കില്‍ ദൈവം അനുവദിച്ചില്ല. അങ്ങനെ സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ട് എനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്ന ബാങ്കിലെ ജോലി സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനായി. തകര്‍ന്ന ആഗ്രഹങ്ങളുമായി തള്ളിനീക്കിയ നാലു വര്‍ഷങ്ങള്‍. പക്ഷേ അവസാനം ഹോറെബില്‍ ഞാനും എത്തിച്ചേര്‍ന്നു. ദൈവം എന്നെയും തേടിവന്നു. അക്കാലത്ത് ബാങ്കില്‍ ജോലി ചെയ്തിരുന്ന ബ്രദര്‍ ബെന്നി പുന്നത്തറയുമായി പരിചയപ്പെടുവാന്‍ ഇടയായി. ദൈവജനത്തെ മോചിപ്പിക്കുന്ന ദൗത്യം ദൈവം ഏല്പിച്ച ശാലോമിന്റെ ശുശ്രൂഷകളില്‍ പങ്കുചേരുവാന്‍ ദൈവം ഇടവരുത്തി. ദൈവത്തിന്റെ വഴിയില്‍ ഞാന്‍ വന്നപ്പോള്‍ എന്റെ സ്വപ്നം ദൈവം തിരിച്ചുതന്നു, അതും ഉന്നതമായ രീതിയില്‍. ഉടന്‍തന്നെ ഗവണ്‍മെന്റ് കോളജില്‍ അധ്യാപകനായി എനിക്ക് നിയമന ഉത്തരവ് നല്കി. അതെ, വഴിനടത്തുന്ന ദൈവം ഇന്നും ജീവിക്കുന്നു, ഹല്ലേലുയ്യാ.
നമുക്ക് പ്രാര്‍ത്ഥിക്കാം: ദൈവമേ, എന്റെ സ്വപ്നങ്ങള്‍ തകരുമ്പോഴും അവിടുന്ന് എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്നുള്ള ചിന്ത എന്നെ പ്രത്യാശാഭരിതനാക്കട്ടെ. എന്നെയും അങ്ങയുടെ മലയില്‍ എത്തിക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കാത്തിരിപ്പിന്റെ സുവിശേഷം ഞാന്‍ പഠിക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.


കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *