നമ്മുടെ പ്രാര്‍ത്ഥന ദൈവത്തെ അലോസരപ്പെടുത്താറുണ്ടോ?

കുറച്ച് നാള്‍ മുമ്പ് ഞാന്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. ചേര്‍ന്നുകഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് അതൊരു മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പാണെന്ന്. ആകെ 65 അംഗങ്ങളേ അതില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ 350 പ്രാര്‍ത്ഥനാനിയോഗങ്ങളെങ്കിലും വന്നിട്ടുണ്ടാവും. ഈ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ കുറേ വായിച്ചപ്പോഴേ എന്റെ തല മരവിച്ചുപോയി, എന്തൊക്കെ പ്രശ്‌നങ്ങള്‍! പക്ഷേ ഞാന്‍ ചിന്തിച്ചത് പാവം ദൈവത്തെക്കുറിച്ചാണ്. ഭൂമിയിലുള്ള കോടാനുകോടി മനുഷ്യരുടെ ആവശ്യങ്ങള്‍ ദൈവത്തിന്റെ ചെവികളില്‍ ചെന്നെത്തുമ്പോള്‍ ദൈവം യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുകയാണോ അതോ ഇതെല്ലാംകൂടി അവിടുത്തെ അലോസരപ്പെടുത്തുന്നുണ്ടാവുമോ?
പെട്ടെന്ന് യേശു എന്റെ ഉള്ളില്‍ ഇങ്ങനെ മന്ത്രിച്ചു. ”ഞാന്‍ മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണപ്രശ്‌നങ്ങള്‍ അവന്റെതന്നെ സൃഷ്ടിയാണ് (സഭാപ്രസംഗകന്‍ 7:29).
നിന്റെ ഹൃദയത്തില്‍ വിശ്രമിക്കാന്‍ ഒരിടം എനിക്ക് തരുമോ? നിന്റെ ഹൃദയം എന്നോടുള്ള നന്ദിയും സ്തുതിപ്പും സ്‌നേഹവും കൊണ്ട് നിറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. പരാതികളും പരിഭവങ്ങളും നാളെയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും നിറഞ്ഞ, എന്നില്‍ ഒരു വിശ്വാസവുമില്ലാത്ത ഒരു ഹൃദയത്തില്‍ ഞാന്‍ എങ്ങനെ വസിക്കും? മാത്രമല്ല ഒരേ ആവശ്യങ്ങള്‍ എല്ലാ ദിവസവും പറഞ്ഞു ബോറടിപ്പിക്കുകയും ചെയ്യുന്നു. ദൈവപരിപാലനയില്‍ ആശ്രയിക്കുക, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി (മത്തായി 6 : 34).
ഞാന്‍ നിനക്ക് ആരാണ്? നീ എന്നെ നിന്റെ പിതാവ് ആയിട്ടാണ് സ്വീകരിക്കുന്നതെങ്കില്‍ നിന്റെ പിതാവിന്റെ സ്‌നേഹത്തില്‍ വിശ്വസിക്കുക, കരുണയില്‍ ശരണപ്പെടുക, നന്മയില്‍ പ്രത്യാശിക്കുക. എന്റെ പരിപാലനയില്‍ നീ വിശ്വസിക്കാത്തത് എന്തേ? നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു (മത്തായി 6 : 8).”
ഇക്കാര്യം ഒരു സുഹൃത്തിനോട് ഞാന്‍ പങ്കുവച്ചു. ‘കൃതജ്ഞതയും സ്തുതിയും നിറഞ്ഞ നിന്റെ ഹൃദയത്തില്‍ എനിക്ക് പ്രിയങ്കരമായ വാസസ്ഥാനം ഞാന്‍ കണ്ടെത്തിയിരിക്കുന്നു’ എന്ന് വിശുദ്ധ ജര്‍ത്രൂദിനോട് ഈശോ വെളിപ്പെടുത്തിയ കാര്യം ആ സുഹൃത്ത് എന്നോട് പറഞ്ഞു.
പിറ്റേന്ന് നിത്യാരാധന ചാപ്പലില്‍ പോയപ്പോള്‍ ഞാന്‍ ഈശോയോട് ചോദിച്ചു, ”അങ്ങേയ്ക്ക് സുഖമാണോ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? അങ്ങേയ്ക്ക് വേണ്ടി ഞാന്‍ ഇപ്പോള്‍ എന്താണ് ചെയ്യേണ്ടത്?”
യേശു പറഞ്ഞു, ”സാധാരണ മനുഷ്യര്‍ വിചാരിക്കുന്നത് അവര്‍ക്ക് എന്നെക്കൊണ്ട് ആവശ്യമുണ്ടെന്നാണ്. പക്ഷേ എനിക്ക് അവരെക്കൊണ്ട് ആവശ്യമുണ്ടെന്നുള്ള കാര്യം ആരും ചിന്തിക്കുന്നില്ല. മരണാസന്നരുടെയും ശുദ്ധീകരണാത്മാക്കളുടെയും രക്ഷയ്ക്ക്, കഠിന പാപികളുടെ മാനസാന്തരത്തിന,് എനിക്ക് നിന്റെ പ്രാര്‍ത്ഥന വളരെ ആവശ്യമുണ്ട്.”
അപ്പോള്‍ ഞാന്‍ എവിടെയോ വായിച്ച ഒരു സംഭവം മനസിലേയ്ക്ക് വന്നു. അത് ഇങ്ങനെയാണ്, ഒരു സിസ്റ്റര്‍ തന്റെ കുടുംബത്തിലെ പ്രശ്‌നത്തെ ഓര്‍ത്ത് കരഞ്ഞ് പ്രാര്‍ത്ഥിക്കുകയായിരുന്നു. അപ്പോള്‍ യേശു ആ സിസ്റ്ററിനോട് പറഞ്ഞുവത്രേ ‘ആദ്യം നീ എന്റെ കാര്യം നോക്ക്, അപ്പോള്‍ ഞാന്‍ നിന്റെ കാര്യവും നോക്കാം.’ ദൈവത്തിന്റെ ആഗ്രഹം നാം സാധിച്ചു കൊടുക്കുമ്പോള്‍ ദൈവം നമ്മുടെ ആഗ്രഹവും സാധിച്ചു തരും.
ഓരോ നിമിഷവും ദൈവത്തിന്റെ ഹിതമെന്താണെന്ന് അന്വേഷിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
യേശു വിശദീകരിച്ചു, ”ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാനായിട്ടുള്ളത് മറ്റുള്ളവരുടെ ആത്മരക്ഷയ്ക്ക്, മാനസാന്തരത്തിന്, വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ആദ്യം നീ നിന്നെത്തന്നെ വീശുദ്ധീകരിക്കുക. ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും (മത്തായി 7:5). അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു (യോഹന്നാന്‍ 17:19). കാരണം വിശുദ്ധിയുള്ള ആത്മാവിന്റെ പ്രാര്‍ത്ഥനയ്ക്കും സഹനങ്ങള്‍ക്കും പാപിയുടേതിനെക്കാള്‍ ഏറെ മൂല്യമുണ്ട്.”
പ്രാര്‍ത്ഥന
പിതാവേ, വിശുദ്ധസ്വര്‍ഗ്ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്ത് വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസിലാക്കട്ടെ! (ജ്ഞാനം 9:10) അങ്ങേ പ്രിയപുത്രനായ യേശുവിനെപ്പോലെ ഞങ്ങള്‍ അങ്ങയുടെ ഹിതത്തെ എപ്പോഴും അന്വേഷിക്കുന്നവരും അത് അനുവര്‍ത്തിക്കുന്നവരും ആയിത്തീരട്ടെ. അങ്ങനെ അങ്ങയെ എല്ലായ്‌പ്പോഴും പ്രസാദിപ്പിക്കുക എന്നതായിരിക്കട്ടെ ഞങ്ങളുടെ ലക്ഷ്യം, ആമ്മേന്‍.


Notice: compact(): Undefined variable: limits in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Notice: compact(): Undefined variable: groupby in /home/timesorg/public_html/wp-includes/class-wp-comment-query.php on line 853

Leave a Reply

Your email address will not be published. Required fields are marked *